നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്നത് നിര്‍ത്തിവെച്ചു

കൊച്ചി: നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്നത് താൽക്കാലികമായിനിര്‍ത്തിവെച്ചു. ദേശീയ-അന്തര്‍ദേശീയ സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.എന്നാല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിന് തടസമില്ല. ചെറുതോണി അണക്കെട്ടിലെ ട്രയല്‍ റണ്ണിന്റെ പശ്ചാത്തലത്തിലാണിത്.ഉച്ചയ്ക്ക് 1.10നാണ് ലാൻഡിങ് നിർത്തിയത്. ഇടുക്കി അണക്കെട്ട് തുറക്കുന്നതോടെ വെള്ളം പൊങ്ങുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ലാൻഡിങ് നിർത്തിയതെന്നു വിമാനത്താവള അധികൃതർ പറഞ്ഞു.

12.30നാണ് ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്നത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ നിയന്ത്രണതോതില്‍ 50 സെന്റി മീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടര്‍ നാല് മണിക്കൂര്‍ തുറന്നുവെക്കും. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഒഴുകുന്നത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡാം തുറക്കുന്നത്. പെരിയാറിന്റെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.

അടിയന്തര സാഹചര്യം പരിഗണിച്ചാണ് 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറന്നത്. മന്ത്രി എം എം മണി പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ഇടുക്കി ഡാമിലെത്തിരിയിരുന്നു.

ചെറുതോണി ഡാമിന്റെ താഴത്തുള്ളവരും ചെറുതോണി പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക്ടർ  ജീവൻ ബാബു അറിയിച്ചു. ഇത് ഒരു ട്രയല്‍ റണ്‍ ആണ് യാതൊരു പരിഭ്രാന്തിയുടെയും ആവശ്യമില്ല. പുഴയില്‍ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

ഇന്ന് ചേര്‍ന്ന ഉന്നതലയോഗത്തിലാണ് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. പത്തുമണിക്ക് ജലനിരപ്പ് 2398.80 അടിയാണ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

ജലനിരപ്പ് 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍ എന്ന നിലയില്‍ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞതോടെ തീരുമാനം മാറ്റിയിരുന്നു. ഇന്നലെ മുതല്‍ മഴ കനത്തതോടെ നീരൊഴുക്കും കൂടി. അതിനാലാണ് ട്രയല്‍ റണ്‍ എന്ന തീരുമാനത്തിലേക്കെത്തിയത്.

ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. മൂലമറ്റം വൈദ്യുത നിലയത്തില്‍ ഉല്‍പാദനം പൂര്‍ണതോതില്‍ നടന്നു. 13.56 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിച്ചു. 24.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ് ഇന്നലെ ഒഴുകിയെത്തിയത്. ജലസംഭരണിയില്‍ 92.58% വെള്ളമാണ് ഇന്നലെയുണ്ടായിരുന്നത്.

ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് പുലര്‍ച്ചെ തുറന്നു. 80 സെന്റി മീറ്റര്‍ വീതമാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നത്. അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നതും ഡാം തുറക്കുന്നത് അനിവാര്യമാക്കുകയാണ്. സാധാരണ കാലവര്‍ഷ സമയത്ത് ഇടുക്കി ഡാമില്‍ ജലനിരപ്പ് ഇത്ര ഉയരാറില്ല. 26 വര്‍ഷം മുന്‍പാണ് ഡാം ഇതിനു മുന്‍പ് തുറന്നത്.

ഏറിയാല്‍ ഒരാഴ്ചക്കകം ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി തുറക്കും. ഇതിനുള്ള മുന്നൊരുക്കമായാണ് ഇടമലയാര്‍ അണക്കെട്ട് തുറക്കുന്നത്. നിയന്ത്രിത തോതില്‍ ഇടമലയാര്‍ ഡാം തുറന്നാല്‍ മാത്രമേ ഇടുക്കി തുറക്കുമ്പോള്‍ പെരിയാറിലേക്ക് പൊടുന്നനെയുള്ള ജലത്തിന്റെ കുത്തൊഴുക്ക് നിയന്ത്രിക്കാനാകൂ. ഈ സാഹചര്യത്തിലാണ് ഇടമലയാര്‍ ഡാം തുറക്കാന്‍ തീരുമാനിച്ചത്.

ഇടമലയാറിനു താഴെയുള്ള ഭൂതത്താന്‍കെട്ട് ഡാം ആഴ്ചകളായി തുറന്നിരിക്കുകയാണ്. ഇടമലയാറില്‍ നിന്നുള്ള വെള്ളം ഭൂതത്താന്‍കെട്ട് വഴിയാണ് ഒഴുകുക. നിയന്ത്രിതമായ അളവില്‍, വെള്ളം ക്രമീകരിച്ച് പുറത്തേക്ക് ഒഴുകുന്ന വിധത്തിലാണ് ഇടമലയാര്‍ തുറക്കുക എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതുകൊണ്ട് പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനുള്ള സാധ്യത വിരളമാണ്.

ഇടുക്കി, എറണാകുളം ജില്ലകളിലെ എല്ലാ ഡാമുകളുടെയും വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതാണ് സ്ഥിതി സങ്കീര്‍ണ്ണമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തുലാവര്‍ഷവും കൂടി കണക്കിലെടുക്കുമ്പോള്‍ ഇടുക്കി തുറന്ന് വെള്ളം ഒഴുക്കേണ്ടത് സുരക്ഷയ്ക്ക് അനിവാര്യമാണ്. ഇതിനു മുന്നോടിയായി ഇടമലയാര്‍ ഡാമിലെ വെള്ളം ഏതാനും ദിവസം കൊണ്ട് പരമാവധി താഴ്ത്തുകയാണ് ലക്ഷ്യം.