സി.പി.എം എം.എല്‍.എ പ്രതിഭാഹരിക്ക് പാര്‍ട്ടി പരിപാടികളില്‍ അപ്രഖ്യാപിത വിലക്ക് 

 

സി.പി.എം വിഭാഗീയതയ്ക്ക് ഒരു ഇര കൂടി

വ്യക്തി ഹത്യ നടത്തി ഒതുക്കാന്‍ ശ്രമം

ജില്ലയിലെ ഒരു ഉന്നത നേതാവ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പ്രതിഭയുടെ വാക്കാല്‍ പരാതി 

കായംകുളത്തെ ശീതസമരം ഒരു പൊട്ടിത്തെറിയിലേക്ക് 

-എസ്. ശ്രീജിത്ത്-

ആലപ്പുഴ മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന യു.പ്രതിഭാഹരി അപ്രതീക്ഷിതമായാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ കായകുളത്ത് മത്സരിക്കാനെത്തിയത്. ജില്ലയിലെ ഒരു മുതിര്‍ന്ന നേതാവിന്റെ പിന്തുണയോടെയായിരുന്നു രംഗപ്രവേശം. പാര്‍ട്ടി ഒപ്പം നിന്നപ്പോള്‍ പ്രതിഭാഹരി അനായാസം വിജയിച്ചു കയറുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ എം.എല്‍.എക്കെതിരെ മുറുമുറുപ്പ് തുടങ്ങിയത്. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്യുന്നില്ല എന്നാണ് പ്രധാന പരാതി. പാര്‍ട്ടി കമ്മറ്റികളില്‍ പങ്കെടുക്കുന്നില്ല, ഫോണ്‍ എടുക്കുന്നില്ല എന്നിങ്ങനെ പോകുന്നു പ്രതിഭാഹരിക്കെതിരെയുളള പരാതികള്‍. ഇതോടെ പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ നിന്നും സ്ഥലം എംഎല്‍എയെ ഒഴിവാക്കാന്‍ തുടങ്ങി.

ജില്ലയിലെ പ്രമുഖ വനിതാ നേതാവിനെ വെട്ടിനിരത്താനാണ് പ്രതിഭയെ കായംകുളത്ത് കൊണ്ടുവന്നത്. സീറ്റ് ലഭിക്കാന്‍ സഹായിച്ച മുതിര്‍ന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് തന്നെ ഇപ്പോള്‍ ശത്രുപക്ഷത്തായതും പ്രതിഭാഹരിക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ നേതാവ് തന്നെ മാനസികമായ പീഡിപ്പിക്കുന്നു എന്ന് കാട്ടി എംഎല്‍എ ജില്ലാകമ്മറ്റിക്ക് വാക്കാല്‍ പരാതി നല്‍കിയെന്നും സൂചനയുണ്ട്. കായംകുളം എംഎല്‍എ ആയതോടെ തകഴി ഏര്യകമ്മറ്റിയില്‍ നിന്നും പുറത്തായ പ്രതിഭാഹരിയെ ഇതുവരെ കായകുളം ഏര്യകമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനം മാത്രമാണ് നല്‍കിയിട്ടുളളത്. കഴിഞ്ഞ ദിവസം കരീലകുളങ്ങര സ്പിന്നിങ്ങ് മില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എം.എം.അലിയാര്‍ക്ക് സംയുക്ത ട്രേഡ് യൂണിയന്‍ നല്‍കിയ സ്വീകരണത്തിലും എംഎല്‍എയെ ക്ഷണിച്ചില്ല. പൊതുമരാമത്ത് മന്തിയും ജില്ലാ സെക്രട്ടറിയും പങ്കെടുത്ത പരിപാടിയില്‍ നിന്നാണ് സ്ഥലം എംഎല്‍എയെ ഒഴിവാക്കിയത് എന്നത് ശ്രദ്ധേയമാണ്.

പുരുഷസുഹൃത്തുമായി കറങ്ങി നടക്കുന്നു, പൊതുപരിപാടികളില്‍ ലെഗിന്‍സ് ധരിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഒരു ദിനപത്രത്തില്‍ വന്നതിനു പിന്നാലെ ഇതിന് മറുപടി ഫെയ്ബുക്കിലൂടെ പ്രതിഭാഹരി നല്‍കിയിരുന്നു. ആരെയും പേരെടുത്തു പറയാതെയാണ് വിമര്‍ശനം. എന്നാല്‍ ഇത് ലക്ഷ്യം വയ്ക്കുന്നത് ജില്ലയിലെ ചില നേതാക്കളെ തന്നെയാണ്.

എന്നാല്‍ തന്റെ പ്രതികരണം ഒരു സ്ത്രീ എന്ന നിലയിലാണെന്നും സമൂഹത്തിലെ മുഴുവന്‍ സ്ത്രകള്‍ക്കു വേണ്ടിയാണ് ഇങ്ങനെ കുറിച്ചതെന്നും പ്രതിഭാഹരി എംഎല്‍എ ദി വൈഫൈ റിപ്പോട്ടറോട് പറഞ്ഞു. കായകുളത്ത് ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പ്രികരിക്കുന്നില്ല. പരിപാടികളില്‍നിന്ന് ഒഴിവാക്കുന്നതിനെകുറിച്ച് അറിയില്ലെന്നും എംഎല്‍എ പറഞ്ഞു.

ജനകീയ വിഷയങ്ങളിലെ ഇടപെടലിലും വികസനകാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും പ്രതിഭാഹരിയുടെ പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിപക്ഷവും ഒരു പോലെ അംഗീകരിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് അവസരം നല്‍കാത്തിലുളള അമര്‍ഷമാണ് ഇത്തരം പ്രതികരണങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തപെടുന്നത്. വരും ദിവസങ്ങളില്‍ ഈ ശീതസമരം പൊട്ടിതെറിയിലേക്ക് എത്തുമെന്ന് ഉറപ്പാണ്.

പ്രതിഭാഹരി എംഎല്‍എയുടെ ഫെസ്ബുക്ക് പോസ്റ്റ് :

പ്രതിഭാഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌
പ്രതിഭാഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഓര്‍ക്കുക വല്ലപ്പോഴും ‘…. ടോള്‍സ്റ്റോയിയുടെ ഒരു കഥയുടെ ശീര്‍ഷകം ഓര്‍ക്കുന്നു.. ‘god sees the truth, but wait.’ സ്ത്രീകളെ വേട്ടയാടാന്‍ ഇറങ്ങുന്നവരും കാണികളും ഒരേ പോലെ തന്നെ; രസമുണ്ട് പറഞ്ഞ് ചിരിക്കാന്‍, ആക്ഷേപിക്കാന്‍, സ്വഭാവഹത്യ നടത്താന്‍………. പൊതുരംഗത്തെ സ്ത്രീകളെ പറ്റി പ്രത്യേകിച്ചും .. അവര്‍ പൊതുവഴിയിലെ ചെണ്ട പോലെ….. ……… കൊട്ടി ആഘോഷിക്കുന്നതിന് മുന്‍പ് ഒന്നോര്‍ത്തോളൂ… കണ്ണുകള്‍ അടച്ച് … നിങ്ങളുടെ അമ്മയും, ഭാര്യയും ,സഹോദരിയും, സ്നേഹിതയുമൊക്കെ മനസ്സറിയാത്ത കാര്യത്തിന് തീവ്ര വേദനയില്‍ നെഞ്ചുപൊട്ടി നിങ്ങള്‍ കാണാതെയോ കണ്ടോ ഒരിക്കല്‍ കരഞ്ഞിട്ടുണ്ടാക്കും.; ഓര്‍മ്മയിലുണ്ടോ ആ രംഗം? സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല;രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓര്‍മ്മ വേണം; ഓര്‍ക്കുക വല്ലപ്പോഴും… കാമ കഴുതകള്‍ കരഞ്ഞുകൊണ്ട് ജീവിക്കും;അതൊരു ജന്തു വിധി… ചിലപ്പോള്‍, ഇതാവും വാര്‍ത്തക്കു പിന്നിലെ വാര്‍ത്ത.. ആ കരച്ചിലിനെ ചിലര്‍ കവിതയെന്നും കരുതും ………………. ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്‍മാര്‍ നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും;പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചര്‍ച്ചയാകുന്നതിന്റെ പൊരുള്‍ ഇത്ര മാത്രമെന്ന് ഓര്‍ക്കുക വല്ലപ്പോഴും……. തന്റേടമുള്ള പെണ്ണിന്റെ കൈ മുതല്‍ സംസ്‌ക്കാരവും പ്രതികരണ ശേഷിയുമാണ്. ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങള്‍ നീന്തി തളര്‍ന്ന വ രാ ണ് എന്റെ സ്നേഹിതര്‍.കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാര്‍………………..സൂരി നമ്പൂതിരിയുടെ കണ്ണുകള്‍ സ് ത്രീ യുടെ വസ്ത്രത്തില്‍ ഉടക്കി നില്‍ക്കും. അയയില്‍ കഴുകി വിരിക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല.,. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ?……………………….. ധീരന്‍ ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു… അനുനിമിഷം മരിക്കേണ്ടവര്‍ നമ്മള്‍ അല്ല …….. കണ്ണുനീരിന് രക്തത്തിന്റെ നിറം.,,,,,.. രക്തത്തിന്റെ രുചി……….:…….. ഓര്‍ക്കുക വല്ലപ്പോഴും….