മൂന്നാമതൊരാളിൽ നിന്ന് ഒരു ആണിനേയും പെണ്ണിനേയും മറയ്‌ക്കുന്ന നാല് ചുവരുകൾ

ജയ്‌കുമാർ എൻ .കെ

എല്ലാത്തരം ക്‌ളാസിഫിക്കേഷനും ഇല്ലാതാവുന്ന ഒരിടമുണ്ട്. അവിടെ കമ്മ്യൂണിസ്റ്റില്ല, മാവോയിസ്റ്റില്ല, ഭൗതികവാദിയില്ല, നാസ്തികനില്ല, പുരോഹിതാനില്ല, ഭക്തനില്ല, ദൈവഭയമുള്ളവനില്ല, അവിടെയുള്ളത് പ്രകൃതിയുടെ ക്‌ളാസിഫിക്കേഷനായ രണ്ടേ രണ്ടു വർഗ്ഗം മാത്രംമാത്രം.
ആണും പെണ്ണും.

അവിടെ ഞാൻ രൂപേഷാണ്, രജീഷാണ്, ഹരിനാരായനാണ്, റോബിനാണ് , ജോഷ്വായാണ്. ആസാറാമുമാണ്. അവിടെയെനിക്ക് പൊട്ടിപ്പൊളിഞ്ഞു ഒയ ആദര്ശത്തിന്റെ മേലങ്കിയില്ല. ബുദ്ധിജീവിയുടെ പരിവേഷമില്ല, പുരോഹിതന്റെ മായികതയില്ല, സംന്യാസിക്ക് ഉണ്ടാവേണ്ട നൈർമല്ല്യമില്ല. ഉള്ളത് തൃഷ്ണ മാത്രം.

ആ ഇടമാണ് മൂന്നാമതൊരാളിൽ നിന്ന് ഒരു ആണിനേയും പെണ്ണിനേയും മറയ്‌ക്കുന്ന നാല് ചുവരുകൾക്കുള്ളിലുള്ളത്. ഒരുവേള ചുവരുകളുടെ ആവശ്യകത പോലും വരില്ല. മൂന്നാമന്റെ ദൃഷ്ടിയിൽ നിന്നോ ശ്രവ്യതയിൽ നിന്നോ ഒരു മറവു മാത്രം മതി. അവിടെ എനിക്ക് പ്രകൃതിയുടെ ആദിമചോദനയുണർന്നിരിക്കും. തന്റെ ജീനുകളുടെ പരമാവധി പകർപ്പ് അടുത്ത തലമുറയിലേക്കു കൈമാറുക എന്ന ചോദന. അതിനു സഹായിക്കുന്ന ലൈംഗീകത എന്ന അനുഭൂതി ഉണർന്നിരിക്കും. സഹസ്രാബ്ധങ്ങളായി സംസ്‍കാരം എന്നെ പഠിപ്പിച്ച മാന്യത അവിടെ എന്നെ അതിൽ നിന്നും തടഞ്ഞു നിർത്താൻ ശ്രമിച്ചാലും ജയസാധ്യത കുറവായിരിക്കും. ചെയ്യാൻ പോവുന്നത് തെറ്റാണെന്നും ആധുനിക സാമൂഹ്യ നിയമ്മങ്ങൾക്കു എതിരാണ് എന്നറിയാമെങ്കിലും ഉള്ളിലെ മൃഗം ലൈംഗീകതയെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും.

സ്ത്രീകളെ…, പെൺകുഞ്ഞുങ്ങളെ.. ആ നാല് ചുവരുകൾക്കിടയിൽ നിങ്ങൾക്ക് എത്തപ്പെടേണ്ടി വന്നാൽ നിങ്ങള്ക്ക് വിശ്വസിക്കാവുന്ന പുരുഷൻ നിങ്ങളുടെ അമ്മയുടെ വയറ്റിൽ പിറന്ന സഹോദരനോ അച്ഛനോ മാത്രമായിരിക്കും. മറ്റു സഹോദര്യതുല്യർ, പിതൃ തുല്യർ, സുഹൃത്തുക്കൾ എല്ലാവരും ഒരു പക്ഷെ ഇതിനു മുൻപ് നിങ്ങളോട് മാന്യമായിട്ടാവും പെരുമാറിയിട്ടുണ്ടാവുക, എന്ന് വച്ച് ഇനിയും അതെ മാന്യത അവർ എന്നും കാണിക്കും എന്ന് പ്രതീക്ഷിക്കരുത്. ആവർ നിങ്ങളോടു തന്റെ തൃഷ്ണ വെളിപ്പെടുത്താത്തത് സമൂഹത്തിലെ അവന്റെ മാന്യതയെ, അവനു നഷ്ടപ്പെടാൻ സാധ്യതയുള്ള വിലപിടിച്ച മറ്റുള്ളവയെ പേടിച്ചിട്ടു മാത്രമാണ്. ഇത് വെളിയിലറിയില്ല എന്ന ഒരു ഉറപ്പ് അവനു തോന്നിയാൽ അവൻ അവനിലെ അവനെ പുറത്തെടുത്തിരിക്കും.

ഏതു സൗമ്യമായ, മാന്യമായ സുഹൃത് സംഭാഷണങ്ങളിലും അവൻ നിന്റെ അകാരവടിവുകളുടെ അളവെടുക്കുന്നുണ്ടായിരിക്കും, ഓർത്തുകൊള്ളുക, ജാഗ്രതൈ. അവൻ നിന്റെ തൊഴിലിടത്തിലുണ്ട്, നിന്റെ കുടുംബത്തിലുണ്ട്, പൊതുവഴിയിലുണ്ട്.

ഒരവസരം കിട്ടിയാൽ ആദ്യം അവൻ നിന്റെ സൗന്ദര്യത്തെ വാഴ്ത്തും. നിങ്ങള്ക്ക് തന്റെ സൗന്ദര്യത്തിൽ മതിപ്പു കുറവാണെങ്കിൽ അവൻ നിങ്ങളുടെ സ്‌പെഷ്യൽ ഫീച്ചേഴ്സിനെ വാഴ്ത്തും. നിന്റെ കണ്ണുകളെ, ചിരിയുടെ കുളിർമ്മയെക്കുറിച്ച് വർണ്ണിക്കും. തനിക്കൊരിക്കലും സ്നേഹം കിട്ടിയിട്ടില്ല എന്ന് പറഞ്ഞു വിലപിക്കും. കണ്ണീരൊഴുക്കും. നിന്നോടുള്ള ഈ നിമിഷങ്ങൾ ജീവിതത്തിലെ ഏതാവും വർണ്ണശബളമാണെന്നു നിന്നെ വിശ്വസിപ്പിക്കും. വേദാന്തം പറയും. നിന്റെ മനസ്സിന്റെ ഏകാന്തതയെ ആശ്വസിപ്പിക്കും. നിന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെ സഹായിക്കും. ഉറ്റസുഹൃത്താണ് , സഹോദര തുല്യനാണ്, പിതൃതുല്യനാണ് എന്ന വേഷം കെട്ടും. എല്ലാം ഭൗതികമായതോ അല്ലാത്തതോ ആയ നാല് ചുവരുകൾക്കുള്ളിൽ നിന്നെ എത്തിക്കാനാണ്. നിന്നിൽ അവന്റെ ഭോഗതൃഷ്ണ തീർക്കാനാണ്.

അവനറിയുന്നില്ല, സ്ത്രീക്ക് ലൈംഗീകത എന്നത് പ്രണയത്തോടൊപ്പം വരുന്ന പ്രതിഭാസം ആണെന്ന്. ഉള്ളിൽ പ്രണയം തോന്നാത്ത ഒരുവനോടൊപ്പം ലൈംഗീകത ആസ്വദിക്കാൻ സ്ത്രീക്ക് കഴിയില്ലായെന്ന വസ്തുത അവന്റെ തലച്ചോറിന്റെ തിരിച്ചറിവിനപ്പുറമാണ്… പുരുഷന്റെ മനസ്സിലെ കാമമല്ല സ്ത്രീയുടെ മനസ്സിലെ കാമമെന്ന് ആ തിരിച്ചറിവിലില്ല.

അത് കൊണ്ട് സൂക്ഷിക്കുക. ഒരു ശതമാനം എങ്കിലും സംശയത്തോടെ മാത്രമേ സഹോദരൻ, അച്ഛൻ,ഭർത്താവ്, മക്കൾ എന്നിവരല്ലാത്ത എത്ര വിശ്വസ്തനാണെങ്കിൽപ്പോലും മറ്റൊരാണിനൊപ്പം നാല് ചുവരുകൾക്കുള്ളിൽ വരാവൂ. ഇന്നത്തെ കുട്ടികൾ ഈ വാദത്തെ എതിർത്തേക്കാം.. അവർ ആൺപെൺ വിത്യാസമില്ലാതെ ഇടപഴകുന്നവരാണ്.ഓപ്പൺ ഫ്രെണ്ട്ഷിപ്പിൽ വിശ്വസിക്കുന്നവരാണ്. അന്നത്തെ സുഹൃത്ത് തന്നെ ലൈംഗീകതയുടെ കണ്ണിലൂടെ കാണുന്നുണ്ട് എന്ന് ചിന്തിക്കാൻ പോലും കഴിയാത്തവരുമാകാം. പക്ഷെ അതല്ല സത്യം എന്ന് മനസ്സിലാക്കിക്കൊള്ളുക. അവന്റെ ഉള്ളിൽ നിന്നെ പ്രാപിക്കുന്നുണ്ട്. അവരിലെ ആൺസുഹൃത്തുക്കൾ അവരുടെ സവകാര്യതയിൽ നിന്റെ അഴകളവുകളെപ്പറ്റി സംസാരിക്കുന്നുണ്ട്.

മോശമായ ഒരനുഭവം ഉണ്ടായതിനു ശേഷം വിലപിച്ചിട്ടു കാര്യമില്ല. സംശയത്തിന്റെ ഒരു കണ്ണ്, അത് മാത്രമേ വേണ്ടൂ നിങ്ങളെ ആ അനുഭവത്തിൽ നിന്ന് രക്ഷിക്കാൻ.