രാജ്യസഭാ ഉപാധ്യക്ഷ പദവി ; എന്‍.സി.പി നേതാവ് വന്ദന ചവാന്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷം പ്രഖ്യാപിച്ചു. എന്‍.സി.പി നേതാവ് വന്ദന ചവാനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. ശിവസേന ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ പിന്തുണ ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് സൂചന. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. പൂനെ മുന്‍ മേയര്‍ കൂടിയാണ് വന്ദന.

245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടാണ്. അകാലി ദള്‍ (3 സീറ്റ്), ശിവ സേന (3 സീറ്റ്), ബിജു ജനതാ ദള്‍ (9 സീറ്റ്) എന്നിവരില്‍ ആരെങ്കിലും മാറി നിന്നാല്‍ എന്‍.ഡി.എയുടെ സ്ഥിതി പരുങ്ങലിലാവും. 119 സീറ്റാണ് പ്രതിപക്ഷത്തിനുള്ളത്. ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവരുള്‍പ്പടെയാണ് ഈ കണക്ക്. കെജ്രിവാളിന്റ എ.എ.പിയും മെഹബൂബ മുഫ്തിയുടെ പി.ഡി.പിയും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്നാഥ് സിങും അമിത് ഷായും ചൊവ്വാഴ്ച രാവിലെ കൂടിയാലോചന നടത്തി. അകാലി ദളിന്റെയും ശിവസേനയുടെയും പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയതായാണ് വിവരം. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തെ ചൊല്ലി എന്‍ ഡി എയ്ക്കുള്ളില്‍ ഭിന്നതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഉപാധ്യക്ഷ സ്ഥാനം നേടിയെടുക്കാനുള്ള ബിജെപി തന്ത്രമാണ് എന്‍ ഡി എയ്ക്കുള്ളില്‍ ഭിന്നത സൃഷ്ടിച്ചിരിക്കുന്നത്.

ജെഡിയു അംഗത്തെ മത്സരിപ്പിക്കാനുള്ള നീക്കമാണ് മുന്നണിയിലെ മറ്റൊരു കക്ഷിയായ ശിരോമണി അകാലിദളിന്റെ എതിര്‍പ്പിന് കാരണം. അകാലിദള്‍ നേതാവ് നരേഷ് ഗുജറാളിന്റെ പേരാണ് നേരത്തെ ഈ പദവിയിലേക്ക് പരിഗണിച്ചിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒഴിവാക്കി ജെഡിയുവിന്റെ ഹരിവന്‍ശ് നാരായണ്‍ സിങ്ങിനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് അകാലിദളിനെ ചൊടിപ്പിച്ചിരിക്കുന്നത്.

245 അംഗങ്ങളുള്ള രാജ്യസഭയില്‍ മൂന്ന് അംഗങ്ങളാണ് അകാലിദളിനുള്ളത്. അകാലിദള്‍ പ്രതിനിധികള്‍ അടക്കം എന്‍ഡിഎയ്ക്ക് 110 അംഗങ്ങളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ