നന്ദി കിം, താങ്കള്‍ വാക്കുപാലിച്ചു; ട്രംപിന്റെ ട്വീറ്റ്

വാഷിംങ്ടണ്‍: കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ ഭൗതിക ശരീരം വിട്ടു നല്‍കുമെന്ന വാക്ക് യാഥാര്‍ത്ഥ്യമാക്കിയ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 1950-53 കാലഘട്ടത്തില്‍ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ മൃതശരീരം സ്വദേശത്തേയ്ക്ക് മടക്കി അയക്കുവാനാണ് നോര്‍ത്ത് കൊറിയ തയ്യാറായതിനുള്ള നന്ദിയാണ് ട്രംപ് ട്വിറ്റര്‍ വഴി അറിയിച്ചത്.

‘നന്ദി കിം ജോങ് ഉന്‍, വാക്കുപാലിച്ചു കൊണ്ട് താങ്കള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ശേഷിപ്പുകള്‍ തിരികെ നല്‍കാന്‍ തുടങ്ങിയതിന്. താങ്കളുടെ പ്രവര്‍ത്തിയില്‍ എനിക്കൊട്ടും ആശ്ചര്യമില്ല. താങ്കളയച്ച കത്തിനും നന്ദി. ഉടനെ കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ 55 സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഏറ്റുവാങ്ങി. എന്നാല്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങളില്‍ ഒരാളുടെ മാത്രമാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഫോറന്‍സിക് പരിശോധന നടത്തും.

1950-53 കാലത്തു നടന്ന കൊറിയന്‍ യുദ്ധത്തില്‍ മരിച്ച അമേരിക്കന്‍ സൈനികരുടെ ശേഷിപ്പുകള്‍ തിരികെ നല്‍കാമെന്ന്, ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയില്‍ കിം സമ്മതിച്ചിരുന്നു. അതുപ്രകാരമാണ് ഉത്തരകൊറിയ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ അമേരിക്കയ്ക്ക് നല്‍കുന്നത്. 55 സൈനികരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ദക്ഷിണ കൊറിയയിലെ ഓസന്‍ വ്യോമത്താവളത്തില്‍ വെച്ചാണ് അമേരിക്കന്‍ സേന ഏറ്റുവാങ്ങിയത്.