ഇത്തവണത്തെ ഓണം തീവണ്ടിക്കൊപ്പം

ടൊവിനോ തോമസ് ചിത്രം തീവണ്ടി ഓണം റിലീസായി തിയറ്ററുകളിലെത്തുമെന്ന് കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തിയതിയും പ്രഖ്യാപിച്ചിരിക്കുന്നു. ചിത്രം ആഗസ്റ്റ് 24ന് തിയറ്ററുകളിലെത്തും. അതേസമയം, തീവണ്ടിയിലെ ജീവാംശമായ് എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം ഒന്നരക്കോടി കാഴ്ചക്കാരുമായി മുന്നേറുകയാണ്. ശ്രേയാ ഘോഷാലും ഹരിശങ്കറും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തല്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായികയാവുന്നത്. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്,സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

തീവണ്ടിയുടെതായി നേരത്തെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിനും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ