ഡി.സി.സി നിയമനം: കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടങ്ങി 

ജോഷി ഫിലിപ്പിനെതിരെ രാഹുല്‍ ഗാന്ധിക്ക് കത്ത് 

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് 97 ല്‍ പുറത്താക്കിയ വ്യക്തിയാണ് ജോഷി ഫിലിപ്പ് 

മണ്ണ് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം 

വിജിലന്‍സ് കേസിലെ പ്രതിയാണെന്നും ഐ.എന്‍.ടി.യു.സി നേതാവ് ആന്‍റണി ഫിലിപ്പ് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു

കോട്ടയം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റായി നിയമിക്കപ്പെട്ട ജോഷി ഫിലിപ്പിനെതിരെ പാര്‍ട്ടിയില്‍ കലാപം. ഐ.എന്‍.ടി.യു.സി വാകത്താനം മണ്ഡലം പ്രസിഡന്‍റ് ആന്‍റണി ഫിലിപ്പാണ് ജോഷിയുടെ നിയമനത്തിനെതിരെ രാഹുല്‍ഗാന്ധിക്ക് കത്ത് അയച്ചത്. ജോഷി ഫിലിപ്പ് നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണെന്നും ഇയാള്‍ക്ക് മണ്ണ് മാഫിയയുമായിട്ട് ബന്ധമുണ്ടെന്നും ആന്‍റണി ഫിലിപ്പിന്‍റെ കത്തില്‍ ആരോപിക്കുന്നു. പാര്‍ട്ടിക്കുവേണ്ടി ഒരുപാട് കഷ്ടപ്പാടും ത്യാഗവും അനുഭവിച്ച വ്യക്തിയാണ് താനെന്നും തന്‍റെ സീനിയോറിറ്റി ഒരുഘട്ടത്തില്‍ പോലും പരിഗണിച്ചില്ലെന്നും കത്തില്‍ പറയുന്നു.

മുന്‍ ഡി.സി.സി പ്രസി‍ഡന്‍റും മന്ത്രിയുമായിരുന്ന കെ.സി. ജോസഫിന്‍റെ അടുത്ത ബന്ധുവാണ് ജോഷി. കെ.സി. ജോസഫിന് ബാക്ക് സീറ്റ് ഡ്രൈവിംഗ് നടത്തുന്നതിന് വേണ്ടിയാണ് ജോഷിയെ നിയമിച്ചിരിക്കുന്നത്. 1997 ല്‍ സി.പി.എമ്മുമായി ചേര്‍ന്ന്  കോണ്‍ഗ്രസിന്‍റെ പഞ്ചായത്ത് ഭരണം അട്ടിമറിച്ചതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയാണ് ജോഷി ഫിലിപ്പ്. ഇങ്ങനെയൊരാളെ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റായി നിയമിക്കുന്നത് ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണ്.

പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന കാലത്ത് ടാക്സി സ്റ്റാന്‍റിന് വേണ്ടി ഭൂമി ഏറ്റെടുത്ത സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഒരു വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. പാര്‍ട്ടി ഓഫീസിന് വേണ്ടി ജില്ലയിലുടനീളം വ്യാപകമായി പിരിവ് നടത്തിയെങ്കിലും പണത്തിന്‍റെ കണക്ക് കാണിക്കുകയോ കെട്ടിടം നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ല എന്ന് ആന്‍റണിയുടെ കത്തില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നുപോലും കൈക്കൂലി വാങ്ങിയ നിരവധി സംഭവങ്ങളുണ്ട്. ഇങ്ങനൊരു വ്യക്തിയെ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റായി നിയമിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ട്. ഇയാളെ ഉമ്മന്‍ചാണ്ടിയുടെ ആളായിട്ടാണ് നിയമിച്ചുവെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല.

ഒരു ബസ് കണ്ടക്ടറുടെ മകനായി ജനിച്ച ഇയാള്‍ക്ക് കോടികളുടെ ആസ്തിയുണ്ടെന്ന് ആന്‍റണിഫിലിപ്പ് അയച്ച കത്തില്‍ ആരോപിക്കുന്നു. കോട്ടയം ജില്ലയെന്ന് പറയുന്നത് വിദ്യാഭ്യാസപരമായി വളരെയധികം മുന്നോക്കം നില്‍ക്കുന്ന കോട്ടയം ജില്ലയില്‍ പത്താം ക്ലാസ് പോലും പാസാകാത്ത ഒരാളെയാണ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റായി നിയമിച്ചിരിക്കുന്നത്. ഞങ്ങള്‍ക്കൊക്കെ ഇത് അത്ഭുതമായി തോന്നുന്നു. യോഗ്യനായ ഒരു വ്യക്തിയെ ഈ സ്ഥാനത്തേക്ക് നിയമിക്കണമെന്നാണ് ഐ.എന്‍.ടി.യു.സി നേതാവ് ആന്‍റണിയുടെ കത്തില്‍  പറയുന്നു.