അമ്മക്കെതിരെ നീങ്ങുന്ന വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നടിമാരുടെ നേതൃത്വത്തില്‍ പ്രതിരോധം

കൊച്ചി: താരസംഘടന അമ്മക്കെതിരെ നീങ്ങുന്ന വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നടിമാരുടെ നേതൃത്വത്തില്‍ തന്നെ ‘പ്രതിരോധമുയരുന്നു’

ഡബ്ല്യൂ.സി.സി അംഗങ്ങളുമായുള്ള വ്യക്തിപരമായ അടുപ്പം പോലും ഭൂരിപക്ഷ നടിമാരും ഇതിനകം തന്നെ ഉപേക്ഷിച്ചു കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം.

മോഹന്‍ലാലിനെതിരായ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകര്‍ ഉള്‍പ്പെടെ ഉള്ളവരുടെ സിനിമകളുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണവര്‍.

നേരത്തെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരും അമ്മക്ക് പുറമെയുള്ള മറ്റു സിനിമാ സംഘടനകളും താര സംഘടനയെ എതിര്‍ക്കുന്നവരുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

WhatsApp Image 2018-07-29 at 9.37.15 PM

പരസ്യമായ വിലക്ക് ഏര്‍പ്പെടുത്താതെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം.

മേലില്‍ അമ്മയില്‍ അംഗങ്ങളായവര്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തരുതെന്നും, മാധ്യമങ്ങളില്‍ ചുമതലപ്പെടുത്തുന്നവര്‍ പ്രതിനിധീകരിച്ചാല്‍ മതിയെന്നും സംഘടന ഇപ്പോള്‍ തീരുമാനമെടുത്തിട്ടുണ്ട്.

ഫലത്തില്‍ താരസംഘടനയില്‍ നിന്നും രേഖാമൂലം രാജിവച്ച രണ്ട് നടിമാര്‍ക്കൊഴികെ ഡബ്യൂ. സി.സിയില്‍ നിന്നും മറ്റാര്‍ക്കും ഇനി പരസ്യ പ്രതികരണം നടത്താന്‍ കഴിയില്ല. ഇവരെ പിന്തുണക്കുന്ന ചില യുവ നടന്‍മാരും വെട്ടിലാകും. ഇനി വിലക്ക് മറികടന്ന് പ്രതികരിച്ചാല്‍ സംഘടനയില്‍ നിന്നു തന്നെ പുറത്താകും.

അമ്മ നടപടി എടുത്തവരെയും രാജിവച്ചവരെയും ഉള്‍പ്പെടുത്തി സിനിമ നിര്‍മ്മിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ ഈ സിനിമകളില്‍ മറ്റു താരങ്ങള്‍ അഭിനയിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ ആവശ്യപ്പെട്ട പ്രകാരം അമ്മ ഭാരവാഹികള്‍ ഇവരുമായി ചര്‍ച്ച നടത്തുമെങ്കിലും എക്‌സിക്യുട്ടീവിലും ജനറല്‍ ബോഡിയിലും ഭൂരിപക്ഷവും ദിലീപിനെ പിന്തുണക്കുന്നവര്‍ ആയതിനാല്‍ തീരുമാനത്തില്‍ മാറ്റം ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. അടുത്ത മാസം ഏഴിനാണ് യോഗം.

എക്‌സിക്യുട്ടീവിലെ വനിതാ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും പരാതിക്കാര്‍ മറുപടി പറയേണ്ടി വരും. ശ്വേത മേനോന്‍, രചനാ നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാണ് എക്‌സിക്യുട്ടീവിലെ വനിതാ പ്രതിനിധികള്‍.

WhatsApp Image 2018-07-29 at 9.37.14 PM

ജനറല്‍ ബോഡി ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് തിരുത്തണമെങ്കില്‍ വീണ്ടും ജനറല്‍ ബോഡി തന്നെ വിളിച്ചു ചേര്‍ക്കേണ്ടതുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ചേരുന്ന ജനറല്‍ ബോഡി ഉടനെ തന്നെ വിളിച്ചു ചേര്‍ക്കല്‍ പ്രയാസകരവുമാണ്. ലാലിനെതിരായ നീക്കം വന്നതോടെ വലിയ കലിപ്പിലായ താരങ്ങള്‍ ഡബ്ല്യൂ.സി.സിക്കെതിരെ ശക്തമായ നിലപാടുമായി ഇപ്പോള്‍ ഒറ്റക്കെട്ടാണ്.

അതേസമയം നിരപരാധിത്വം തെളിയും വരെ താന്‍ സംഘടനയുടെ ഭാഗമാകില്ലെന്ന ദിലീപിന്റെ നിലപാടും യോഗം ചര്‍ച്ച ചെയ്യും.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര ഉള്‍പ്പെടെ ഉള്ളവരുടെ പിന്തുണ നേടാന്‍ വനിതാ സിനിമാ സംഘടനാ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നതായ വിവരവും ‘അമ്മ’ ഭാരവാഹികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ നയന്‍സ് തുടക്കത്തില്‍ തന്നെ വനിതാ സിനിമാ സംഘടനയ്‌ക്കെതിരായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നതത്രെ.

കര്‍ണ്ണാടകയിലെ ചില സിനിമാ പ്രവര്‍ത്തകര്‍ ‘അമ്മ’ക്ക് എതിരെ സ്വീകരിച്ച നിലപാടിനാകട്ടെ കന്നടക്കാരനായ നടന്‍ പ്രകാശ് രാജിന്റെ നിലപാടും തിരിച്ചടിയായി.

മോഹന്‍ലാലിനെ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ താന്‍ ഒപ്പിട്ടിട്ടില്ലെന്നും ‘അമ്മക്കും’ ലാലിനും എതിരല്ല താനുമെന്നാണ് പ്രകാശ് രാജ് തുറന്നടിച്ചിരുന്നത്.

തമിഴ്, തെലുങ്ക്, ബോളിവുഡ് താരങ്ങള്‍ക്കിടയിലും അമ്മക്ക് അനുകൂലമാണ് ഇപ്പോള്‍ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ