തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥരുടെ നടപടി കാരണം എനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല; പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് എംഎല്‍എ യു. പ്രതിഭ

ആലപ്പുഴ: മണ്ഡലത്തിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കാന്‍ കഴിയാത്ത വിഷമം പങ്കുവച്ച് കായംകുളം എംഎല്‍എ യു പ്രതിഭ പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞു. ശുഭയാത്രയെന്ന പേരില്‍ സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ പരിപാടിയിയുടെ സമാപസമ്മേളനത്തില്‍ സംബന്ധിക്കുന്ന വേളയിലാണ് എംഎല്‍എ പ്രസംഗവേദിയില്‍ കരഞ്ഞത്.

റോഡപകടങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഭരണപക്ഷ എംഎല്‍എയായ തനിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥരുടെ നടപടിയാണ് റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം. ഇതു പറഞ്ഞാണ് എംഎല്‍എ പ്രസംഗവേദിയില്‍ പൊട്ടിക്കരഞ്ഞത്.

മഴകാലമായതോടെ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും റോഡുകളുടെ തകര്‍ച്ചയുണ്ടായിട്ടുണ്ട്. നേരത്തെ ആലപ്പുഴ ചങ്ങനാശേരി റോഡിലെ യാത്രയില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ റോഡിലെ 2200 കുഴികളാണ് 28 കിലോ മീറ്ററിനിടെ മന്ത്രി എണ്ണിയിരുന്നു. ഇതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ മന്ത്രി സസ്‌പെന്‍ഡ് ചെയ്തു. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അനിതകുമാരിയെയാണ് മന്ത്രി സസ്‌പെന്‍ഡ് ചെയതത്.

ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെ പ്രദേശിക വികസന ഓഫീസ് ഉദ്ഘാടനത്തിന് വേണ്ടിയാണ് മന്ത്രി ജി സുധാകരന്‍ ആലപ്പുഴയില്‍ എത്തിയത്. മന്ത്രിയുടെ യാത്ര ചങ്ങനാശേരി ആലപ്പുഴ റോഡിലൂടെയായിരുന്നു. ഇവിടെ ആകെ 2200 കുഴികളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതേ തുടര്‍ന്ന് മന്ത്രി വൈകാതെ തന്നെ എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ സസ്‌പെന്‍ഡ് ചെയുകയായിരുന്നു.

പലകുറി ആവശ്യപ്പെട്ടിട്ടും അറ്റകുറ്റപണി നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ മനസുകാണിച്ചില്ലെന്ന ആക്ഷേപമുണ്ട്. ഇത് പറയുന്നതിനായി മന്ത്രിയുടെ ഓഫീസില്‍ നിന്ന് പലപ്രവാശ്യം എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ ഫോണില്‍ വിളിച്ചിരുന്നു. പക്ഷേ എഞ്ചിനിയര്‍ ഫോണെടുക്കുകയോ തിരികെ വിളിക്കുകയോ ചെയ്തിട്ടില്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന് കെഎസ്ടിപി റോഡ് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന് മന്ത്രി ആരോപിച്ചു. അറ്റകുറ്റ പണി വേഗം പൂര്‍ത്തിയാക്കാത്ത പക്ഷം കൂടുതല്‍ ഉദ്യേഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. സൂപ്രണ്ടിങ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ തുടങ്ങിയവരോട് മന്ത്രി വിശദീകരണം ചോദിച്ചിരുന്നു.