‘മീശ’ നോവല്‍ നിരോധിക്കണമെന്നാണോ ഹര്‍ജിക്കാരന്റെ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ്; ‘മീശ’ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: എഴുത്തുകാരന്‍ എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളി രാധാകൃഷ്ണന്‍ വണെരിക്കലാണ് നോവല്‍ വിലക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മീശ നോവല്‍ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ഹര്‍ജിയെ കുറിച്ച് ഇന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പുസ്തകം നിരോധിക്കണമെന്നാണോ ഹര്‍ജിക്കാരന്റെ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു. ആര്‍ട്ടിക്കിള്‍ 32 പ്രകാരം പുസ്തകത്തിനെതിരെയുള്ള ഹര്‍ജിയാണെന്ന് രാധാകൃഷ്ണന് വേണ്ടി ഹാജരായ അഭിഭാഷക ഉഷാ നന്ദിനി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. തുടര്‍ന്ന് ഹര്‍ജി വിശദമായ വാദത്തിനായി നാളത്തേക്ക് മാറ്റുകയായിരുന്നു.

മീശ നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോപ്പികള്‍ പിടിച്ചെടുക്കാനും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത് തടയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്. സമൂഹത്തിന്റെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം സൃഷ്ടികള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കണമെന്നും ഹര്‍ജിയില്‍ അവശ്യപ്പെട്ടിട്ടുണ്ട്. ചാര്‍ളി ഹെബ്ദോയ്ക്ക് എതിരെ ഉയര്‍ന്നത് പോലുള്ള പ്രതിഷേധം ഇന്ത്യയില്‍ വിദൂര ഭാവിയില്‍ തന്നെ ഉണ്ടായേക്കാം എന്നും ഹര്‍ജിയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.