നോട്ട് പിൻവലിക്കൽ: ഇപ്പോഴത്തെ സ്ഥിതി യുദ്ധകാലത്തിനു സമാനമെന്ന് മൻമോഹൻ

ന്യൂഡൽഹി∙ നോട്ട് അസാധുവാക്കിയതുവഴി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടിസ്ഥാന കർത്തവ്യങ്ങളെ പരിഹസിക്കുകയാണ് ചെയ്തതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ദ് ഹിന്ദു ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് സിങ്ങിന്റെ വിമർശനം. നോട്ട് അസാധുവാക്കിയ നടപടി സത്യസന്ധരായ ജനതയ്ക്ക് ദാരുണമായ മുറിവുകളുണ്ടാക്കി. വീണ്ടുവിചാരമില്ലാത്ത ഈ തീരുമാനത്തിലൂടെ കോടിക്കണക്കിനുവരുന്ന ജനത്തിന്റെ വിശ്വാസമാണ് തകർത്ത്. തങ്ങൾക്കും സ്വത്തിനും പണത്തിനും സർക്കാർ സുരക്ഷിതത്വമൊരുക്കുമെന്ന വിശ്വാസത്തിനാണ് ഉലച്ചിൽ തട്ടിയിരിക്കുന്നത്.

നോട്ട് അസാധുവാക്കലിനു പിന്നിലെ ഉദ്ദേശ്യം ബഹുമാനിക്കേണ്ടതും പിന്തുണയ്ക്കേണ്ടതുമാണെന്നതിൽ സംശയമില്ല. എന്നാൽ ഇന്ത്യയിലെ 90 ശതമാനത്തിലധികം ജനങ്ങളും പണമായിട്ടാണ് തങ്ങളുടെ ശമ്പളം കൈപ്പറ്റുന്നത്. ബാങ്കിങ് സംവിധാനങ്ങളിലില്ലാത്ത നാടുകളിലും ഗ്രാമങ്ങളിലുമാണ് അധികം പേരും കഴിയുന്നത്. അവർ തങ്ങളുടെ നിക്ഷേപങ്ങൾ 500, 1000 നോട്ടുകളായാണ് സൂക്ഷിച്ചിട്ടുണ്ടാകുക. ഇവയെല്ലാം ഒറ്റയടിക്ക് കള്ളപ്പണമാണെന്ന് മുദ്രകുത്തി അവരുടെ ജീവിതം താറുമാറാക്കുന്നത് വലിയ ദുരന്തമാണ്.

എല്ലാ പണവും കള്ളപ്പണമാണെന്നും എല്ലാ കള്ളപ്പണവും പണമാണെന്നും പറയുന്നത് ദുരന്തമാണ്. യുദ്ധകാലത്തിനു സമാനമാണ് ഇന്നത്തെ സ്ഥിതി. യുദ്ധസമയത്ത് റേഷനായി കിട്ടുന്ന ഭക്ഷണത്തിന് ആളുകൾ വരിനിൽക്കുന്നതുപോലെയാണ് പണത്തിനായി ആളുകൾ കാത്തുനിൽക്കുന്നത്. അടിസ്ഥാന ആവശ്യത്തിനുള്ള പണം ലഭിക്കാൻ ലക്ഷക്കണക്കിന് ആളുകൾ വരിനിൽക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. പെട്ടന്നെടുത്ത ഈ തീരുമാനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്നതാണ്.

വ്യവസായ ഉൽപാദനവും തൊഴിലും കുറയുന്ന ഈ കാലത്ത് ഈ നടപടി വളരെ വിപരീത ഫലമാണ് സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുക. ഓരോ രാജ്യത്തിന്റെയും വളർച്ചയുടെ പ്രധാനഘടകം ഉപഭോക്താവിന്റെ വിശ്വാസമാണ്. കള്ളപ്പണക്കാർ നിക്ഷേപങ്ങളിൽ കൂടിയ പങ്കും ഭൂമി, സ്വർണം, വിദേശനിക്ഷേപം എന്നീ നിലകളിലാകും സൂക്ഷിച്ചിട്ടുണ്ടാകുക. അതിനാൽ സർക്കാരിന്റെ ഈ നിർദേശം മൂലം പ്രശ്നത്തിലാകുക സാധാരണ ജനങ്ങളായിരിക്കുമെന്നും മൻമോഹൻ സിങ് പറയുന്നു.