മരണത്തിന്റെ ‘മുഖത്ത് ചവിട്ടി’ മുന്നോട്ട് . .

കൊച്ചി: കലി തുള്ളുന്ന പ്രകൃതിയില്‍ നിന്ന് ദുരിതബാധിതര്‍ക്ക് രക്ഷകരായി അവതരിച്ച് ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ ‘സഹയോഗ് ‘ എന്ന് പേരിട്ട രക്ഷാദൗത്യത്തില്‍ നൂറ് കണക്കിന് സൈനികരാണ് പങ്കാളിയായിരിക്കുന്നത്. തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കിയും പ്രളയക്കെടുതിയില്‍പ്പെട്ടവരെ രക്ഷിച്ചും മികച്ച പ്രവര്‍ത്തനമാണ് സേന നടത്തി വരുന്നത്.

പ്രകൃതിക്ഷോഭത്താല്‍ മണ്ണിടിഞ്ഞ് ഒറ്റപ്പെട്ടുപോയ വയനാട് ജില്ലയില്‍ ജീവന്‍ പോലും തൃണവല്‍ക്കരിച്ചാണ് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പനമരം, വൈത്തിരി എന്നിവടങ്ങളില്‍ ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങളില്‍ ഉള്ളവരെ രക്ഷിക്കാന്‍ സൈന്യം കുതിച്ചെത്തി. താമരശ്ശേരി ചുരത്തില്‍ കുടുങ്ങി ജീവിതത്തിനും മരണത്തിനും ഇടയിലായ അനവധി പേരെ രക്ഷിക്കാന്‍ സൈന്യത്തിന്റെ എന്‍ജിനീയറിംഗ് വിഭാഗം താല്‍ക്കാലിക പാലങ്ങള്‍ തന്നെ നിര്‍മ്മിക്കുകയുണ്ടായി.

 

അടിമാലിയിലേക്ക് കണ്ണൂര്‍ പാങ്ങോട് സേനാ ക്യാംപില്‍ നിന്നും കൂടുതല്‍ സേനാംഗങ്ങളെ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരട്ടിയില്‍ കുടുങ്ങി പോയ നൂറോളം പേര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതും കൃത്യ സമയത്തുള്ള സൈന്യത്തിന്റെ ഇടപെടല്‍ മൂലമാണ്. ഉരുള്‍പൊട്ടലില്‍ പെട്ട് മൂന്നാര്‍ പ്ലംജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികള്‍ അടക്കമുള്ളവരെ രക്ഷിക്കുന്നതിനും ജാഗ്രതാപരമായ പ്രവര്‍ത്തനമാണ് സൈന്യം നടത്തിയത്. ഇടുക്കിയിലെ അഞ്ചു ഷട്ടര്‍ കൂടി തുറന്നതോടെ കൂടുതല്‍ സൈന്യത്തെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇപ്പോള്‍ എത്തിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും ദുരന്തപ്രതികരണ സേനാ ടീം തുടരുകയാണ്. വയനാട്ടില്‍ ഹെലികോപ്റ്റര്‍ മുഖേന ഇന്നും കൂടുതല്‍ സൈനികരെ എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളും സൈന്യത്തിന് എല്ലാവിധ സഹായങ്ങളുമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം ആശയപരമായ ഭിന്നതക്ക് ഇടവേള നല്‍കി രക്ഷാദൗത്യത്തില്‍ പങ്കാളികളായത് ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിനും ഗുണകരമായിട്ടുണ്ട്. പൊലീസ്, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരും അവധിയെല്ലാം റദ്ദാക്കിയും സജീവമായ ഇടപെടല്‍ നടത്തി രംഗത്തുണ്ട്. ‘അണ്ണാറക്കണ്ണനും തന്നാലായത് ‘ എന്നതുപോലെ നാട്ടുകാരും സംഘടിതമായി ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ ചില മേഖലകളില്‍ സജീവമാണ്.

ഇതുവരെ 29 പേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പതിനൊന്ന് ജില്ലകളിലായി അര ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്വാമ്പുകളില്‍ കഴിയുകയാണ്. മുന്‍കൂര്‍ അനുമതി കൂടാതെ തന്നെ ജലനിരപ്പ് ക്രമീകരിക്കാനുള്ള അനുമതി ഇടുക്കി ജില്ലാ കളക്ടര്‍ക്കും കെ.എസ്.ഇ.ബിക്കും നല്‍കിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങ് എത്തുന്നത്.

disaster

ഇതിനിടെ കനത്ത മഴപെയ്യുന്ന സാഹചര്യത്തില്‍ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി 14 ജില്ലകളിലെയും പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാരുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി.

മഴക്കാലത്തിനുശേഷം എല്ലാ റോഡുകളും പൂര്‍ണമായും ഗതാഗതയോഗ്യമാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. മഴ മാറുന്ന സാഹചര്യത്തില്‍ റോഡുകള്‍ താത്കാലിക ഗതാഗതത്തിനായി സജ്ജീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് ആകെ 500 കിലോമീറ്റര്‍ റോഡാണ് പ്രകൃതിക്ഷോഭത്താല്‍ തകര്‍ന്നിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ മാത്രം 263 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. ആകെ 15 പാലങ്ങള്‍ ഇപ്പോള്‍ അപകടാവസ്ഥയിലാണ്. കഴിഞ്ഞ മഴയില്‍ 3000 കോടിയുടെ നഷ്ടം വിലയിരുത്തിയിരുന്നു. ഇപ്പോഴത്തെ മഴയിലും ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതിക്ഷോഭത്തിലും അയ്യായിരം കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.