വണ്ണപ്പുറത്ത് കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവം; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാകുമെന്ന് പൊലീസ്

കോട്ടയം: തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹം വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്ന് പൊലീസ്. കൊല്ലപ്പെട്ട കൃഷ്ണന്‍കുട്ടി മന്ത്രവാദ ക്രിയകള്‍ നടത്തിയിരുവെന്നും ആഢംബര വാഹനങ്ങളില്‍ ചിലര്‍ ഇയാളെ കാണാന്‍ വരാറുണ്ടെന്നും നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് വണ്ണപ്പുറം മുതല്‍ കഞ്ഞിക്കുഴി വരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ക്യമാമറകള്‍ പൊലീസ് പരിശോധിച്ച് തുടങ്ങി. ബാങ്കുകളുടെയും കടകളുടെയും മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിക്കുന്നത്. ഒമ്പത് സ്ഥാപനങ്ങളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചതായും രണ്ട് ക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് അപേക്ഷ നല്‍കിയതായും പൊലീസ് വ്യക്തമാക്കി. ബാങ്കുകളിലെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് തിരുവനന്തപുരത്തെ പ്രധാന ഓഫിസില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട കൃഷ്ണന്റെ മകള്‍ ആര്‍ഷ ഞായറാഴ്ച രാത്രി 10.53 വരെ വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നു.രാത്രി സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചെന്ന് കോളെജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. അര്‍ധരാത്രിയോടെ കൊലപാതകം നടന്നിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സമയം റോഡിലൂടെ കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങളാണ് പ്രധാനമായും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പൂജയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണു കൊലപാതകത്തില്‍ കലാശിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസ്.

കൊലയാളികള്‍ കൊല്ലപ്പെട്ടവരുമായി അടുപ്പബന്ധമുളളവരാണെന്ന് പൊലീസ് വാദത്തിന് സാധ്യതയേറുന്നതായാണ് വിവരം. സാഹചര്യത്തെളിവുകളുടെയും നാട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം. വാതിലുകള്‍ തകര്‍ത്തിട്ടില്ലെന്നതു കൃഷ്ണനു പരിചയമുള്ളവരാണ് അക്രമികളെന്നു സൂചന നല്‍കുന്നു. വ്യക്തി വൈരാഗ്യമോ മന്ത്രവാദ കര്‍മങ്ങള്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യമോ മൂലമാണ് കൊലപാതകമെന്നാണു സംശയിക്കുന്നത്.

അടുത്ത കാലത്ത് പൂജ പരാജയപ്പെട്ടതിന്റെ പേരില്‍ പൊലീസില്‍ ചിലര്‍ പരാതി നല്‍കിയിരുന്നു. ബുധനാഴ്ച രാവിലെ നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയില്‍ വീടിന്റെ വാതില്‍ ചാരിയ നിലയിലായിരുന്നു. അകത്തു കടക്കാന്‍ ബലം പ്രയോഗിച്ചതായി സൂചനയില്ല. വീട്ടില്‍ സ്ഥിരമായി വന്നിരുന്നവര്‍ ആരെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന സാധ്യതയും പൊലീസ് പരിശോധിക്കും.കാനാട്ട് വീട്ടില്‍ പൂജകള്‍ക്കായി ഒട്ടേറെപ്പേര്‍ വരിക പതിവായിരുന്നു.

നെല്‍ മണികള്‍ ഉപയോഗിച്ചു കണക്കുകൂട്ടിയാണ് കൃഷ്ണന്‍ പൂജകള്‍ നടത്തിയിരുന്നതെന്നും കോഴിക്കുരുതി ഉള്‍പ്പെടെ നടത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഒറ്റപ്പെട്ട വീട്ടിലേക്ക് ഒട്ടേറെ വാഹനങ്ങള്‍ സ്ഥിരമായി വന്നുപോയിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയാണ് വന്നിരുന്നതെന്നാണു നാട്ടുകാര്‍ പറയുന്നത്.