വല വിരിച്ചപ്പോള്‍ കിട്ടിയത് സ്വര്‍ണ ഹൃദയമുള്ള മീന്‍; നേടിയത് അഞ്ചര ലക്ഷം രൂപ

മുംബൈ: പാല്‍ഘര്‍ തീരത്തെ മത്സ്യബന്ധന തൊഴിലാളികളായ സഹോദരങ്ങളുടെ വലയില്‍ കുടുങ്ങിയത് അഞ്ചര ലക്ഷത്തോളം വിലമതിക്കുന്ന അത്ഭുതമത്സ്യം. ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണ ഹൃദയമുള്ള മത്സ്യം എന്ന് വിളിക്കപ്പെടുന്ന ‘ഘോള്‍’ എന്ന മത്സ്യമാണ് മഹേഷ് മെഹര്‍, സഹോദരന്‍ ഭരത് എന്നിവരുടെ വലയില്‍ കുടുങ്ങിയത്. 30 കിലോയോളം ഭാരമുള്ള ഈ മത്സ്യത്തിന് ലേലത്തില്‍ അഞ്ചര ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. ഔഷധ മൂല്യമുള്ള മത്സ്യമാണ് ഇതെന്നും അപൂര്‍വമായി മാത്രമേ ഇവ വലയില്‍ കുടുങ്ങാറൂള്ളുയെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ഘോള്‍ മത്സ്യത്തിന്റെ ചര്‍മ്മത്തിലുള്ള ഉന്നതഗുണമുള്ള കൊളാജന്‍ പോഷകാഹാരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു. ഔഷധനിര്‍മാണത്തിനും ഈ മത്സ്യം ഉപയോഗിക്കുന്നു. ആഗോള തലത്തില്‍ തന്നെ ഈ മത്സ്യത്തിന് ആവശ്യക്കാരേറെയാണ്. ഈ ഇനത്തിലുള്ള മീന്‍ സിംഗപ്പൂര്‍, മലേഷ്യ, ഇന്‍ന്തോനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ എന്നിവടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യാറുള്ളത്.

ghol fish

ഇരുപത് കൊല്ലമായി മത്സ്യബന്ധനം നടത്തുന്ന മഹേഷിനും ഭരതിനും ലോട്ടറിയടിച്ച ആഹ്‌ളാദമാണ് ഇപ്പോള്‍. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ബോട്ടിന്റേയും വലയുടേയും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും ഈ പണം ഉപയോഗിക്കുമെന്ന് അവര്‍ പറഞ്ഞു.

ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും കാണപ്പെടുന്ന മീനാണ് ഘോള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ