ശശി തരൂരിന് വിദേശത്ത് പോകാന്‍ അനുമതി; രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം

ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന് വിദേശത്ത് പോകുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതി നീക്കി. അമേരിക്ക, കാനഡ, ജര്‍മനി അടക്കം അഞ്ച് രാജ്യങ്ങളിലേക്ക് പോകുന്നതിനാണ് അനുമതി നല്‍കിയത്.

തരൂര്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കോടതി മുന്‍പാകെ ഹാജരായി ജാമ്യം എടുത്തിട്ടുണ്ടെന്നതും കണക്കിലെടുത്താണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതെന്ന് ജഡ്ജി സമര്‍ വിശാല്‍ പറഞ്ഞു. വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കാനും തരൂരിനോട് കോടതി നിര്‍ദേശിച്ചു. മടങ്ങിവന്ന ശേഷം ഈ തുക തരൂരിന് മടക്കി നല്‍കും. യാത്ര വിശദാംശങ്ങള്‍ കോടതിയേയും അന്വേഷണ ഉദ്യോഗസ്ഥനേയും അറിയിക്കണം. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.