മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം; കൊലയ്ക്ക് ശേഷം മൃതദേഹങ്ങളോടും അനാദരവ്; സമാനതകളില്ലാത്ത ക്രൂരതയെന്ന് പൊലീസ്

തൊടുപുഴ: കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ മൃഗീയമായി കൊന്ന് കുഴിച്ചമൂടിയ സംഭവത്തില്‍ പ്രതികളുടേത് കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയെന്ന് പൊലീസ്. മൃഗീയമായി കൊലപ്പെടുത്തിയതിന് ശേഷം സുശീലയുടെയും മകള്‍ ആര്‍ഷയുടെയും മൃതദേഹത്തോട് പ്രതികള്‍ കാട്ടിയ ക്രൂരത സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. കേസിലെ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി ആദിവാസി കോളനിയിലെ അനീഷ്, തൊടുപുഴ കീരികോട് സ്വദേശി ലിബീഷ് ബാബു എന്നിവരാണ് മൃതദേഹങ്ങളോടും ക്രൂരത കാട്ടിയത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.

സംഭവം പുറത്തറിഞ്ഞു മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികളിലൊരാളായ ലിബീഷിനെ പിടികൂടിയിരുന്നു. ഇതോടെ ഒളിവില്‍ പോയ അനീഷിനെ എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ബുധനാഴ്ചയാണ് അന്വേഷണസംഘം പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ ഇവിടെ ഒളിവില്‍ താമസിക്കാന്‍ എത്തിയപ്പോഴാണ് ഇയാള്‍ പൊലീസ് വലയിലായത്. രണ്ട് ഫോണും വീട്ടില്‍ വച്ച ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. മന്ത്രസിദ്ധി കൈക്കലാക്കുന്നതിനു നടത്തിയ കൊലപാതകം ആസൂത്രണം ചെയ്തത് അനീഷാണെന്നു പോലീസ് പറയുന്നു. ഇരുവരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ കൂട്ടുപ്രതി ലിബീഷിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം ലിബീഷും മുഖ്യപ്രതി അനീഷും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണ്. ഇത് തിരിച്ചെടുക്കുന്നതിനൊപ്പം ലീബീഷിന്റെ കാരിക്കോട്ടെ വീട്ടിലും കൃഷ്ണന്റെ കമ്പകക്കാനത്തെ വീട്ടിലും എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും. അഞ്ച് ദിവസത്തേക്കാണ് ഇയാളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

നേരത്തെ നടത്തിയ തെളിവെടുപ്പില്‍ നാലംഗ കുടുംബത്തെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും മോഷ്ടിച്ച ആഭരണങ്ങളും പ്രതി പൊലീസിന് കാണിച്ച് കൊടുത്തിരുന്നു. അനീഷ് കൂടി പിടിയിലായതോടെ കൊലപാതകക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്. പ്രതികള്‍ക്കെതിരെ കൊലപാതകം, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ഭവനഭേദനം, മാനഭംഗശ്രമം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയത്. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്നതിനുള്ള വകുപ്പുകളാണിവ. മുഖ്യപ്രതി അനീഷിനെയും അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 40 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാനൂറോളം പേരെ കേസില്‍ പൊലീസ് ചോദ്യം ചെയ്തു. 5000 ലേറെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. കേസന്വേഷണത്തില്‍ ഇവയും നിര്‍ണായകമായി. കൊല നടന്ന വീട്ടില്‍ നിന്ന് 20 വിരലടയാളങ്ങളാണ് പൊലീസിനു ലഭിച്ചത്. ഇതില്‍ ആറെണ്ണം പ്രതികളുടേതായിരുന്നു. സംശയമുള്ള 150 പേരുടെ വിരലടയാളങ്ങളും പൊലീസ് ശേഖരിച്ചു. നെടുങ്കണ്ടം, തിരുവനന്തപുരം സ്വദേശികളെ ചോദ്യം ചെയ്തതില്‍നിന്നു വിലപ്പെട്ട വിവരം പൊലീസിനു ലഭിച്ചു.

തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (18) എന്നിവരെയാണു കഴിഞ്ഞ ബുധനാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ കണ്ടെത്തിയത്. കൃഷ്ണനെയും മകനെയും കുഴിച്ചുമൂടുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും തെളിഞ്ഞു. 3500 രൂപയും 20 പവന്റെ സ്വര്‍ണവുമാണ് പ്രതികള്‍ കവര്‍ന്നത്. അവ കണ്ടെത്താനായിട്ടില്ല. ഞായറാഴ്ചയാണ് കൊല നടത്തിയത്. പിറ്റേന്ന് മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. കൃത്യം നടത്തിയശേഷം പ്രതികള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതശരീരങ്ങളോട് അനാദരവ് കാണിച്ചെന്നും കണ്ടെത്തി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്‌-

ഇക്കഴിഞ്ഞ ജൂലൈ 29നാണ് കൃഷ്ണനെയും കുടുംബത്തെയും ശിഷ്യനായ അനീഷും സുഹൃത്ത് ലിബീഷും ചേർന്നു കൊലപ്പെടുത്തുന്നത്. രണ്ടുവർഷത്തോളം കൃഷ്ണനൊപ്പംനിന്നു പൂജയും മന്ത്രവാദവും പഠിച്ചയാളാണ് അനീഷ്. പിന്നീട് ഇയാൾ സ്വന്തം നിലയ്ക്കു പൂജകൾ ചെയ്യാൻ തുടങ്ങിയെങ്കിലും ഇവയൊന്നും വേണ്ടത്ര വിജയിച്ചില്ല. കൃഷ്ണന്‍ തന്റെ മാന്ത്രികശക്തി അപഹരിച്ചതിനാലാണ് ഇതെന്ന് അനീഷ് കരുതി. ഈ തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ വൈരാഗ്യമാണ് കൊലയ്ക്കു അനീഷിനെ പ്രേരിപ്പിച്ചത്. ആറു മാസം മുൻപുതന്നെ ഇതിനായുള്ള പദ്ധതി അനീഷ് തയാറാക്കി. എന്നാൽ ലിബീഷ് സഹകരിക്കാൻ തയാറാകാത്തതിനെ തുടർന്നാണ് അന്നിതു നടക്കാതെ പോയത്.

കൃഷ്ണനെ കൊന്നാൽ അദ്ദേഹത്തിന്റെ ശക്തികൂടി തനിക്കു കിട്ടുമെന്നായിരുന്നു അനീഷിന്റെ വിശ്വാസം. 300 മൂർത്തികളുടെ ശക്തിയാണു കൃഷ്ണനുണ്ടായിരുന്നതെന്നായിരുന്നു വിശ്വാസം. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണവും മന്ത്രവാദത്തിനുള്ള ചില താളിയോലകളും മോഷ്ടിക്കാമെന്നും അനീഷ് കണക്കുകൂട്ടി. പതിനഞ്ചു വർഷം പരിചയമുള്ള ലിബീഷിനൊപ്പം ചേർന്ന് ഇതിനായി വ്യക്തമായ പദ്ധതി തയാറാക്കി. അടിമാലിയിലെ ഒരു കുഴൽക്കിണർ കമ്പനിയിൽ ഇരുവരും ഒരുമിച്ചു ജോലി ചെയ്തിരുന്നു. സ്വർണവും പണവും നൽകാമെന്നു പറഞ്ഞാണു ലിബീഷിനെ ഒപ്പം കൂട്ടിയത്.

ഞായറാഴ്ച രാത്രി 12ന് കൃഷ്ണൻ വളർത്തിയിരുന്ന രണ്ട് ആടുകളെ തല്ലി കരയിപ്പിച്ചാണ് അനീഷും ലിബീഷും കൃഷ്ണനെ വീടിനു പുറത്തിറക്കിയത്. അതിനുശേഷം ഷോക്ക് അബ്സോർബർ പൈപ്പു കൊണ്ടു തലയ്ക്കടിച്ചും കുത്തിയും കൊല നടത്തി. തുടർന്നു മൃതദേഹങ്ങൾ വീടിനുള്ളിലെ മുറിക്കുള്ളിൽ സൂക്ഷിച്ചു. ഈ സമയം കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു. പിറ്റേന്നു രാത്രി എത്തിയപ്പോൾ ഇരുവർക്കും ജീവനുണ്ടെന്നു കണ്ടതിനെത്തുടർന്നു ചുറ്റികയും കത്തിയും തൂമ്പയും ഉപയോഗിച്ച് ഇവരുടെ തലയ്ക്കടിച്ച ശേഷം കൃഷ്ണനെയും അർജുനെയും കുഴിയിൽ വച്ചു. കുഴിയിൽ വയ്ക്കുമ്പോഴും ഇരുവർക്കും ജീവനുണ്ടായിരുന്നുവെന്നും തൂമ്പയുടെ കൈകൊണ്ട് അനീഷ് ഇവരെ വീണ്ടും തലയ്ക്കടിച്ചതായും ലിബീഷ് മൊഴി നൽകി.

കൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്താൻ ഉപയോഗിച്ച ഷോക്ക് അബ്സോർബറിന്റെ രണ്ടു പൈപ്പുകൾ ലിബീഷിന്റെ വീടിനോടു ചേർന്ന വർക്ക്ഷോപ്പിനരുകിൽ നിന്നു കണ്ടെടുത്തു. കൃഷ്ണന്റെ വീട്ടിൽ നിന്നു കവർന്ന ആഭരണങ്ങളിൽ ഒരു ഭാഗവും വീട്ടിൽ നിന്നു കണ്ടെടുത്തു. ഇവ തൊടുപുഴയിലെ സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയാണെന്നു കണ്ടെത്തി. കസ്റ്റഡിയിൽ കിട്ടിയ ലിബീഷിനെ ചോദ്യം ചെയ്ത ശേഷം ആഭരണങ്ങൾ കണ്ടെടുക്കുമെന്നു പൊലീസ് അറിയിച്ചു. സുശീലയുടെ കൈയിലെ വള, കത്തി ഉപയോഗിച്ച് മുറിച്ചാണ് ലിബീഷ് ആഭരണം കൈക്കലാക്കിയത്. ഇതു കൂടാതെ മാലയും അപഹരിച്ചു.

ബൈക്കിന്റെ ഷോക്ക് അബ്സോർബർ പൈപ്പുകൾ കൊണ്ടുള്ള അടിയേറ്റ് അവശനിലയിലായ ആടുകളിൽ ഒരെണ്ണം ഗർഭിണിയാണ്. വെറ്ററിനറി ഡോക്ടർമാർ എത്തി ഇന്നലെ ആടുകളെ പരിശോധിച്ചു. കൃഷ്ണന്റെ സഹോദരൻ യജ്ഞേശ്വരന്റെ വീട്ടിലേക്ക് ഇവയെ മാറ്റി.

അന്വേഷണത്തിലേക്ക് നയിച്ച ഫോണ്‍കോളുകള്‍

കൂട്ടക്കൊല കേസില്‍ നിര്‍ണായകമായത് പ്രത്യേക ‘സ്‌പെക്ട്ര’ സംവിധാനം ഉപയോഗിച്ച് പ്രദേശത്തു നിന്നുള്ള ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ്. കൊല്ലപ്പെട്ട കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച സംഘം കഴിഞ്ഞ ആറുമാസക്കാലയളവിലെ ഫോണ്‍വിളികളുടെ വിശദാംശങ്ങളാണ് ആദ്യം പരിശോധിച്ചത്. ഇതില്‍നിന്നു കാര്യമായ തുമ്പു കിട്ടാത്തതിനെ തുടര്‍ന്ന് അതിനും ആറു മാസം മുന്‍പുള്ള വിളികള്‍ പരിശോധിച്ചു.

ഈ കാലയളവില്‍ ഒരാള്‍ സ്ഥിരമായി കൃഷ്ണന്റെ മൊബൈലിലേക്കു വിളിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. അനീഷിന്റെ നമ്പറാണ് ഇതെന്നും വ്യക്തമായി. കൃഷ്ണനെ കൊലപ്പെടുത്തണമെന്ന് ആറുമാസം മുന്‍പുതന്നെ തീരുമാനിച്ചിരുന്ന അനീഷ്, ഇതിനുശേഷം കൃഷ്ണന്റെ മൊബൈലിലേക്കു വിളിക്കാത്തതും സംശയത്തിനിടയാക്കി. ഇതോടെയാണ് അന്വേഷണം അനീഷില്‍ കേന്ദ്രീകരിച്ചത്.

അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ചതോടെ ‘സ്‌പെക്ട്ര’യ്ക്കു തിരക്കേറി. കുറ്റകൃത്യം നടത്തിയശേഷം മൊബൈല്‍ ഫോണിലൂടെ നടത്തുന്ന ആശയവിനിമയങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിനു സംസ്ഥാന പൊലീസ് സേന ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് സ്‌പെക്ട്ര. കമ്പകക്കാനത്തെ കൂട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതിയെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചതും സ്‌പെക്ട്രയാണ്. കൊല നടന്ന് രണ്ടു ദിവസത്തിനുള്ളില്‍ സ്‌പെക്ട്ര ജില്ലയില്‍ എത്തിച്ചിരുന്നു. ഇവ ഇനി തിരികെ മലപ്പുറത്തേക്കു കൊണ്ടുപോകും.

മനഃസ്താപമില്ലാതെ പ്രതികള്‍

മുഖ്യപ്രതി അനീഷിനായി ഇടുക്കിയിലെ വനമേഖലയില്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തുമ്പോഴും കൂട്ടുപ്രതി ലിബീഷിന് ഭാവമാറ്റങ്ങളോ മനഃസ്താപമോ ഉണ്ടായില്ല. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് യാതൊരു കുലുക്കമില്ലാതെയാണ് ഇയാള്‍ മറുപടി നല്‍കിയത്. ഒമ്പതാം ക്ലാസു വരെ മാത്രം പഠിച്ച ലിബീഷ് മദ്യത്തിനും കഞ്ചാവിനും അടിമയാണെന്നു പൊലീസ് പറഞ്ഞു. ഷാപ്പുംപടിയില്‍ ഒരാളുടെ തല അടിച്ചു തകര്‍ത്ത കേസില്‍ പ്രതിയാണു ലിബീഷ്. നാലു മാസം മുന്‍പാണു ഇയാള്‍ വിവാഹിതനായത്.

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അനീഷാകട്ടെ, നാട്ടുകാരുമായി അകന്നു നില്‍ക്കുന്ന പ്രകൃതമാണെന്നു പൊലീസ് പറഞ്ഞു. പഠനകാലയളവില്‍ റേഷന്‍കടയില്‍ അതിക്രമം കാട്ടി പണം തട്ടിയെടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പു കൊരങ്ങാട്ടിയില്‍ പ്രദേശവാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തിലും കേസുണ്ട്. മന്ത്രവാദത്തിനു പുറമേ പെയിന്റിങ്ങ് ജോലിക്കും ഇയാള്‍ പോകാറുണ്ട്. ബൈക്കിലാണു സഞ്ചാരം. മദ്യപാനത്തിനും കഞ്ചാവിനും വേണ്ടിയാണ് ഇയാള്‍ പണം ചെലവഴിക്കുന്നതെന്നും പൊലീസ് പറഞ്ഞു.