വി.എം സുധീരനെ ലക്ഷ്യമിട്ട് കെജരിവാള്‍ . .

ന്യൂഡല്‍ഹി : കേരളത്തിലെ ഏറ്റവും ജനകീയനായ കോണ്‍ഗ്രസ്സ് നേതാവിനെ ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം.

യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവച്ച സുധീരന്റെ ഭാവി നീക്കങ്ങള്‍ നോക്കി തുടര്‍ നീക്കങ്ങള്‍ നടത്താനാണ് പാര്‍ട്ടി തീരുമാനം..

കെ.എം മാണിയെ യു.ഡി.എഫില്‍ സ്വീകരിച്ചതും രാജ്യസഭ സീറ്റ് വിട്ടു നല്‍കിയതുമെല്ലാം മുന്‍ നിര്‍ത്തി യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവച്ച സുധീരന്‍ ഇനി അധികം നാള്‍ കോണ്‍ഗ്രസ്സില്‍ തുടരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യം കേരളത്തില്‍ ഉപയോഗപ്പെടുത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കം.

ഉചിതമായ സമയത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തന്നെ നേരിട്ട് സുധീരനുമായി ആശയവിനിമയം നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

പൊതു സമൂഹത്തിന് ഹിതകരമായ തീരുമാനം ഒരിക്കലും സ്വീകരിക്കാത്ത സുധീരന്‍ ഇത്ര കാലം കോണ്‍ഗ്രസ്സില്‍ തുടര്‍ന്നത് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നാണ് ഒരു ഉന്നത ആം ആദ്മി പാര്‍ട്ടി നേതാവ് പ്രതികരിച്ചത്.

Aam Admi Party, VM Sudheeran

‘കേരളത്തില്‍ ഇടത്-വലതു മുന്നണികള്‍ക്ക് ബദലാവാന്‍ ഒരിക്കലും ബി.ജെ.പിക്ക് സാധിക്കില്ല. ആം ആദ്മി പാര്‍ട്ടിയുടെ ദൗത്യത്തില്‍ സുധീരനെ പോലുള്ള ജനകീയ നേതാക്കള്‍ കൂടി പങ്കാളിയായാല്‍ മാറ്റം വേഗത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ‘ നേതൃത്വം ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം സുധീരന്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ ഇനി അംഗീകരിക്കപ്പെടാന്‍ സാധ്യത ഇല്ലാത്തതിനാല്‍ സ്വന്തം ‘ഇമേജ്’ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സിനോട് വിട പറയുക മാത്രമേ അദ്ദേഹത്തിനു മുന്നില്‍ വഴിയൊള്ളുവെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

കെ.പി.സി.സി യോഗത്തില്‍ നിന്നടക്കം സുധീരനെ മാറ്റി നിര്‍ത്തുന്ന സമീപനം എം.എം ഹസ്സനും മറ്റും സ്വീകരിച്ചതും കാര്യങ്ങള്‍ വഷളാക്കുന്നതിന് കാരണമായിട്ടുണ്ട്.

തന്റെ പ്രതിഷേധങ്ങളും കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതു സമൂഹത്തിന്റെയും വികാരങ്ങള്‍ മാനിക്കാതെയും ഹൈക്കമാന്റ് മുന്നോട്ട് പോകുന്നതും സുധീരനെ ഏറെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

Aam Admi Party, VM Sudheeran

കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ്സിനെ രാജ്യസഭ സീറ്റ് നല്‍കി മുന്നണിയുടെ ഭാഗമാക്കിയതോടെ കേരള ജനതക്ക് മുന്‍പില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അപമാനിക്കപ്പെട്ടതായി ഉന്നത നേതാക്കളെ വിളിച്ച് സുധീരന്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടി-ഹസ്സന്‍ -ചെന്നിത്തല നേതാക്കളുടെ നിലപാടിനാണ് മുന്‍ഗണന കൊടുത്തത്. മുസ്ലീം ലീഗ് നിലപാടും മാണിക്ക് അനുകൂലമായതും സുധീരന്റെ വാദത്തിന് തിരിച്ചടിയായി.

സോളാര്‍ സംഭവത്തില്‍ ആരോപണ വിധേയനായ ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല നല്‍കിയതിലും വര്‍ക്കിങ് കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്തതിലും സുധീരന് കടുത്ത പ്രതിഷേധമുണ്ടായിരുന്നു.

ഇതെല്ലാമാണ് യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവയ്ക്കാന്‍ അദ്ദേഹത്തെ പെട്ടന്ന് പ്രേരിപ്പിച്ചതെന്നാണ് സുധീരനോട് അടുപ്പം പുലര്‍ത്തുന്ന കോണ്‍ഗ്രസ്സ് നേതാക്കളും ചൂണ്ടിക്കാണിക്കുന്നത്.

പ്രശ്‌നം എത്രയും പെട്ടന്ന് പരിഹരിക്കാന്‍ ഹൈക്കമാന്റ് ഇടപെട്ടില്ലെങ്കില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് തകര്‍ന്നടിയുമെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തൂത്തുവാരുമെന്നുമാണ് അണികളുടെ മുന്നറിയിപ്പ്.