കരുണാനിധി നിരീക്ഷണത്തില്‍; പിരിഞ്ഞു പോകണമെന്നുമുള്ള ഡിഎംകെ നേതാക്കളുടെ അഭ്യര്‍ഥന അവഗണിച്ച് ആയിരക്കണക്കിനാളുകള്‍ ആശുപത്രി പരിസരത്ത് തുടരുന്നു

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി നിരീക്ഷണത്തില്‍ തുടരുന്നു. കലൈജ്ഞരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും എല്ലാവരും പിരിഞ്ഞു പോകണമെന്നുമുള്ള ഡിഎംകെ നേതാക്കളുടെ അഭ്യര്‍ഥന അവഗണിച്ച് ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും ആശുപത്രി പരിസരത്തു തുടരുകയാണ്. വന്‍ പൊലീസ് സംഘവും സ്ഥലത്തുണ്ട്. കാവേരി ആശുപത്രിയിലും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ചെന്നൈയിലേക്കെത്തി.

രാത്രി 10.15 നു മുന്‍ കേന്ദ്ര മന്ത്രി രാജ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി മെഡിക്കല്‍ ബുള്ളറ്റിനിലെ ഹ്രസ്വവിവരങ്ങള്‍ അതേപടി ആവര്‍ത്തിച്ചുവെങ്കിലും കൂടുതല്‍ പ്രതികരണങ്ങള്‍ ഒഴിവാക്കി. രാത്രി ഏഴരയോടെ കരുണാനിധിയുടെ സ്ഥിതി വഷളായതിനു പിന്നാലെയായിരുന്നു ഇത്.  തുടര്‍ന്നു കുടുംബാംഗങ്ങളും മുതിര്‍ന്ന നേതാക്കളും ആശുപത്രിയിലേക്കു പാഞ്ഞെത്തി. അതോടെ, അഭ്യൂഹങ്ങളും ശക്തമായി. കൂടുതല്‍ പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടി. രാത്രി 9.50 നു മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ സ്ഥിതി വഷളായെങ്കിലും പിന്നീടു മെച്ചപ്പെട്ടുവെന്നായിരുന്നു ബുള്ളറ്റിന്‍.  ബഹളം തുടര്‍ന്ന പ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ രാജ വാഹനത്തിനു മുകളില്‍ കയറി നിന്നു മൈക്കിലൂടെ അഭ്യര്‍ഥന നടത്തിയെങ്കിലും ഫലിച്ചില്ല. നേതാക്കളുടെ വാക്കുകള്‍ പാഴായതോടെ അതുവരെ നിയന്ത്രണം പാലിച്ച പൊലീസ് ലാത്തി വീശുകയായിരുന്നു. കരുണാനിധിയുടെ കുടുംബാംഗങ്ങള്‍ പുറത്തേക്കു വരുമ്പോള്‍ തിങ്ങിക്കൂടിയ ജനക്കൂട്ടം കാരണം വാഹനങ്ങള്‍ക്കു പോകാന്‍ സാധിച്ചില്ല. തുടര്‍ന്നാണു പൊലീസ് ഇടപെട്ടത്. പിന്നീട് സ്ഥിതിഗതികള്‍ ശാന്തമായി.

സംസ്ഥാനവ്യാപകമായി ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലൈജ്ഞര്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്നതിനാല്‍ അണികളുടെ വികാരപ്രകടനങ്ങള്‍ അതിരുവിടാതെ കാക്കുകയെന്ന ദുഷ്‌കര ദൗത്യമാണു പൊലീസിനു മുന്നിലുള്ളത്. അവധികള്‍ റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണു സ്ഥിരീകരിക്കാത്ത വിവരം.

അതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും കരുണാനിധിയെ തീവ്രപരിചരണ വിഭാഗത്തില്‍ സന്ദര്‍ശിക്കുന്ന ചിത്രം പുറത്തുവന്നു. കരുണാനിധിയുടെ ആരോഗ്യ നില തൃപ്തികരമെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ഡിഎംകെ നേതാക്കള്‍ അറിയിച്ചു.

കാവേരി ആശുപത്രിയിലും പരിസരത്തുമായി രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണു വിന്യസിച്ചിട്ടുള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചെ രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു നീക്കിയപ്പോള്‍ മുതല്‍ നൂറു കണക്കിനു ഡിഎംകെ പ്രവര്‍ത്തകരാണ് അവിടേക്കു പ്രവഹിക്കുന്നത്. ഞായര്‍ അവധി ദിനം കൂടിയായതോടെ പ്രവര്‍ത്തകപ്രവാഹം അനുനിമിഷം വര്‍ധിച്ചു. പതിനായിരത്തോളം പ്രവര്‍ത്തകരെങ്കിലും മേഖലയില്‍ തടിച്ചുകൂടിയിട്ടുണ്ടെന്നാണു വിലയിരുത്തല്‍. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ ശനിയാഴ്ച കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു.