കാലവര്‍ഷക്കെടുതി: കേരളത്തെ സഹായിക്കാന്‍ പ്രവാസികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ പ്രളയ ദുരന്തമനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. നോര്‍ക്ക റൂട്‌സുമായി സഹകരിക്കുന്നവരും ലോകകേരളസഭയുടെ ഭാഗമായി നില്‍ക്കുന്നവരും മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്. വിദേശമലയാളികള്‍ക്ക് വലിയ സഹായം ചെയ്യാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ കാണാത്ത തരത്തിലുള്ള ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കേരളം നേരിടുന്നത്. മൂന്നുദിവസത്തിനകം 29 പേര്‍ വെള്ളപ്പൊക്ക കെടുതിയില്‍ മരിച്ചു. കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. പാലങ്ങളും റോഡുകളും തകര്‍ന്നു. ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും. എല്ലാ ഭാഗത്തുനിന്നും സഹായമുണ്ടായേ മതിയാവൂ. മനുഷ്യസ്‌നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സഹായങ്ങള്‍ നല്‍കേണ്ട അക്കൗണ്ട് നം. 67319948232, എസ്ബിഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.