സ്റ്റാലിനെതിരെ എം.കെ.അഴഗിരി; ഡിഎംകെയില്‍ ‘മക്കള്‍ കലാപം

ചെന്നൈ: എം. കരുണാനിധിയുടെ വിയോഗത്തോടെ ‘മക്കള്‍ കലാപം’ ആരംഭിച്ചിരിക്കുകയാണ് ഡിഎംകെയില്‍. കരുണാനിധിയുടെ മക്കളായ എം.കെ. സ്റ്റാലിനും എം.കെ. അഴഗിരിയും തമ്മിലാണ് അധികാരത്തിനായി മത്സരം തുടങ്ങിയത്. സ്റ്റാലിനെതിരെ പ്രസ്താവനയുമായി അഴഗിരി പരസ്യമായി രംഗത്തെത്തി. സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു പ്രതിരോധ നീക്കവുമായി അഴഗിരിയുടെ രംഗപ്രവേശം.

‘യഥാര്‍ഥ അണികളെല്ലാം എനിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാലം എല്ലാറ്റിനും കൃത്യമായ മറുപടി നല്‍കും. സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ എനിക്ക് ദുഃഖമുണ്ട്’- അഴഗിരി മാധ്യമങ്ങളോടു പറഞ്ഞു. മറീന ബീച്ചില്‍ കരുണാനിധിയെ സംസ്‌കരിച്ച സ്ഥലത്ത് എത്തിയതായിരുന്നു അഴഗിരി. മുന്‍പും കലാപക്കൊടിയുയര്‍ത്തിയിട്ടുള്ള അഴഗിരി ഇപ്പോള്‍ പാര്‍ട്ടിക്കു പുറത്താണ്. ‘ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റാണ് സ്റ്റാലിന്‍, എന്നാല്‍ അദ്ദേഹം വര്‍ക്ക് ചെയ്യുന്നില്ല’- അഴഗിരി ആരോപിച്ചു.

ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നു കരുണാനിധി പൂര്‍ണവിശ്രമത്തിലേക്കു മാറിയതിനെത്തുടര്‍ന്ന് 2017 ജനുവരിയിലാണ് സ്റ്റാലിന്‍ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. സ്റ്റാലിനുവേണ്ടി വര്‍ക്കിങ് പ്രസിഡന്റ് പദവി പുതുതായി സൃഷ്ടിക്കുകയായിരുന്നു. ട്രഷറര്‍ സ്ഥാനത്തിനു പുറമേയാണു സ്റ്റാലിന്‍ വര്‍ക്കിങ് പ്രസിഡന്റ് പദവിയും വഹിക്കുന്നത്. 1982ല്‍ ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയെന്ന പദവി സൃഷ്ടിച്ചാണ് കരുണാനിധി, മകന്‍ സ്റ്റാലിന് പാര്‍ട്ടി നേതൃവഴിയിലേക്കു പരവതാനി വിരിച്ചത്. 65കാരനായ സ്റ്റാലിന്‍ കഴിഞ്ഞ വര്‍ഷം വരെ പാര്‍ട്ടി യുവജനവിഭാഗം സെക്രട്ടറിയായിരുന്നു.

ഡിഎംകെ നിര്‍വാഹക സമിതി യോഗം 14നു പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്. വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്‍ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു തീയതി പ്രഖ്യാപിച്ചത്. 19നു ജനറല്‍ കൗണ്‍സില്‍ യോഗം ചേരാന്‍ പാര്‍ട്ടി നേരത്തേ തീരുമാനിച്ചിരുന്നു. ഡിഎംകെ ഭരണഘടനപ്രകാരം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള അധികാരം ജനറല്‍ കൗണ്‍സിലിനാണ്. സ്റ്റാലിന്റെ സ്ഥാനാരോഹണം സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ നിര്‍വാഹക സമിതി യോഗത്തില്‍ നടക്കാനാണു സാധ്യത.

അര്‍ധസഹോദരി കനിമൊഴിക്കൊപ്പം മുന്‍കേന്ദ്രമന്ത്രി കൂടിയായ എ. രാജയും പാര്‍ട്ടിയില്‍ പുതിയ അധികാര സമവാക്യങ്ങള്‍ക്കായി രംഗത്തുണ്ട്. 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കുറ്റവിമുക്തരായതോടെ ശക്തരായ ഇരുവരും ഒന്നിച്ചു പാര്‍ട്ടിക്കുള്ളില്‍ സ്റ്റാലിനു തലവേദന സൃഷ്ടിക്കാനിടയുണ്ട്.