കനത്തമഴയിലും ഉരുള്‍പൊട്ടലിലും നടുങ്ങി കേരളം. ദുരന്തത്തില്‍ ഇന്നുമാത്രം 26 ജീവന്‍ പൊലിഞ്ഞു

കനത്തമഴയിലും ഉരുള്‍പൊട്ടലിലും നടുങ്ങി കേരളം. ദുരന്തത്തില്‍ ഇന്നുമാത്രം 22 ജീവന്‍ പൊലിഞ്ഞു. മലപ്പുറത്തും ഇടുക്കിയിലും ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വീതം ദുരന്തത്തിന് ഇരയായി. വയനാട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിലായി മൂന്നു പേരെ കാണാതായി. അതീവഗുരുതരമായ സ്ഥിതിവിശേഷം നേരിടാന്‍ സൈന്യം രംഗത്തിറങ്ങി.

ഇന്നലെരാത്രി തുടങ്ങിയ അതിതീവ്രമഴയാണ് ദുരന്തം വിതച്ചത്. അടിമാലിയില്‍ എട്ടുമുറിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യയും മകനും മകന്റെ ഭാര്യയും രണ്ട് ചെറുമക്കളുമാണ് മരിച്ചത്. മറ്റൊരു മകന്‍ ഷെറഫുദീന്‍ രക്ഷപെട്ടു. ഇടുക്കി കീരിത്തോട്ടിലും കൊരങ്ങാട്ടിലുമായി നാലുപേരും കമ്പിളികണ്ടത്ത് ഒരു വീട്ടമ്മയും മരിച്ചു. കീരിക്കോടുണ്ടായ ഉരുള്‍പൊട്ടലില്‍ കുട്ടക്കുന്നില്‍ ആഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്.

Image result for മഴക്കെടുതി

കൊരങ്ങാട്ടി കോളനിയിലെ ദമ്പതികളായ മോഹനനും ശോഭനയും മരിച്ചവരില്‍ ഉള്‍പെടുന്നു. മലപ്പുറത്ത് ചെട്ടിയംപറമ്പ് പറമ്പാടന്‍ സുബ്രഹ്മണ്യന്‍, അമ്മ കുഞ്ഞി, സുബ്രഹ്മണ്യന്റെ ഭാര്യ ഗീത, മക്കളായ നവനീത്, നിവേദ്, ബന്ധു മിഥുന്‍ എന്നിവരാണ് മരിച്ചത്. വയനാട് വൈത്തിരിയില്‍ അയ്യപ്പന്‍കുന്ന് ജോര്‍ജിന്റെ ഭാര്യ ലില്ലിക്കുട്ടിയാണ് മരിച്ചത്. രാത്രി ഉറങ്ങിക്കിടന്നവരാണ് ദുരന്തത്തിനിരയായത്. മീന്‍പിടിക്കാന്‍ പോയ കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ രജിത് മരിച്ചു. കനത്ത മഴ തുടരുന്നതനിടെ ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ ഫോഴ്‌സിനും പൊലീസും സജീവമായി രംഗത്തുണ്ട്.

Image result for മഴ

ദുരന്തനിവാരണ സേന കോഴിക്കോട്ട് എത്തി. ഇടുക്കിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം പുറപ്പെട്ടു. വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. മലമ്പുഴ ഡാം തുറന്നതോടെ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, കല്‍പാത്തി, മലമ്പുഴ എന്നിവിടങ്ങളില്‍ മിന്നില്‍ പ്രളയം ഉണ്ടായി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയതോടെ ആലുവയിലടക്കം പെരിയാറിന്റെ തീരത്തും സ്ഥിതി രൂക്ഷമാണ്.

അതീവ ജാഗ്രതയില്‍ ഇടുക്കി

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് അതിവേഗമുയരുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 13 പേര്‍ മരിച്ചു. ഏഴ് പേരെ കാണാതായി. ദേവികുളം താലൂക്കിലെ മന്നാംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേര്‍ മരിച്ചു. ഇതില്‍ പാത്തുമ്മ (65), മുജീബ് (38), ഷമീന (35) നിയ (7) മിയ (5) എന്നീ അഞ്ച് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.

ഇടുക്കി താലൂക്കിലെ രാജപുരം ക്രിസ്തുരാജ് എല്‍.പി സ്‌കൂളിനു സമീപം ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി. കരികുളത്തില്‍ വീട്ടില്‍ മീനാക്ഷി അവരുടെ മകന്‍ രാജന്‍, മകള്‍ ഉഷ എന്നിവരെയാണ് കാണാതായത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി അനൗദ്യോഗിക വിവരമുണ്ട്. കഞ്ഞിക്കുഴി വിലേജ് ചുരുളില്‍ ഉരുള്‍ പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. കൊന്നത്തടി വില്ലേജില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് 12 പേരെ പന്നിയാര്‍കുട്ടി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.

Related image

മണ്ണിടിച്ചലിനെ തുടര്‍ന്ന് ജില്ലയുടെ പലഭാഗത്തും റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ട നിലയിലാണ്. നേരിയമംഗലം പമ്പളകീറിതോട് റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഉടുമ്പന്‍ചോല റോഡ്, രാജാക്കാട് പൊന്‍മുടി റോഡ്, രാജാക്കാട് മാവര സിറ്റി, ചെമ്മണ്ണാര്‍ ഉടുമ്പന്‍ചോല എന്നീ റോഡുകള്‍ തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു.

കോഴിക്കോടും കണ്ണൂരും ജനജീവിതം സ്തംഭിപ്പിച്ചു

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മഴക്കെടുതിയില്‍ ജനജീവിതം സ്തംഭിപ്പിച്ചു. പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുന്നു. ചെറിയ പാലങ്ങള്‍ പലതും ഒലിച്ചുപോയി. മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം റോഡ് ഗതാഗതം താറുമാറായി.

കനത്ത മഴ മലയോരമേഖലയിലാണ് കൂടുതല്‍ നാശം വിതച്ചത്. കോഴിക്കോട് മലവെള്ളപാച്ചിലില്‍ ആനക്കാംപൊയില്‍ പ്രദേശം വെള്ളത്തിലായി. കുറ്റ്യാടി ചുരത്തിലും താമരശ്ശേരി ചുരത്തിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലില്‍ വാഹനങ്ങള്‍ അകപ്പെട്ടു.

Related image

കുറ്റ്യാടി പൂഴിത്തോട് വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കടവന്ത്ര പുഴ കരകവിഞ്ഞു. മട്ടിക്കുന്ന് മയില്‍ 20 ലധികം വീടുകള്‍ മണ്ണിനടിയിലായി. കണ്ണൂര്‍ ജില്ലയില്‍ ചെറുതും വലുതുമായ പത്തോളം ഉരുള്‍പൊട്ടലുണ്ടായി. വളയംചാല്‍ തൂക്കുപാലം ഒഴുകിപ്പോയി. പറശനിക്കടവ് ക്ഷേത്രത്തില്‍ വെള്ളം കയറി. ഇരുപതിലധികം വീടുകള്‍ തകര്‍ന്നു.

ബാവലി, ചീങ്കണ്ണി പുഴകള്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് മൂപ്പത്തിരണ്ട് വനപാലകര്‍ ഓഫീസുകളിലും ക്വാര്‍ട്ടേഴ്‌സിലും ഒറ്റപ്പെട്ടു. കൊട്ടിയൂര്‍ ടൗണിലെ ഒരു താല്‍കാലിക കെട്ടിടം ഒലിച്ചു പോയി. മലയോര ഹൈവേയില്‍ ഗതാഗതം സ്തംഭിച്ചു. രണ്ടു ജില്ലകളിലുമായി നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

മഴയും ഉരുള്‍പൊട്ടലും; ദുരിതക്കെടുതിയില്‍ മലപ്പുറം

കനത്ത മഴക്കിടെ മലപ്പുറത്ത് ഉരുള്‍പൊട്ടലില്‍ ആറു പേര്‍ മരിച്ച സ്ഥലത്ത് എത്താന്‍ റോഡിലെ വെള്ളക്കെട്ടു മൂലം രക്ഷാപ്രവര്‍ത്തകര്‍ പോലും പാടുപെട്ടു. ജില്ല ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി. ചൊവ്വാഴ്ച രാത്രി മുതല്‍ അണ മുറിയാതെ പെയ്യുന്ന മഴ ഉരുള്‍പൊട്ടല്‍ മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. നിലമ്പൂര്‍ ടൗണില്‍ മാത്രം മൂന്നിടങ്ങളില്‍ വെള്ളം കയറിയതോടെ സംസ്ഥാന പാതിയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ടൗണില്‍ പോലും അത്യാവശ്യ യാത്രകള്‍ക്ക് തോണിയേയാണ് ആശ്രയിക്കുന്നത്. ലോറികളും ബസുകളും അടക്കമുള്ള വലിയ വാഹനങ്ങള്‍ പോലും റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്.

Image result for മഴ

കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, ഊര്‍ങ്ങാട്ടിരി ,വഴിക്കടവ് ഭാഗങ്ങളിലാണ് വ്യാപകമായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. പല ആദിവാസി കോളനികളും ഒറ്റപ്പെട്ട നിലയിലാണ്. ചാലിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. അരീക്കോടിനടുത്ത് ഊര്‍ങ്ങാട്ടിരിയിലെ ചാലിയാറിന് കുറുകെയുള്ള ഇരുമ്പു നടപ്പാലം തകര്‍ന്നു. മമ്പാട് ബീമ്പുങ്ങല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിലെ ജലനിരപ്പ് പാലത്തിനേക്കാള്‍ ഉയരത്തിലെത്തിയത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

പ്രളയക്കെടുതിയില്‍ മുങ്ങി വയനാട്

കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയക്കെടുതിയില്‍ മുങ്ങി വയനാട് ജില്ല. ദുരന്തനിവാരണസേന റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചുരങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം നേരിടുന്നതിനാല്‍ ജില്ല ഏറെക്കുറെ ഒറ്റപ്പെട്ടു. കേരളത്തെ കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമായ താമരശേരി ചുരം കഴിഞ്ഞ 15 മണിക്കൂറായി സ്തംഭിച്ചിരിക്കുകയാണ്. രണ്ടായിരത്തോളം പേരെ ക്യാംപുകളിലേക്ക് മാറ്റി . രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയുടെ മൂന്നുസംഘവും ഒരു ഹെലികോപ്റ്ററും വയനാട്ടിലെത്തും

Image result for പാലക്കാട് മഴ

ജില്ലയില്‍ ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള മഴയാണ് തുടര്‍ച്ചയായി പെയ്യന്നത് . അഞ്ചിടങ്ങളില്‍ ഉരുള്‍പൊട്ടി . താമരശേരി ചുരത്തില്‍ അര്‍ദ്ധരാത്രി മുതല്‍ പലയിടങ്ങളിലായി മണ്ണിടിഞ്ഞു . വൈത്തിരി ചേലോടും ചുണ്ടേലും മണ്ണിടിഞ്ഞു .ഈ ഭാഗങ്ങളില്‍ അപകടാവസ്ഥ തുടരുകയാണ് . വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരങ്ങളിലും മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടുകിടക്കുകയാണ്. കുറ്റ്യാടി ചുരത്തിലും നിയന്ത്രണമുണ്ട്.

Image result for മഴക്കെടുതി

താഴ്ന്ന പ്രദേശത്തുള്ള വീടുകളില്‍ പലതും വെള്ളക്കെട്ടിലായി. വൈദ്യുതി ബന്ധം തകര്‍ന്നു. എത്തിപ്പെടാന്‍ പ്രയാസമുള്ളത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു .ബാണാസുര സാഗര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ രണ്ടര മീറ്ററാക്കി ഉയര്‍ത്തി. ഇതു വരെ 35 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. രണ്ടായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

വെള്ളത്തില്‍ മുങ്ങി പാലക്കാട്

പാലക്കാടിനെ വെള്ളത്തിലാക്കി കലിതുള്ളി കാലവര്‍ഷം. മലമ്പുഴയില്‍ ഉരുള്‍പൊട്ടി അണക്കെട്ട് നിറഞ്ഞൊഴുകുന്നു. കല്‍പാത്തിയിലും കഞ്ചിക്കോട്ടും വീടുകള്‍ പൂര്‍ണമായി മുങ്ങി. വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന ജോലികള്‍ പുരോഗമിക്കുന്നു. ജില്ലയിലാകെ കനത്ത മഴ തുടരുകയാണ്.

Image result for പാലക്കാട് മഴ

അര്‍ധരാത്രിയോടെ പാഞ്ഞെത്തിയ വെള്ളം പാലക്കാട് നഗരത്തെ വിഴുങ്ങി. കല്‍പാത്തി, ശേഖരീപുരം, പുത്തുര്‍ എന്നീവിടങ്ങളില്‍ വീടുകളുടെ ഒന്നാം നിലവരെ വെള്ളം ഉയര്‍ന്നു. കെട്ടിടങ്ങള്‍ക്ക് മുകളില്‍ അഭയംതേടിയവരെ പൊലീസും ഫയര്‍ഫോഴ്‌സും ബോട്ടുകളിലെത്തി രക്ഷപ്പെടുത്തി.

മലമ്പുഴയില്‍ ഉരുള്‍പൊട്ടി അണക്കെട്ട് നിറഞ്ഞതോടെ നാലു ഷട്ടറുകള്‍ നാലടി ഉയരത്തില്‍ തുറന്നു. തമിഴ്‌നാട്ടിലെ ആളിയാര്‍ അണക്കെട്ട് തുറന്നു വിട്ടതിനാല്‍ ചിറ്റൂര്‍, ഭാരതപ്പുഴകള്‍ കരകവിഞ്ഞു. ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാപുകള്‍ തുറന്നു.

ഷട്ടര്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്‍ തുടരും

ചെറുതോണിയിലെ ഒരു ഷട്ടര്‍ ഉയര്‍ത്തിയിട്ടും ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ ട്രയല്‍ റണ്‍ തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി ജില്ലാ ഭരണകൂടത്തെയാണ് ട്രയല്‍ റണ്‍ തുടരുമെന്ന കാര്യം കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇടുക്കിയിലെ അഞ്ച് ഷട്ടറുകളില്‍ ഒന്ന് 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. നാല് മണിക്കൂര്‍ സമയത്തേയ്ക്കായിരുന്നു ഇത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വെള്ളം ഒഴുക്കി വിട്ടിട്ടും ഇടുക്കിയിലെ ജലനിരപ്പ് താഴാത്തതിനാല്‍ ട്രയല്‍ റണ്‍ തുടരാന്‍ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു.

Image result for ഇടുക്കി അണക്കെട്ട്

ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെങ്കിലും കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്ന കാര്യവും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. എന്നാല്‍ മുന്നറിയിപ്പുകള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ ഷട്ടറുകള്‍ തുറക്കൂ എന്നും ആശങ്ക വേണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നു മുതല്‍ എട്ടു വരെ ഇടുക്കി പദ്ധതിയില്‍ ലഭിച്ച മഴയുടെ കണക്ക് ഇപ്രകാരം. ഒന്നാം തീയതി- 5.6 മില്ലീമീറ്റര്‍ (നേരിയ മഴ), രണ്ടാം തീയതി -1 സെമീ (നേരിയ മഴ), മൂന്നാം തീയതി- 3.6 സെന്റീമീറ്റര്‍ (ഭേദപ്പെട്ട മഴ), നാലാം തീയതി- 10.8 സെന്റീമീറ്റര്‍ (ശക്തമായ മഴ), അഞ്ചാം തീയതി- 3.2 മില്ലീമീറ്റര്‍ (നേരിയ മഴ), ആറാം തീയതി- 1.3 സെമീ (നേരിയ മഴ), ഏഴാം തീയതി- 12.8 സെമീ (ശക്തമായ മഴ), എട്ടാം തീയതി- 9.7 സെന്റീമീറ്റര്‍ (ശക്തമായ മഴ). സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കണക്കാണ് ഇത്. ഏഴാം തീയതി പീരുമേട്ടില്‍ 12 സെന്റീമീറ്ററും തൊടുപുഴയില്‍ 11 സെന്റീമീറ്ററും മൈലാടുംപാറയില്‍ നാലു സെന്റീമീറ്ററും മഴ രേഖപ്പെടുത്തി. ഇത് സംഭരണിയിലേക്കുള്ള നീരൊഴുക്കു ശക്തമാക്കിയതായി നിരീക്ഷകര്‍ പറയുന്നു.

നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവെച്ചു

വെള്ളപ്പൊക്ക ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 11 ന് നടക്കാനിരുന്ന നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവെച്ചു. പുതുക്കിയ തീയതി കലക്ടര്‍ പിന്നീടു പ്രഖ്യാപിക്കും. ജലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെങ്കിലും, കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജലോല്‍ത്സവും മാറ്റിവച്ചത്.

ജലോത്സവത്തിനായി ബോട്ട് ക്ലബുകള്‍ രണ്ടാഴ്ചയോളം പര!ിശീലനം നടത്തിയിരുന്നു. വെള്ളപ്പൊക്കം കുറഞ്ഞാല്‍ അടുത്തയാഴ്ച തന്നെ ജലോത്സവം നടത്താനാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ