മോഷ്ടിക്കാന്‍ കയറിയ ഹോട്ടലില്‍ കഞ്ഞിവച്ച്, കുളിച്ച് പണവുമായി മുങ്ങിയ കള്ളന്‍ പിടിയില്‍

കല്‍പറ്റ: മോഷ്ടിക്കാന്‍ കയറിയ ഹോട്ടലില്‍ നിന്ന് കഞ്ഞിവെച്ച് കുടിച്ച് കുളിച്ച് കുട്ടപ്പനായി പണവുമെടുത്ത് മുങ്ങിയ കളളന്‍ പിടിയില്‍. മോഷ്ടിക്കാന്‍ കയറുന്നിടത്ത് നിന്നെല്ലാം ഭക്ഷണമുണ്ടാക്കി കഴിക്കുന്നത് പതിവാക്കിയ വെള്ളമുണ്ട കായലിങ്കല്‍ സുധീഷ്(29) ആണു പൊലീസ് പിടിയിലായത്.

ഹോട്ടലുകളിലും വീടുകളിലും മോഷ്ടിക്കാന്‍ കയറുന്നതിനൊപ്പം ഭക്ഷണമുണ്ടാക്കി കഴിക്കുന്നതതും ഭക്ഷണം പാഴ്‌സലായി പൊതിഞ്ഞെടുത്തു കൊണ്ടുപോവുന്നതും സുധീഷിന്റെ സ്ഥിരം രീതിയാണ്. ഇതേ രീതിയില്‍ കഴിഞ്ഞ ദിവസം മാനന്തവാടിയിലെ ഹോട്ടലില്‍ കയറിയ സുധീഷ് മീന്‍കറിയും പൊറോട്ടയും പൊതിഞ്ഞെടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍ പതിഞ്ഞിരുന്നു. അത് മാത്രമല്ല പോകുന്ന പോക്കില്‍ ക്യാഷ് കൗണ്ടറില്‍ വച്ചിരുന്ന കുട്ടികള്‍ക്കായുള്ള സംഭാവനപ്പെട്ടിയിലെ പണവും സുധീഷ് മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എളുപ്പത്തില്‍ തിരിച്ചറിയാതിരിക്കാനായി മീശ വടിച്ചായി സുധീഷിന്റെ നടപ്പ്.

മാനന്തവാടിയിലെ ഹോട്ടലില്‍ കയറിയതിന്റെ തൊട്ടടുത്ത ദിവസം പനമരം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ അടുക്കളയിലും ഇയാള്‍ കയറി മുട്ട പുഴുങ്ങിത്തിന്നുകയും ചെയ്തു. അഞ്ചുകുന്നിലെ കോഴിക്കടയിലും മാനന്തവാടിയിലെ ചില കടകളിലും നടന്ന മോഷണങ്ങളിലും സുധീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നിരീക്ഷണക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു സുധീഷ് പിടിയിലായത്.

കഴിഞ്ഞ 10-ാം തീയതിയാണ് വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്‌കൂളിനു മുന്‍പില്‍ സ്ത്രീകള്‍ നടത്തുന്ന മെസ് ഹൗസില്‍ സുധീഷ് മോഷ്ടിക്കാന്‍ കയറിയത്. അവിടെ കയറിയ സുധീഷ് അരി അടുപ്പത്തിട്ട ശേഷം മെസ്സിലെ സോപ്പും തോര്‍ത്തുമെടുത്ത് കുളിക്കാന്‍ കയറി. ഇവിടെ ഊണുകഴിക്കാനെത്തുന്നവര്‍ക്കു കൈകഴുകാന്‍ വച്ചിരുന്ന മൂന്നു സോപ്പുകളുമുപയോഗിച്ചായിരുന്നു കുളി. കുളി കഴിഞ്ഞെത്തിയ സുധീഷ് പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ പണമടക്കം കൈക്കലാക്കിയാണ് കടന്നു കളഞ്ഞത്.