താന്‍ ചതിക്കപ്പെട്ടുവെന്ന് ഹണി റോസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേരല്‍ ഹര്‍ജി നല്‍കിയ താന്‍ ചതിക്കപ്പെട്ടെന്ന് നടി ഹണിറോസ്. ചൊവ്വാഴ്ച നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് താന്‍ ചതിക്കപ്പെട്ടെന്ന് പരാതിപ്പെട്ടത്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഹര്‍ജി തയ്യാറാക്കിയ ബാബുരാജുമായി സംസാരിച്ചത്. ഹര്‍ജിയിലെന്താണ് എന്നറിയണമെന്ന് പറഞ്ഞപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും ഒപ്പ് വാട്‌സാപ്പില്‍ ഇട്ട് അയച്ചുതന്നാല്‍ മതിയെന്നുമായിരുന്നു മറുപടിയെന്നും ഹണി പറഞ്ഞു. അതുപറ്റില്ലെന്നും ഹര്‍ജി കാണണമെന്നും പറഞ്ഞപ്പോള്‍ ഒന്നും മൂന്നും പേജുകള്‍ അയച്ചുതന്നു. രണ്ടാംപേജിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഭാഗം ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ താന്‍ ഒറ്റപ്പെട്ടുപോയ അവസ്ഥയാണുണ്ടായതെന്നും ഹണി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേരാനുള്ള തീരുമാനം പാളിയതിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഹര്‍ജി നല്‍കിയ വനിതാ എക്‌സിക്യുട്ടീവ് അംഗങ്ങളുടെ തലയില്‍വെച്ചുകെട്ടുകയാണ് താരസംഘടനയായ എ.എം.എം.എ നേതൃത്വം ചെയ്തത്. ഹര്‍ജി നല്‍കിയത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു മറ്റുഭാരവാഹികളുടെ നിലപാട്.

ഹര്‍ജി നല്‍കാനുള്ള തീരുമാനം സംഘടനയുടേതായിരുന്നില്ലെന്നും വനിതാ അംഗങ്ങള്‍ സ്വന്തം താത്പര്യപ്രകാരം ചെയ്തതാണെന്നും ചൊവ്വാഴ്ച നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിനുശേഷം ട്രഷറര്‍ ജഗദീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടിയാലോചന ഉണ്ടായില്ല. ഹര്‍ജിയില്‍ പാളിച്ചകളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഹര്‍ജി നല്‍കിയവരിലൊരാളായ രചനാ നാരായണന്‍കുട്ടി യോഗത്തില്‍ പറഞ്ഞത് എ.എം.എം.എ നേതൃത്വം ഹര്‍ജി നല്‍കുന്നതിനെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നാണ്. ആക്രമിക്കപ്പെട്ട നടിയുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ഹര്‍ജി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രചന വ്യക്തമാക്കി. സ്വന്തം നിലയ്ക്കല്ല ഹര്‍ജിയുമായി മുന്നോട്ടുപോയതെന്ന് പറയാന്‍ രചനയ്‌ക്കോ ഒപ്പമുണ്ടായിരുന്ന ഹണിറോസിനോ കഴിഞ്ഞില്ല.

ഹര്‍ജിയില്‍ ചില പാളിച്ചകളുണ്ടായെന്ന് ജഗദീഷും ഹര്‍ജി നല്‍കിയവരും സമ്മതിച്ചു. പക്ഷേ, ഇതുതയ്യാറാക്കിയ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗത്തോട് വിശദീകരണം ചോദിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഹര്‍ജിയിലെ പാളിച്ചകളെക്കുറിച്ച് നിയമോപദേശം തേടാന്‍ സെക്രട്ടറി ഇടവേള ബാബുവിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിനുശേഷമായിരിക്കും തുടര്‍നടപടികള്‍.