രാഹുല്‍ ഈശ്വറിനെ മത്സരിപ്പിക്കണമെന്ന് ആര്‍.എസ്.എസ് നേതൃത്വത്തിന് താല്‍പ്പര്യം ?

ശബരിമല തന്ത്രി കുടുംബാംഗവും പൊതു പ്രവര്‍ത്തകനുമായ രാഹുല്‍ ഈശ്വറിനെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ ആര്‍.എസ്.എസിന് താല്‍പ്പര്യം.

അയ്യപ്പസേവാ പ്രവര്‍ത്തനങ്ങളുമായും മറ്റു സാമുഹിക വിഷയങ്ങളില്‍ ഇടപെട്ടും മുന്നോട്ട് പോകുന്ന രാഹുലിനെ പരമാവധി പ്രയോജനപ്പെടുത്തണമെന്നതാണ് സംഘത്തിന്റെ നിലപാട്.

ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിന് അനുകുലമായ നിലപാടാണ് ആര്‍.എസ്.എസിന് ഓദ്യോഗികമായി ഉള്ളതെങ്കിലും പ്രധാനമന്ത്രിയും ആര്‍.എസ്.എസ് മേധാവിയും എല്ലാം ഒരുപോലെ ബഹുമാനിക്കുന്ന ആര്‍.എസ്.എസ് താത്വികന്‍ പി.പരമേശ്വരന്‍ ഉള്‍പ്പെടെ ഉള്ള വലിയവിഭാഗം സംഘപരിവാര്‍ പ്രവര്‍ത്തകരും രാഹുല്‍ ഈശ്വറിന്റെ നിലപാടിനൊപ്പമാണ്.സ്ത്രീ പ്രവേശനത്തിന് നിലവില്‍ പിന്തുടരുന്ന നിയന്ത്രണം വേണമെന്ന നിലപാടുകാരാണ് ഈ വിഭാഗം.ശബരിമല അടക്കമുള്ള സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കേരളത്തില്‍ മാത്രമല്ല ദേശീയ ചാനലുകളിലും രാഹുല്‍ ഈശ്വര്‍ തീര്‍ക്കുന്ന പ്രതിരോധത്തില്‍ പൊതു സമൂഹത്തില്‍ പ്രത്യേകിച്ച് വിശ്വാസികള്‍ക്കിടയില്‍ വലിയ പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതായാണ് സംഘപരിവാര്‍ വിലയിരുത്തുന്നത്. സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍ക്കിടയില്‍ രാഹുല്‍ ഈശ്വര്‍ക്ക് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് കേരളത്തിലും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

ഹിന്ദു തീവ്ര നിലപാടുകാരനായി വിലയിരുത്തപ്പെടുമ്പോഴും ഹാദിയ കേസില്‍ അടക്കം രാഹുല്‍ നടത്തിയ ഇടപെടലുകള്‍ ഇതര മതവിശ്വാസികളിലും മതിപ്പുണ്ടാക്കിയിരുന്നു.

ഇക്കാര്യത്തില്‍ രാഹുലിന്റെ ഇടപെടലില്‍ സംഘപരിവാറില്‍ തന്നെ വിയോജിപ്പ് ഉണ്ടെങ്കിലും അത് തല്‍ക്കാലം പ്രകടമാക്കാതെ രാഹുലിനെ ഉപയോഗപ്പെടുത്താനാണ് നിര്‍ദ്ദേശം.

തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഹുലിന് താല്പര്യമില്ലെങ്കില്‍ പ്രചരണത്തില്‍ ഉപയോഗപ്പെടുത്താനാണ് നീക്കം.

WhatsApp Image 2018-08-07 at 8.08.20 PM

സമുദായത്തിന് പ്രതിരോധം തീര്‍ത്ത് ദേശീയ ചാനലുകളില്‍ രാഹുല്‍ നടത്തുന്ന ഇടപെടലുകളാണ് ആര്‍.എസ്.എസ് നേതൃത്വത്തെ ആകര്‍ഷിച്ചതെന്നാണ് സൂചന.

ന്യൂനപക്ഷ സംഘടനകളുടെ പരിപാടികളിലും പ്രഭാഷണത്തിനായി ഇപ്പോള്‍ രാഹുലിനെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

വിവിധ മേഖലകളിലെ ഉന്നതരുമായി രാഹുലിനുള്ള ആഴത്തിലുള്ള സൗഹൃദം വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയും ആര്‍.എസ്.എസ് നേതൃത്വത്തിനുണ്ട്. ഇക്കാര്യം ബിജെപി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ സംഘം നേതൃത്വം കൊണ്ടുവന്നിട്ടുണ്ട്.

ബോളിവുഡ് താരം അക്ഷയ്കുമാര്‍, സല്‍മാന്‍ ഖാന്‍, അനുപം ഖേര്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണി തുടങ്ങിയ സെലിബ്രിറ്റികളെയും മോദിയുടെ രണ്ടാമൂഴം ഉറപ്പാക്കാന്‍ സംഘപരിവാര്‍ രംഗത്തിറക്കുന്നുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ