ജലന്ധര്‍ ബിഷപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യം

കൊച്ചി: ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റാണ് ഹര്‍ജി നല്‍കിയത്.

അതേസമയം ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. ഇതിന് തെളിവുകള്‍ ലഭിച്ചെന്ന് ഡിവൈഎസ്പി പി.കെ.സുഭാഷ് വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ്, ഒരു എസ്.ഐ, ഒരു വനിതയടക്കം മൂന്ന് സിവിൽ പൊലീസ് ഓഫിസർമാർ, ഒരു സൈബർ വിദഗ്ധൻ എന്നിവരടങ്ങുന്ന ആറംഗസംഘമാണ് ഡൽഹിയിലെത്തി അന്വേഷണം നടത്തുന്നത്. ഡൽഹിയിൽ നിന്നാണ് സംഘത്തിന് കൂടുതൽ മൊഴികളും തെളിവും ശേഖരിക്കാനുള്ളത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയ്ക്കെതിരെ പരാതി നൽകിയ ബന്ധുവായ സ്ത്രീയുടെയും ഭർത്താവിന്റെയും മൊഴിയാണ് ആദ്യമെടുക്കുക.

വത്തിക്കാൻ സ്ഥാനപതിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. വത്തിക്കാൻ സ്ഥാനപതിക്കും പരാതി നൽകിയതായി കന്യാസ്ത്രീ മൊഴി നൽകിയിരുന്നു. നയതന്ത്രപരമായ അനുമതി ലഭിച്ചില്ലെങ്കിൽ പരാതിയുടെ വിശദാംശങ്ങൾ സ്ഥാനപതി കാര്യാലയത്തിൽനിന്ന് ശേഖരിക്കാനാണ് നീക്കം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സമ്മർദംമൂലം സന്ന്യാസജീവിതം ഉപേക്ഷിച്ചെന്ന് കന്യാസ്ത്രീയുടെ മൊഴിയിൽ പറയുന്നവരെ നേരിൽ കാണുന്നതിനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.

ഡൽഹിയിലെ തെളിവെടുപ്പിനുശേഷം ഉജ്ജയിൻ ബിഷപ്പിന്‍റെ മൊഴിയെടുക്കുന്നതിനായി അന്വേഷണസംഘം അവിടേക്ക് തിരിക്കും. മൊഴിയെടുപ്പെല്ലാം പൂർത്തിയായതിനുശേഷം ജലന്തറിലേക്ക് തിരിക്കും. പഞ്ചാബ് പൊലീസിനെയും വിവരമറിയിച്ചിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയതിനുശേഷം ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തതിനുശേഷമേ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ