ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് മന്ത്രി എം.എം. മണി

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. ഇടുക്കി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അണക്കെട്ടു തുറക്കേണ്ടി വരുമെന്ന പിരിമുറുക്കം ഇപ്പോള്‍ മാറിയിട്ടുണ്ട്. ജലനിരപ്പ് 2397 അടിയാകുമ്പോള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കും. പിന്നാലെ 2398 അടിയാകുമ്പോള്‍ ട്രയല്‍ റണ്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലവര്‍ഷം ഇതുവരെ പൂര്‍ണമായിട്ടില്ല. അവശേഷിക്കുന്ന കാലവര്‍ഷവും തുലാമഴയും കണക്കാക്കിയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇതിന് മുന്‍പ് തുലാമഴയുടെ സമയത്താണ് അണക്കെട്ട് തുറന്നിട്ടുള്ളത്. തുലാവര്‍ഷത്തിന്റെ സമയത്ത് അണക്കെട്ടു തുറക്കേണ്ടിവന്നാല്‍ ആ സാഹചര്യത്തെ നേരിടാന്‍ ഇപ്പോഴൊരു മുന്നൊരുക്കം നടത്തി ട്രയല്‍ റണ്‍ നടത്താനാണ് ആലോചിക്കുന്നത്. നേരത്തെ അണക്കെട്ട് 2401 അടിയായപ്പോഴാണ് തുറന്നത്. എന്നാല്‍ ഇന്നത്തെ കാലാവസ്ഥയില്‍ അത്രയും കാത്തിരിക്കില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ട് തുറക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കെഎസ്ഇബിയും. അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പാഴാക്കിയാല്‍ കെഎസ്ഇബിക്ക് വന്‍ നഷ്ടമുണ്ടാകുമെന്നാണ് ജനറേഷന്‍ വിഭാഗത്തിന്റെ വാദം. എന്നാല്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്തു ജലനിരപ്പ് 2400 അടിയിലെത്തുന്നതിനു മുന്‍പു തുറക്ക ണമെന്നാണു ഡാം സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടത്. മാത്രമല്ല, ശനിയാഴ്ച വരെ അണക്കെട്ടു തുറക്കേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭായോഗവും വിലയിരുത്തിയത്.

രാവിലെ എട്ടു മുതല്‍ 11 മണി വരെയുള്ള റീഡിങ് അനുസരിച്ച് 2396.12 അടിയായി ജലനിരപ്പ് നില്‍ക്കുകയാണ്. 2403 അടിയാണു ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. സംഭരണശേഷിയുടെ 91.83% വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. ജലനിരപ്പ് ഉയരുംതോറും അണക്കെട്ടിന്റെ വിസ്തൃതി കൂടുന്നതിനാല്‍ ഇനി അത്ര വേഗം ജലനിരപ്പ് ഉയരാന്‍ സാധ്യതയില്ലെന്നു കെഎസ്ഇബി കണക്കുകൂട്ടുന്നു. മഴയുടെ അളവു കുറഞ്ഞതിനാല്‍ അണക്കെട്ടിലെ ജലനിരപ്പിലും കാര്യമായ വര്‍ധനയുണ്ടായില്ല.