എസ്‌ഐയും പൊലീസുകാരും കാട്ടില്‍കയറി മ്ലാവിനെ വേട്ടയാടി; മ്ലാവിറച്ചിയും ആയുധങ്ങളും വനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

കൊല്ലം: കുളത്തൂപ്പുഴയില്‍ എസ്‌ഐയും പൊലീസുകാരും കാട്ടില്‍കയറി മ്ലാവിനെ വേട്ടയാടി. മ്ലാവിറച്ചിയും ആയുധങ്ങളും വനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഞായാറാഴ്ച രാത്രി പൊന്മുടി വനത്തിലാണ് സംഭവം. പൊന്മുടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അയൂബും രണ്ടു പോലീസുകാരും എസ്‌ഐയുടെ മൂന്ന് ബന്ധുക്കളും ഉള്‍പ്പെടുന്ന സംഘമാണ് പൊന്മുടി വനത്തില്‍ വോട്ടയ്ക്കിറങ്ങിയത്. പ്രധാന പ്രതി ഗ്രേഡ് എസ്‌ഐ അയൂബും സംഘവും കാട്ടിലെത്തിയത് പൊലീസ് വാഹനത്തില്‍. പിന്നീട് ഇതേ പൊലീസ് വാഹനത്തില്‍ മ്ലാവിനെ എസ്‌ഐയുടെ ബന്ധുവിന്റെ വീട്ടിലെത്തിച്ച് ഇറച്ചി എല്ലാവരും പങ്കിട്ടെടുക്കുകയായിരുന്നു.

അന്വേഷണത്തില്‍ എസ്‌ഐയ്ക്കും രണ്ട് പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍. അന്വേഷണത്തിന് ശേഷം കൂടതല്‍ നടപടിയെന്ന് റൂറല്‍ എസ്പി വ്യക്തമാക്കി. അതേസമയം, പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നടപടി അപൂര്‍വമാണെന്ന് വനം മന്ത്രി കെ രാജു. ക്രിമിനല്‍ കുറ്റം ചെയ്താല്‍ പൊലീസിന് സംരക്ഷണവും ലഭിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസിന്റെ നായാട്ട് പൊന്മുടി കാട്ടില്‍ അരങ്ങേറിയത്. എസ്‌ഐയുടെ രണ്ടു പോലീസുകാരും അടങ്ങുന്ന സംഘം ബന്ധുക്കളെയും വിളിച്ചുവരുത്തി ആയുധങ്ങളുമായി കാട്ടില്‍ കയറുകയായിരുന്നു. ആരുമറിയാതെ എസ്‌ഐയും സംഘവും നായാട്ട് നടത്തി മടങ്ങിയെങ്കിലും സംഭവം കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ക്ക് ചോര്‍ന്നു കിട്ടി. പിന്നാലെ ഫോറസ്റ്റ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ലൈസന്‍സില്ലാത്ത തോക്കും മ്ലാവിന്റെ ഇറച്ചിയും കണ്ടെത്തിയത്.

സംഭവം പുറത്തായതോടെ എസ്‌ഐയും പൊലീസുകാരും മുങ്ങി. ഇവര്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ എസ്‌ഐയുടെ ബന്ധുക്കളായ മൂന്ന് പേരെ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരേ വകുപ്പുതല നടപടി ഉറപ്പായിരിക്കുകയാണ്. ഔദ്യോഗിക വാഹനത്തില്‍ ലൈസന്‍സില്ലാത്ത തോക്കുമായി എസ്‌ഐയും പൊലീസുകാരും വേട്ടയ്ക്കിറങ്ങിയ സംഭവം ആഭ്യന്തരവകുപ്പിന് പുതിയ തലവേദനയായിരിക്കുകയാണ്.