പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ആലുവ: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട് 4.40നാണ് അന്ത്യം. കരളിന് അര്‍ബുദം ബാധിച്ച് ആലുവ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോ.ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഉമ്പായിയെ ചികിത്സിച്ചിരുന്നത്.

അബു ഇബ്രാഹിം എന്നാണ് ഉമ്പായിയുടെ യഥാര്‍ത്ഥ പേര്. 1988ലാണ് ഉമ്പായിയുടെ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറങ്ങിയത്. നാല് പതിറ്റാണ്ടായി ഗസല്‍ ഗാന രംഗത്ത് അവിസ്മരണീയ  സാന്നിധ്യമായിരുന്നു ഉമ്പായി.  ഇരുപതോളം ആല്‍ബങ്ങള്‍ ഉമ്പായി പുറത്തിറക്കിയിട്ടുണ്ട്.

മലയാള ഗസല്‍ ഗായകരില്‍ പ്രമുഖനാണ് പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ തനതായ ഗസല്‍ ഗാന ആലാപന ശൈലികൊണ്ട് ഉമ്പായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേര്‍ന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസല്‍ ഗാന ആല്‍ബമായിരുന്നു ‘അകലെ മൗനം പോലെ’. ഒഎന്‍വി കുറുപ്പിന്റെ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും ഉമ്പായി  സംഗീതം  നല്‍കിയിട്ടുണ്ട്.

പാടുക സൈഗാള്‍ പാടൂ, ഒരിക്കല്‍ നീ പറഞ്ഞു തുടങ്ങിയവ ഉമ്പായിയുടെ പ്രശസ്ത ഗസല്‍ ആല്‍ബങ്ങളാണ്. എം.ജയചന്ദ്രനോടൊത്ത് നോവല്‍ എന്ന സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

മട്ടാഞ്ചേരി പടിഞ്ഞാറെ വീട്ടില്‍ അബുവിന്റെ മകനായി ജനിച്ച ഉമ്പായി കുട്ടിക്കാലത്തുതന്നെ സംഗീതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തബലയും ഹാര്‍മോണിയവും പഠിച്ച ഉമ്പായി മുംബൈയില്‍ ഏഴ് വര്‍ഷത്തോളം ഉസ്താദ് മുജാവര്‍ അലിഖാന്റെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു. ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തില്‍ ഗസല്‍ ആലപിക്കാന്‍ എത്തിയ ഇബ്രാഹിമിനെ ജോണ്‍ എബ്രഹാമാണ് ഉമ്പായി ആക്കിയത്.

ഫോര്‍ട്ട് കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഉമ്പ എന്ന ഉമ്പായിയുടെ ജീവിതം വിഷാദാത്മക ഗസല്‍ പോലെ സമ്പന്നമാണ്.

തന്റെ ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ ഉമ്പായി പറഞ്ഞത്‌ ഇങ്ങനെയായിരുന്നു:

‘ കല്‍വത്തി സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുമ്പാള്‍ തബലയോടായിരുന്നു താല്‍പര്യം. എങ്ങനെയും ഒരു തബലിസ്റ്റാകാനായിരുന്നു മോഹം. സ്വന്തമായി ഒരു റേഡിയോ പാലും വീട്ടിലില്ലായിരുന്നു. സ്‌കൂള്‍ വിട്ടാല്‍ മട്ടാഞ്ചേരി സ്റ്റാര്‍ തിയറ്ററിനു മുന്നിലേക്കോടും, പാട്ടു കേള്‍ക്കാന്‍. ഏറ്റവും പുതിയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ റെക്കോര്‍ഡ് സ്റ്റാര്‍ തിയറ്ററില്‍വയ്ക്കുമായിരുന്നു. സിലാണ്‍ റേഡിയോയിലെ ‘ബിനാക്ക ഗീത് മാല’ കേള്‍ക്കാനായി പരീക്കുട്ടി ഇക്കയുടെ ചായക്കടയിലും ബാവക്കിന്റെ ബാര്‍ബര്‍ ഷാപ്പിലും പതിവായി പോകുമായിരുന്നു. ഇന്നും ആസ്വാദകര്‍ ഏതു ഗസല്‍ പാടാന്‍ ആവശ്യപ്പെട്ടാലും എനിക്കു പാടാനാകുന്നത് അന്ന് ഓര്‍മയില്‍ ആഴത്തില്‍ പതിഞ്ഞതുകൊണ്ടാണ് ‘. 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ