കുമ്പസാരം ക്രൈസ്തവ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകം; ദേശീയ വനിതാ കമ്മീഷന്‍ ക്രിസ്തീയ സഭകളെ അവഹേളിച്ചു: സൂസൈപാക്യം

തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷന്‍ രേഖാ ശര്‍മയുടെ പ്രസ്താവന ദുരൂഹമാണെന്ന് കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച്‌ ബിഷപ്പ് സൂസൈപാക്യം ആരോപിച്ചു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നതിന് വേണ്ടിയാണോ ഇത്തരം പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഭരണരംഗത്തുള്ളവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിക്കുന്ന കമ്മിഷന്റെ നടപടി ഭരണഘടനാ ലംഘനമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും സൂസൈപാക്യം വ്യക്തമാക്കി.

ക്രിസ്തീയ സഭയെ അവഹേളിക്കുന്ന നിലപാടാണ് ദേശീയ വനിതാ കമ്മീഷന്റേത്. ഇനിയും തെളിക്കപ്പെട്ടിട്ടില്ലാത്ത ഒരു സംഭവത്തില്‍ വേണ്ടത്ര അന്വഷണമില്ലാതെയാണ് കമീഷന്‍ ശുപാര്‍ശ നടത്തിയത്. കമ്മീഷന്‍ അധികാര പരിധി ലംഘിക്കുകയാണുണ്ടായത്. പ്രസ്താവന ക്രിസ്തീയ വിശ്വാസത്തെ സംശയത്തിന്റെ നിഴലിലാക്കി. മത വിഭാഗങ്ങള്‍ക്ക് അവരവരുടെ വിശ്വാസം അനുഷ്ഠിക്കാന്‍ സ്വതന്ത്ര്യമുണ്ട്. ആരും ആരെയും നിര്‍ബന്ധിക്കാറില്ല. ഭരണഘടന പൗരന് അനുവദിക്കുന്ന ഈ അവകാശത്തിന്റെ ലംഘനമാണ് കമ്മീഷന്റേതെന്നും അദ്ദേഹം ആരോപിച്ചു.

കുമ്പസാരം തെറ്റുകള്‍ക്കുള്ള മനശാസ്ത്ര പരിഹാരമാണ്. ജീവന് ബലി കഴിച്ചും മരണം വരെ കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവരാണ് പുരോഹിതന്‍മാര്‍. എന്നാല്‍ മനുഷ്യരുടെ കൂട്ടമായ സഭയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്ന് താന്‍ സമ്മതിക്കുന്നു. സഭയെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദത്തില്‍ പുരോഹിതന്മാര്‍ തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തല്‍, ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുമ്പസാരം നിരോധിക്കണമെന്നത് സര്‍ക്കാരിന്റെ നിലപാടല്ലെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്‌താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കുമ്പസാരം എന്ന കൂദാശ നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിര്‍ദേശം വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കാനുളള നീക്കമായേ കാണാനാകൂവെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. ഒരു വ്യക്തി ചില വൈദികരുടെമേല്‍ ഉന്നയിച്ചിട്ടുളള ‘കുമ്പസാരം ദുരുപയോഗപ്പെടുത്തി’ എന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും തന്നെയാണു സഭയുടെ ആദ്യം മുതലുളള നിലപാട്. അതിന്റെ പേരില്‍ പുരോഹിതരെ ഒന്നടങ്കം ആക്ഷേപിക്കുന്നതു ശരിയല്ല. ലക്ഷക്കണക്കിനു വിശ്വാസികള്‍ക്ക് ആശ്വാസപ്രദമാണെന്നു തെളിഞ്ഞിട്ടുളള മതാനുഷ്ഠാനം നിരോധിക്കണമെന്ന് വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ