മുന്‍ മന്ത്രിയുടെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് റെയില്‍വേ ട്രാക്കിനരികില്‍

പട്‌ന: ബീഹാര്‍ മുന്‍ മന്ത്രിയും ജെഡിയു എം.എല്‍.എയുമായ ബീമാ ഭാരതിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. ദീപക്ക് കുമാറിനെ(21)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പട്‌നയ്ക്കടുത്തുള്ള റെയില്‍വേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

നളന്ദ മെഡിക്കല്‍ കോളെജ് ആശുപത്രിക്കടുള്ള റെയില്‍വേ ട്രാക്കിനടുത്ത് നാട്ടുക്കാരാണ് മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ തലയിലും തുടയിലും മുറിവുകളുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. വ്യാഴാഴ്ച രാത്രി ദീപക് കുമാര്‍ കൂട്ടുകാര്‍ക്കൊപ്പം പുറത്ത് പോയിരുന്നു.

ദീപക്കിന്റ സുഹൃത്തുക്കളായ റോഷനും മൃത്യുഞ്ജയും ആണ് അവസാന ദിവസം കൂടെയുണ്ടായിരുന്നത്. രണ്ട് പേരേയും ബീമ ഭാരതിയുടെ കുടുബത്തിന് വളരെ അടുത്ത് അറിയാം. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദീപക്കിനൊപ്പം ഒരുമിച്ച് ഭക്ഷണം കഴിച്ച് പിരിയുകയായിരുന്നുവെന്നും, ദിപക്ക് വീട്ടിലെത്തി കാണുമെന്നാണ് കരുതിയതെന്നുമാണ് റോഷനും മൃത്യുഞ്ജയും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ബീഹാറിലെ പൂര്‍ണ്ണെ ജില്ലയിലെ രുപൗളി നിയോജകമണ്ഡലത്തിലെ എം.എല്‍.എയാണ് ബീമാ ഭാരതി. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ബീമാഭാരതിയുടെ വീട് സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ