കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണം; കേന്ദ്ര സര്‍ക്കാരും ബിജെപിയും രാഷ്ട്രീയം കളിക്കുന്നു:കോടിയേരി ബാലകൃഷ്ണന്‍

ന്യൂഡല്‍ഹി: കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മാണത്തില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി വയല്‍ക്കിളികളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതായും കോടിയേരി വ്യക്തമാക്കി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രണ്ട് കിളികളുടെ വോട്ട് കിട്ടുമോ എന്നാണ് ബിജെപി നോക്കുന്നത്. വിഷയത്തില്‍ ബിജെപി രാഷ്ട്രീയലക്ഷ്യം വെച്ച് മാത്രമാണ് മുന്നോട്ടുപോകുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ബൈപ്പാസിന് ബദല്‍ സംവിധാനം തേടുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നും കേന്ദ്രം അത്തരമൊരു നടപടി സ്വീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അവര്‍ അറിയിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കീഴാറ്റൂര്‍ നിര്‍ദ്ദിഷ്ട ബൈപ്പാസിന് പകരം ബദല്‍ പാതയുടെ സാധ്യത ആരായുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വയല്‍ക്കിളികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതിനായി സാങ്കേതിക സമിതിയെ നിയോഗിക്കുമെന്നും വയല്‍ക്കിളികളുമായുള്ള ചര്‍ച്ചയില്‍ മന്ത്രി അറിയിച്ചിരുന്നു. കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ സംതൃപ്തിയുണ്ടെന്ന് വയല്‍ക്കിളികളുടെ നേതാക്കളായ സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകി, നോബിള്‍ പൈക്കട, പി. ലക്ഷ്മണന്‍, ടി.പി. രതീഷ് എന്നിവര്‍ അറിയിച്ചു.

നിര്‍ദ്ദിഷ്ട ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം കീഴാറ്റൂരിലെത്തും. ദേശീയപാതയ്ക്ക് പകരം മേല്‍പാലം നിര്‍മിക്കാമെന്ന് സമരനേതാക്കള്‍ പറഞ്ഞെങ്കിലും അത് പ്രായോഗികമല്ലെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അലൈന്‍മെന്റ് മാറ്റുന്നത് പരിഗണിക്കാമെന്ന് ഗഡ്കരി ഉറപ്പ് നല്‍കിയത്.