വിട പറഞ്ഞത് രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാള്‍

കൊല്‍ക്കത്ത: ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു സോമനാഥ് ചാറ്റര്‍ജി ലോക്‌സഭാ സ്പീക്കറായി സേവനമനുഷ്ടിച്ചത്. 62 സീറ്റുകള്‍ നേടിയ സിപിഐഎം അന്ന് യുപിഎക്ക് പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിച്ചതിന്റെ ഭാഗമായി സിപിഐഎമ്മിന് സ്പീക്കര്‍ സ്ഥാനം നല്‍കിയപ്പോള്‍ ഏറ്റവും കരുത്തുറ്റ പാര്‍ലമെന്റേറിയനായ സോംനാഥിനെ പാര്‍ട്ടി ഉത്തരവാദിത്വം ഏല്‍പ്പിക്കുകയായിരുന്നു.1968ല്‍ സിപിഐഎം അംഗമായ അദ്ദേഹം 2008 വരെ പാര്‍ട്ടി അംഗമായിരുന്നു. പിന്നീടം നേതൃത്വവുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നു.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് രാവിലെയായിരുന്നു സോമനാഥ് ചാറ്റര്‍ജി അന്തരിച്ചത്. ലോക്‌സഭാ സ്‌പീക്കറായ ആദ്യ കമ്മ്യൂണിസ്‌റ്റ് നേതാവായിരുന്നു ചാറ്റര്‍ജി.

Image result for somnath chatterji

പത്ത് തവണ അദ്ദേഹം സിപിഐഎമ്മിനെ പ്രതിനിതീകരിച്ച് ലോക്‌സഭയിലെത്തി. യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേടിയ സാഹചര്യത്തില്‍ സോംനാഥായിരുന്നു സഭ നിയന്ത്രിച്ചിരുന്നു. ഇന്ത്യയുഎസ് ആണവ കരാറിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചപ്പോള്‍, ലോക്‌സഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം വിസമ്മതിച്ചതായിരുന്നു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കാരണം. അന്നത്തെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി വലിയ രീതിയിലുള്ള അഭിപ്രായ വ്യത്യസമാണ് ഈ വിഷയത്തിലുണ്ടായിരുന്നത്.പാര്‍ട്ടിയിലേക്കു തിരിച്ചുവരാന്‍ തനിക്കു മോഹമുണ്ടെന്നും താന്‍ പാര്‍ട്ടിയുടെ ശത്രുവല്ലെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സോമനാഥ് ചാറ്റര്‍ജി സിപിഐഎമ്മിനു വീണ്ടും അഭിമതനായി മാറുന്നുവെന്നും സൂചനകളുണ്ടായിരുന്നു.

Image result for somnath chatterji

ഇടതു പാര്‍ട്ടികളുടെ അപചയത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലും അദ്ദേഹം സജീവമായിരുന്നു. മായാവതി, ജയലളിത തുടങ്ങിയവരുമായി ഇടതുപാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നതു തനിക്കു സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത സംഗതിയാണെന്നും ഇത്തരം ധാരണകള്‍ക്കു പ്രതികൂല സ്വഭാവം മാത്രമാണുള്ളതെന്നും ചാറ്റര്‍ജി വിമര്‍ശിച്ചു. പാര്‍ട്ടിയിലുള്ളവരുടെ മനസ്സു മാറാതെ താന്‍ തിരികെ പാര്‍ട്ടിയിലേക്കു പോകില്ലെന്നും സോമനാഥ് പറഞ്ഞു.

രാജ്യത്തെ പരമോന്നത നിയമനിര്‍മ്മാണ സഭയുടെ അധ്യക്ഷപദവിക്കു കളങ്കമേല്‍ക്കാതിരിക്കാനാണു ഭരണഘടനയ്ക്ക് ഒപ്പം നിന്നുകൊണ്ടു നിര്‍ണായക തീരുമാനമെടുക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നാണു സ്പീക്കര്‍ പദവി വിവാദത്തോട് ചാറ്റര്‍ജി പ്രതികരിച്ചത്. വിശ്വാസ വോട്ടില്‍ സ്പീക്കര്‍ പദം രാജിവച്ചു യുപിഎ സര്‍ക്കാരിനെതിരെ നിലകൊള്ളാന്‍ സിപിഎം സോമനാഥിനു മേല്‍ സമ്മര്‍ദംചെലുത്തിയിരുന്നു. എന്നാല്‍, ഭരണഘടനാപദവി വഹിക്കുന്ന താന്‍ പാര്‍ട്ടി തീട്ടൂരങ്ങള്‍ക്ക് അതീതനാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.

Image result for somnath chatterji

സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറാകാതിരുന്ന സംഭവത്തെ കുറിച്ച് സോമനാഥ് ചാറ്റര്‍ജി തന്റെ ആത്മകഥയായ ‘വിശ്വാസ്യതയുടെ ഓര്‍മക്കുറിപ്പുകളി’ല്‍ പറയുന്നുണ്ട്. അതിലെ ഒരു അധ്യായത്തില്‍ നിന്ന്:

അമേരിക്കയുമായി ആണവകരാറില്‍ ഒപ്പിടാനുള്ള യു.പി.എ. ഗവണ്‍മെന്റിന്റെ തീരുമാനം പാര്‍ലമെന്റില്‍ ഒരു പ്രതിസന്ധി സൃഷ്ടിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയന്‍സിന് (യു.പി.എ.) പുറമേനിന്നു പിന്തുണ നല്കിയിരുന്ന സി.പി.ഐ.എമ്മിന് പാര്‍ലമെന്റില്‍ സാമാന്യം നല്ല അംഗബലമുണ്ടായിരുന്നു. അത് പാര്‍ലമെന്റില്‍ ഗവണ്‍മെന്റിനു നല്ല താങ്ങായിരുന്നു. ഏതായാലും പാര്‍ട്ടി ആണവകരാറിനോടുള്ള ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുപോന്നു. കരാറുമായി മുന്നോട്ടു പോകാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തീരുമാനിച്ചപ്പോള്‍ സി.പി.ഐ.(എം) നേതൃനിരയില്‍ പ്രാമുഖ്യമുണ്ടായിരുന്ന വിഭാഗം ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഗവണ്‍മെന്റ് ന്യൂനപക്ഷമായിത്തീരുമെന്നും രാജിവെക്കാന്‍ നിര്‍ബന്ധിതമാവുമെന്നും അങ്ങനെ വരുമ്പോള്‍ കരാറിനെ ഫലപ്രദമായി തകിടംമറിക്കാനാവുമെന്നുമായിരുന്നു അവരുടെ ന്യായം. പതിവുവഴക്കമനുസരിച്ച് ഒരു വിശ്വാസപ്രമേയം അവതരിപ്പിക്കപ്പെട്ടു. അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ 2008 ജൂലായ് 28 ന് ഏറക്കുറെ സുഖകരമായി വിശ്വാസപ്രമേയം പാസ്സാവുകയും ഗവണ്‍മെന്റ് അതിജീവിക്കുകയും ചെയ്തു. യു.പി.എയ്ക്ക് പിന്തുണ നല്കിക്കൊണ്ട് സമാജ്‌വാദി പാര്‍ട്ടി ഗവണ്‍മെന്റിന് ആയുസ്സ് നീട്ടിക്കൊടുക്കുകയായിരുന്നു. പ്രമേയം വോട്ടിനിട്ടപ്പോള്‍ ഗവണ്‍മെന്റിനെതിരായി സി.പി.ഐ.(എം) ബി.ജെ.പി യോടൊപ്പം വോട്ടുചെയ്തുവെങ്കിലും ഗവണ്‍മെന്റിനെ പുറത്താക്കാനുള്ള പാര്‍ട്ടിയുടെ ശ്രമം പരാജയപ്പെട്ടു.

സി.പി.ഐ.എമ്മുമായുള്ള എന്റെ ബന്ധവും പ്രമേയത്തെത്തുടര്‍ന്നു വ്യക്തിപരമായി പ്രതിസന്ധിയിലകപ്പെട്ടു. 2008 ജൂലായ് 20ന്, സ്പീക്കര്‍സ്ഥാനം രാജിവെച്ച് പ്രമേയത്തിനെതിരായി വോട്ടു ചെയ്യണമെന്ന് പാര്‍ട്ടി എന്നോടു നിര്‍ദേശിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു നിര്‍ദേശം. ഞാന്‍ പ്രമേയത്തിനെതിരായി വോട്ടു ചെയ്തിരുന്നുവെങ്കിലും അത് വോട്ടെടുപ്പുഫലത്തെ ബാധിക്കുമായിരുന്നില്ലെന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചത്. പാര്‍ട്ടിയുടെ തീട്ടൂരത്തിനനുസരിച്ച്, തലകുനിക്കാന്‍ ഞാന്‍ വിസമ്മതിച്ചത് പ്രധാനമായും സ്പീക്കര്‍ എന്ന നിലയില്‍ പാര്‍ട്ടിക്ക് എന്നോട് കല്പിക്കാനാവുകയില്ല എന്നതിന്റെയും ഞാന്‍ നിഷ്പക്ഷത പുലര്‍ത്താന്‍ ബാധ്യസ്ഥനാണ് എന്നതിന്റെയും പേരിലാണ്. അപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്റെ രോഷം പുറത്തുകാട്ടിയത് എന്നെ തല്‍ക്ഷണം, അതായത് 2008 ജൂലായ് 23ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടാണ്. എന്നെ പുറത്താക്കുന്നതുകൊണ്ട് പാര്‍ട്ടി ശക്തമാവുകയാണെങ്കില്‍ അത് എനിക്കൊരാശ്വാസമാണ് എന്നായിരുന്നു എന്റെ പ്രതികരണം. എങ്കിലും മാതാപിതാക്കള്‍ മരിച്ചതിനുശേഷം എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമായിരുന്നു 2008 ജൂലായ് 23 എന്നതില്‍ യാതൊരു സംശയവുമില്ല.

ഇന്തോ-യു.എസ്.ആണവകരാറിനെ എന്തു വിലകൊടുത്തും ഗവണ്‍മെന്റിനെ മറിച്ചിട്ടുകൊണ്ടുപോലും എതിര്‍ക്കാനുള്ള തീരുമാനം കൈക്കൊണ്ടത് കരാര്‍ ദേശീയതാത്പര്യത്തിനു വിരുദ്ധമാണെന്നും നമ്മുടെ രാജ്യത്തെ അമേരിക്കയ്ക്കു വിധേയമാക്കിത്തീര്‍ക്കുമെന്നും പാര്‍ട്ടിക്കു തോന്നിയതുകൊണ്ടാണെന്നാണ് അനുമാനിക്കേണ്ടത്. എന്തു വിലകൊടുത്തും അതു തടയാന്‍ പാര്‍ട്ടി ആഗ്രഹിച്ചു.

യു.പി.എ.ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് ഏതാനും ദിവസങ്ങള്‍ക്കുശേഷം, എന്നാല്‍ അതു ജനങ്ങളോടു പ്രഖ്യാപിക്കുന്നതിനു മുന്‍പ് പ്രകാശ് കാരാട്ട് എന്നെ വീട്ടില്‍ വന്നു കണ്ടിരുന്നു. ഇന്തോയു.എസ്.ആണവ ഇടപാടില്‍ ഏതെങ്കിലും നിലയ്ക്കു മുന്നോട്ടു പോകുന്നതിനു മുന്‍പ് താനുമായി കൂടിയാലോചന നടത്തുമെന്ന് ഗവണ്‍മെന്റ് തന്നോടു വാഗ്ദത്തം ചെയ്തിരുന്നുവെന്നും, ഇപ്പറഞ്ഞ വാഗ്ദാനം പാലിക്കുന്നതില്‍ പ്രധാനമന്ത്രിയും യു.പി.എ. അധ്യക്ഷയും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പറഞ്ഞ പരാജയംവഴി താന്‍ നിന്ദിക്കപ്പെട്ടതായും വഞ്ചിക്കപ്പെട്ടതായും തോന്നി എന്നും അദ്ദേഹം പറഞ്ഞു. വാഗ്ദത്തലംഘനമെന്ന് അദ്ദേഹം വിളിക്കുന്ന ഒരു കാരണത്തിന്റെ പേരില്‍, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം യു.പി.എയുമായി പിരിഞ്ഞുപോവുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു.

ഏറ്റവും വലിയ തിന്മയായ ബി.ജെ.പി. നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വരാതിരിക്കാനാണ് 2004ല്‍ സി.പി.ഐ.(എം) യു.പി.എ. ഗവണ്‍മെന്റിനെ പുറത്തുനിന്നു പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് എന്നതു പ്രധാനമാണ്. ഗവണ്‍മെന്റ് ചെയ്തതും ചെയ്യാന്‍ വിട്ടതുമായ കാര്യങ്ങളുടെ ഉത്തരവാദിത്വമേറ്റെടുക്കാനാഗ്രഹിക്കാത്തതുകൊണ്ടാണ് പാര്‍ട്ടി ഗവണ്‍മെന്റില്‍ ചേരാഞ്ഞത്. ഗവണ്‍മെന്റില്‍ ചേരുന്ന കാര്യം കേന്ദ്ര കമ്മിറ്റിയുടെ മുന്‍പാകെ വന്നപ്പോള്‍ പുറത്തു നില്ക്കുന്നതിനെപ്പറ്റിയുള്ള എന്റെ ഭയാശങ്കകള്‍ ഞാന്‍ പ്രകടിപ്പിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് പാര്‍ട്ടിക്കും തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണജനങ്ങളുടെയും താത്പര്യങ്ങള്‍ക്കും പശ്ചിമബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും ഇടതുമുന്നണി ഗവണ്‍മെന്റുകള്‍ക്കും സഹായകവുമാവുകയില്ല എന്നായിരുന്നു എന്റെ ഭീതി. പാര്‍ട്ടിയുടെ അടിത്തറ പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും പരിമിതമാണ്. അവിടെത്തന്നെയും പാര്‍ട്ടി നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. അത് വേവലാതിപ്പെടേണ്ട കാര്യമാണുതാനും. ഗവണ്‍മെന്റില്‍ ചേരുകവഴി സാധാരണജനങ്ങള്‍ക്ക് ഉപകാരപ്രദമായ നയപരിപാടികള്‍ നടപടികള്‍ വരുത്തുന്നതിനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍, തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കെടുക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി വിസമ്മതിക്കുകയോ വൈമുഖ്യം കാട്ടുകയോ ചെയ്യുന്നത് എന്റെ കാഴ്ചപ്പാടില്‍ രാഷ്ട്രീയ ആത്മഹത്യയായിരുന്നു. പാര്‍ട്ടിയുടെ പരിപാടികളിലും കഴിവിലും പ്രാപ്തിയിലുമുള്ള ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അഭാവമാണ് അതു കാണിക്കുന്നത്. ഏതായാലും ഈ കാഴ്ചപ്പാട് പ്രകാശ് കാരാട്ടിനും കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള അദ്ദേഹത്തിന്റെ ഗ്രൂപ്പിനും ഇഷ്ടപ്പെട്ടില്ല. അങ്ങനെ പാര്‍ട്ടി ഇപ്രകാരം തീരുമാനിച്ചു:

(ശ) ഗവണ്‍മെന്റില്‍ ചേരരുത്.

(ശശ) യു.പി.എ. ഗവണ്‍മെന്റ് രൂപപ്പെടുത്തുകയും യു.പി.എയുടെ എല്ലാ ഘടകകക്ഷികളും ഒപ്പിട്ടതുമായ പൊതുമിനിമം പരിപാടിയില്‍ ഒപ്പിടരുത്.

(ശശശ) യു.പി.എ.കോഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ അംഗമാകരുത്.

യു.പി.എ ഇടതു കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാമെന്നു മാത്രമാണ് പാര്‍ട്ടി സമ്മതിച്ചത്. ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയും സോണിയാഗാന്ധി യു.പി.എ. അധ്യക്ഷയുമായി യു.പി.എ. ഗവണ്‍മെന്റ് രൂപീകരിച്ചശേഷം എല്ലാവര്‍ക്കും, വിശേഷിച്ചും ഭരണത്തിലിരിക്കുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമായി. ഇടതുകക്ഷികള്‍ അവര്‍ക്ക് ലോകസഭയില്‍ അറുപത്തിരണ്ട് അംഗങ്ങളുണ്ട്, അവരുടെ പിന്തുണയെ ആശ്രയിച്ചാണ് ഗവണ്‍മെന്റിന്റെ നിലനില്പ് ‘കിരീടത്തിനു പിന്നിലുള്ള യഥാര്‍ഥ അധികാരകേന്ദ്രം’ എന്ന പങ്കു നിര്‍വഹിക്കാനാഗ്രഹിക്കുന്നു. സംഗതി അങ്ങനെ ആയിരുന്നുതാനും. പ്രധാനമന്ത്രി ഏതു നിയമനിര്‍മാണ നിര്‍ദേശത്തെപ്പറ്റിയും പ്രധാനപ്പെട്ട നടപടികളെപ്പറ്റിയും പ്രകാശ് കാരാട്ടുമായി കൂടിയാലോചിക്കേണ്ടിയിരുന്നു. മറ്റ് ഇടതുകക്ഷിനേതാക്കളുടെ സമ്മതം വാങ്ങേണ്ടിയിരുന്നു. ഗവണ്‍മെന്റ് കൈക്കൊള്ളേണ്ട ഓരോ നടപടിക്കും കാരാട്ടിന്റെയും മറ്റ് ഇടതുനേതാക്കളുടെയും പിന്തുണ അഭ്യര്‍ഥിക്കുവാന്‍വേണ്ടി പ്രധാനമന്ത്രിയും യു.പി.എയിലെ മറ്റു തലമുതിര്‍ന്ന നേതാക്കളും അവരെ പതിവായി കാണാറുണ്ടായിരുന്നു എന്നതു പരക്കേ അറിയപ്പെട്ട കാര്യമാണ്.

സ്പീക്കര്‍സ്ഥാനത്തിരുന്ന കാലത്ത് പാര്‍ട്ടിക്കു ഞാനുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ജ്യോതി ബസുവുമായി ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ പാര്‍ട്ടിയുമായി ഞാന്‍ ബന്ധപ്പെട്ടതേയില്ല. കല്ക്കത്തയില്‍ പോകുമ്പോഴൊക്കെ ഞാന്‍ ജ്യോതി ബസുവിനെ സന്ദര്‍ശിക്കുമായിരുന്നു. അതു കൂടുതലും അദ്ദേഹത്തെ കാണാനും നല്ല സുഖമില്ലാതിരിക്കുന്ന അദ്ദേഹത്തിനു വേഗത്തില്‍ രോഗശമനമുണ്ടാവട്ടെ എന്നാശംസിക്കാനുമായിരുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന്റെ താമസസ്ഥലം പതിവായി സന്ദര്‍ശിക്കുവാന്‍ ഞാന്‍ സ്വാതന്ത്ര്യമെടുത്തു. അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ നുകരാനുള്ള അപൂര്‍വമായ പ്രത്യേകാവകാശം എനിക്കുണ്ടായിരുന്നു എന്നതാണ് അതിനു കാരണം.

സ്പീക്കര്‍ എന്ന നിലയില്‍ ഞാന്‍ പാര്‍ട്ടിയില്‍നിന്നും എല്ലാ രാഷ്ട്രീയത്തര്‍ക്കങ്ങളില്‍നിന്നും വിവാദങ്ങളില്‍നിന്നും വിട്ടുനിന്നു. ഇടതുപക്ഷം ഗവണ്‍മെന്റിന്റെ ഏതെങ്കിലും നിര്‍ദേശത്തെയോ തീരുമാനത്തെയോ എതിര്‍ക്കുന്ന കാര്യങ്ങളുടെ ഗുണദോഷങ്ങളെപ്പറ്റിയൊന്നും ഞാന്‍ ഒരിക്കലും യാതൊരു അഭിപ്രായപ്രകടനവും നടത്തിയില്ല. അവരുടെ നിലപാട് നീതീകരിക്കാവുന്നതാണോ അല്ലേ എന്നൊന്നും പറഞ്ഞതേയില്ല. എന്നാല്‍, ഇടതുനേതാക്കന്മാര്‍ ഗവണ്‍മെന്റില്‍ ചേരാതെതന്നെ യഥാര്‍ഥ അധികാരം കൈക്കലാക്കിയിരിക്കുകയാണെന്നായിരുന്നു സാമാന്യമായ കാഴ്ചപ്പാട്. അതുവഴി അവര്‍ യഥാര്‍ഥത്തിലുള്ള അധികാരശക്തിയായി ഗര്‍വ് നടിക്കുകയാണെന്നും അതേസമയം അതിനനുസൃതമായി കണക്കുപറയേണ്ട അവസ്ഥ അവര്‍ക്കില്ലെന്നും ഗവണ്‍മെന്റിന്റെ നിലനില്പ് അവരെ ആശ്രയിച്ചാണിരിക്കുന്നത് എന്ന ഭാവമാണ് അവര്‍ക്കുള്ളതെന്നും മറ്റുമായിരുന്നു ധാരണ. പല കേന്ദ്രങ്ങളും ഇതു പ്രകടിപ്പിക്കുകയുണ്ടായി. അങ്ങനെ പ്രകാശ് കാരാട്ടിനെയും എ.ബി.ബര്‍ദനെയും പോലെയുള്ള നേതാക്കള്‍ക്ക് അവര്‍ക്കുള്ളതിനെക്കാളും മികച്ച പ്രതിച്ഛായയും രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ സ്വാധീനവും ഉണ്ടാക്കാന്‍ കഴിഞ്ഞു.

പ്രധാനമന്ത്രിയുമായും യു.പി.എ.അധ്യക്ഷയുമായും ആവശ്യത്തിലേറെ അടുപ്പം സ്ഥാപിക്കാന്‍ സാധിച്ചതുകൊണ്ടും ഗവണ്‍മെന്റ് പ്രകാശ് കാരാട്ടിനെയും ഇതര ഇടതുനേതാക്കളെയും ഉള്‍ക്കൊള്ളുന്ന നിലപാടു പുലര്‍ത്തിയതുകൊണ്ടും ഇടതുപക്ഷത്തിന് അത്ര ഉറച്ച ബോധ്യമൊന്നുമായിരുന്നില്ലെങ്കില്‍ത്തന്നെയും ഒരു വിശ്വാസമുണ്ടായി ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ തീരുമാനമാണ് അവസാനവാക്ക്, തങ്ങളുടെ തീട്ടൂരങ്ങള്‍ അനിവാര്യമായും അനുസരിക്കപ്പെടും. അതുവഴി അവര്‍ സഭയിലും, രാജ്യത്തുപോലുമുള്ള തങ്ങളുടെ യഥാര്‍ഥശക്തി മറന്നുപോവുകയാണ് ചെയ്തത്. തങ്ങളുടെ തീരുമാനങ്ങള്‍ പരമമായി കണക്കാക്കണമെന്നും അവയെക്കുറിച്ച് പുനരാലോചന പാടില്ലെന്നും അവരാഗ്രഹിച്ചു. പാര്‍ട്ടിനേതാക്കളുടെ, പ്രധാനമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അനുഗ്രഹാശിസ്സുകളോടുകൂടി മാത്രമേ യു.പി.എ.ഗവണ്‍മെന്റിനു നിലനില്ക്കാനാവുകയുള്ളൂ എന്ന ആര്‍ക്കും ദഹിക്കാനാവാത്ത ധാരണയാണ് സി.പി.എം. നല്കിയത്. സാധാരണക്കാര്‍ ഇതു യാതൊരു ന്യായീകരണവുമില്ലാത്ത അഹന്തയല്ലാതെ മറ്റൊന്നുമല്ലെന്നു കരുതിയെന്നു പറയേണ്ടതില്ലല്ലോ.

ആണവകരാര്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ദൃഢനിശ്ചയത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നതിനോടൊപ്പംതന്നെ സി.പി.ഐ.(എം) തുല്യശക്തിയോടെ തങ്ങളുടെ എതിര്‍പ്പ് ഉപേക്ഷിക്കാതിരിക്കാനും തീരുമാനിച്ചു. തിരിച്ചുപോക്കില്ല എന്നും യു.പി.എ.ഗവണ്‍മെന്റിനുള്ള തങ്ങളുടെ പിന്തുണ പാര്‍ട്ടി പിന്‍വലിച്ചേക്കുമെന്നും തോന്നാവുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. അങ്ങനെയൊരു തീരുമാനം രാജ്യത്തിനും പാര്‍ട്ടിക്കു തന്നെയും വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങള്‍ ശരിയായി വിലയിരുത്തിയിട്ടില്ലായിരുന്നു. അങ്ങനെ വരുമ്പോള്‍ ഗവണ്‍മെന്റ് നിലംപതിക്കും. ഒന്നുകില്‍ എന്‍.ഡി.എ. സഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ നേടിയെടുക്കും, അല്ലെങ്കില്‍ പുതിയ തിരഞ്ഞെടുപ്പിലേക്കു പോകാന്‍ രാജ്യം നിര്‍ബന്ധിതമാവും.

ഇന്ത്യയിലെയും അമേരിക്കയിലെയും ഗവണ്‍മെന്റുകള്‍ തമ്മില്‍ ആണവകരാറിനെക്കുറിച്ചു നടത്തിയ സംഭാഷണങ്ങള്‍ ഗണനീയമായ വിവാദങ്ങള്‍ സൃഷ്ടിച്ച വിഷയമായിരുന്നു. അക്കാദമിക് പണ്ഡിതരും ജോലിയില്‍നിന്നു വിരമിച്ച വിദേശകാര്യവകുപ്പുദ്യോഗസ്ഥരും രാഷ്ട്രതന്ത്രവിദഗ്ധരും നേതാക്കളുമെല്ലാം പരസ്പരവിരുദ്ധമായ വീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിച്ചു. പ്രകടിപ്പിക്കപ്പെട്ട പരസ്പരവിരുദ്ധമായ വീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും സ്വഭാവത്തില്‍നിന്ന്, ഈ വിഷയം വസ്തുനിഷ്ഠമായി വിലയിരുത്താനാഗ്രഹിച്ച എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് അതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് വ്യക്തമായ നിഗമനങ്ങളിലെത്താന്‍ സാധിക്കുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ അതിന്റെ തന്ത്രപരവും സുരക്ഷാസംബന്ധിയുമായ കാര്യങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. രാഷ്ട്രീയനേതാക്കളോടോ ഈ രംഗത്തുള്ള വിദഗ്ധരോടോ ഞാന്‍ യാതൊന്നും ചര്‍ച്ച ചെയ്തിട്ടുമില്ലായിരുന്നു. ആ നിലയ്ക്ക് ആധികാരികമായി പ്രസ്തുത വിഷയത്തെപ്പറ്റി അഭിപ്രായം പറയാവുന്ന അവസ്ഥയിലല്ലായിരുന്നു ഞാന്‍. മാത്രവുമല്ല, സഭാധ്യക്ഷന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടയില്‍, വിശേഷിച്ചും വിഷയം സഭയ്ക്കുമുന്‍പാകെ വരുമെന്നും അതിനെപ്പറ്റിയുള്ള ചര്‍ച്ച അത്യുഗ്രമായിരിക്കുമെന്നും ഉറപ്പായ സാഹചര്യത്തില്‍, എന്തെങ്കിലും അഭിപ്രായം രൂപീകരിച്ചിട്ടുണ്ടെങ്കില്‍ത്തന്നെയും, അതു പ്രകടിപ്പിക്കുന്നത് അനുചിതമാകുമായിരുന്നു. അങ്ങനെ, ഇടപാടിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള ഇടതുപക്ഷവീക്ഷണത്തിനാണു കൂടുതല്‍ സാധുത എന്നു തോന്നിയെങ്കിലും കരാറിന്റെ ഉള്ളുകള്ളികളെക്കുറിച്ചുള്ള എന്റെ പരിമിതധാരണകളനുസരിച്ചായിരുന്നു ഈ തോന്നല്‍ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സഭയിലെ അംഗത്വത്തിന്റെ ഘടനയും കണക്കിലെടുത്ത് ഇടതുകക്ഷികളെ സംബന്ധിച്ചിടത്തോളം, ചുരുക്കിപ്പറഞ്ഞാല്‍, യു.പി.എ. ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കുന്നത് വിവേകമല്ലായിരുന്നു.

ഗവണ്‍മെന്റിന്റെ തീരുമാനങ്ങളെ എതിര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അതിനുള്ള പിന്തുണ തുടര്‍ന്നുപോവുക എന്ന നയമാണ് ഇടതുപക്ഷം നിരന്തരമായി സ്വീകരിച്ചിരുന്നത്. വിലക്കയറ്റം വളരെയധികം പൊതു ഉത്കണ്ഠയുടെ വിഷയമായപ്പോള്‍ അതിനെ വളരെ ശക്തമായി എതിര്‍ത്തത് അതിനുദാഹരണമാണ്. ആ സമയത്ത് ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് ഇടതുപക്ഷം കരുതിയില്ല. നാണയപ്പെരുപ്പം ജനജീവിതത്തിനു കൂടുതല്‍ കനത്ത തോതില്‍ ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകളുണ്ടായപ്പോഴും ഒരു പ്രതിസന്ധിയുണ്ടാക്കാന്‍ അവര്‍ തുനിഞ്ഞില്ല.

സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ പാര്‍ട്ടിക്കാര്യങ്ങളില്‍ സജീവപങ്കാളിത്തം വഹിച്ചുപോന്ന അംഗമെന്ന നിലയില്‍ ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ വീക്ഷണങ്ങള്‍ ജനറല്‍ സെക്രട്ടറിയുടെയും മറ്റും ശ്രദ്ധയില്‍കൊണ്ടുവരേണ്ടതുണ്ടെന്ന് എനിക്കു തോന്നി. അവയ്ക്ക് എത്രതന്നെ വിലയുണ്ടായിരുന്നുവെങ്കിലും. ഒരു പാര്‍ട്ടി സഖാവ് വഴി ഞാന്‍ അദ്ദേഹത്തിന് ഒരു കുറിപ്പ് കൊടുത്തയച്ചു. രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചുള്ള എന്റെ നിലപാടുകളും ദേശീയതാത്പര്യം മുന്‍നിര്‍ത്തി പാര്‍ട്ടിക്കു കൈക്കൊള്ളാവുന്ന ഏറ്റവും ഉചിതമായ സമീപനം എന്താണെന്നും അതില്‍ വിവരിച്ചിരുന്നു.

ആണവകരാര്‍ എന്ന വിഷയത്തില്‍ പാര്‍ട്ടിക്ക് ശക്തമായ നിലപാടുള്ളതിനാല്‍, അതിനെ എതിര്‍ക്കുന്നത് തുടരണമെന്നും കരാറിനെതിരായി പൊതുജനവികാരമുണര്‍ത്താന്‍ പാര്‍ട്ടി നടപടികളെടുക്കണമെന്നും ഞാന്‍ നിര്‍ദേശിച്ചു. പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാല്‍ ഒരു തിരഞ്ഞെടുപ്പു നേരത്തെ വരാനാണ് സാധ്യത. അങ്ങനെയൊരു തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് വിഷമാവസ്ഥ സൃഷ്ടിക്കും എന്നുള്ള എന്റെ ഭയാശങ്ക ഞാന്‍ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പുഫലം നിരാശാജനകമായിരിക്കും എന്നായിരുന്നു എന്റെ പേടി. വിശേഷിച്ചും പശ്ചിമബംഗാളില്‍. അവിടെ ഏതാനും മാസങ്ങള്‍ക്കു മുന്‍പു മാത്രമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വലിയ തിരിച്ചടി നേരിട്ടത് 1978 നുശേഷം ആദ്യമായിരുന്നു ഇത്. നിലവിലുള്ള സാഹചര്യങ്ങളില്‍ യു.പി.എ.ഗവണ്‍മെന്റിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്നത് തുടര്‍ന്നുകൊണ്ടുതന്നെ പശ്ചിമബംഗാളിലും കേരളത്തിലും പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും അതേസമയം ആണവകരാറിനെ ആകാവുന്നേടത്തോളം എതിര്‍ക്കുകയും ചെയ്യുന്നതായിരിക്കും ബുദ്ധി എന്ന് എനിക്കു തോന്നി. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഈ വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ജനങ്ങളെയും രാഷ്ട്രീയക്കാരെയും മൊത്തത്തില്‍ പഠിപ്പിക്കുകയാണ്. കരാര്‍ പ്രവര്‍ത്തനക്ഷമമാവുകയാണെങ്കില്‍ അത് രാജ്യത്തിനു വരുത്തിവെക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ അവരെ പറഞ്ഞുമനസ്സിലാക്കണം എന്നു ഞാന്‍ കരുതി.

കാരാട്ടിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതൃത്വം എന്റെ വീക്ഷണങ്ങള്‍ പരിഗണനാര്‍ഹമാണെന്നുപോലും കരുതിയില്ല. പാര്‍ട്ടി വല്ല ശ്രമവും നടത്തിയെങ്കില്‍, അത് അതിദയനീയമായി പരാജയപ്പെട്ടു. ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കുന്നിടത്തോളം തങ്ങളുടെ പ്രതിഷേധമെത്തിച്ച ഇടതുപക്ഷം പൂര്‍ണമായും ഒറ്റപ്പെടുകയായിരുന്നു, അതവര്‍ തിരിച്ചറിയുകയും ചെയ്തു. തങ്ങളുടെ പ്രവൃത്തിയുടെ രാഷ്ട്രീയപരിണതി എന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ഇടതുകക്ഷികള്‍ ആഴത്തില്‍ പരിഗണിച്ചിട്ടുണ്ടോ എന്നാണ് എന്റെ അതിശയം രാജ്യത്തിനും ഇടതുപ്രസ്ഥാനത്തിന്നും അതു വരുത്തിവെക്കുന്ന ഗുണദോഷങ്ങളുടെ അടിസ്ഥാനത്തില്‍. തന്നെ ‘അപമാനി’ച്ചതിനു പ്രധാനമന്ത്രിയെയും യു.പി.എ.അധ്യക്ഷയെയും ഒരു പാഠം പഠിപ്പിക്കാന്‍ കാരാട്ട് തീരുമാനിച്ചുറച്ചതായാണു തോന്നിയത്.

ആണവകരാറിനെക്കുറിച്ചുള്ള വിവാദം ജനങ്ങളെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠാവിഷയമായിരുന്നില്ലെന്നാണ് പതിനഞ്ചാം പൊതുതിരഞ്ഞെടുപ്പുകാലത്ത് തെളിഞ്ഞത്. സമ്മതിദായകരെ ബാധിക്കുന്ന ഒരു വിഷയമായില്ല കരാര്‍. ഇടതുകക്ഷികളടക്കം ഒരു പാര്‍ട്ടിയും അതൊരു സജീവമായ തിരഞ്ഞെടുപ്പ് വിഷയമാക്കിയില്ല. പോരാത്തതിന്, ഞാന്‍ ആശിച്ചതുപോലെ ഇടതുപക്ഷത്തിനു തൊഴിലാളിവര്‍ഗവുമായും സാധാരണക്കാരുമായും കര്‍ഷകരുമായും സമൂഹത്തിലെ അധഃസ്ഥിതവിഭാഗങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി തിരഞ്ഞെടുപ്പുഫലങ്ങള്‍ അസന്ദിഗ്ധമായി തെളിയിക്കുകയും ചെയ്തു. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങള്‍ എന്ന് ഇടതുപക്ഷം അവകാശപ്പെട്ടുപോന്നത് ആരോ, അവര്‍ അകന്നുപോയി.

അന്നു നിലവിലിരുന്ന സാഹചര്യങ്ങളില്‍, എനിക്കു യാതൊരു പങ്കും വഹിക്കാനില്ലായിരുന്നു എന്നു തീര്‍ച്ച. പ്രസ്തുത വിഷയത്തെപ്പറ്റി എന്റെ നിലപാടുകള്‍ അറിയാന്‍ ഒരിക്കലും പാര്‍ട്ടി ശ്രമിച്ചില്ല. ഏതെങ്കിലും പ്രമുഖ സഖാവുമായി അക്കാര്യം ചര്‍ച്ചചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചതുമില്ല. പ്രധാനമന്ത്രിയും യു.പി.എ. അധ്യക്ഷയും പ്രകാശ് കാരാട്ടിനു നേരേ നടത്തിയ ‘കടന്നാക്രമണം’ അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി എന്നാണെനിക്കു തോന്നുന്നത്. അതിനാല്‍ ഗവണ്‍മെന്റിനു പിന്തുണ പിന്‍വലിക്കുവാനുള്ള തന്റെ തീരുമാനത്തിന്റെ പരിണതികളെക്കുറിച്ച് വസ്തുനിഷ്ഠമായി അദ്ദേഹം ചിന്തിച്ചില്ല, ചിന്തിക്കാനൊട്ടു കഴിഞ്ഞതുമില്ല. അതു സ്പീക്കറെന്ന നിലയില്‍ എനിക്കു നേരേ അദ്ദേഹം തികച്ചും ചഞ്ചലവും ആത്മാര്‍ഥതയില്ലാത്തതുമായ നിലപാടു കൈക്കൊള്ളുന്നതിലെത്തിച്ചേരുകയും ചെയ്തു.

പിന്തുണ പിന്‍വലിക്കുന്നതു സംബന്ധിച്ച് രാഷ്ട്രപതിയെ ചെന്നുകണ്ടശേഷം 2008 ജൂലായ് 9നു നടത്തിയ പത്രസമ്മേളനത്തില്‍ സ്പീക്കര്‍ എന്താണു ചെയ്യേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹംതന്നെയാണെന്ന് പ്രകാശ് കാരാട്ട് പ്രസ്താവിക്കുകയുണ്ടായി 2008 ജൂലായ് 18 വരെ അദ്ദേഹം അസന്ദിഗ്ധമായി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരുന്ന നിലപാടാണിത്. പൊടുന്നനെ 2008 ജൂലായ് 20ന് അദ്ദേഹം തീര്‍ത്തും അതിനു വിരുദ്ധമായ ഒരു തീരുമാനമെടുത്തു. തന്റെ പ്രവൃത്തി തത്ത്വദീക്ഷ പുലര്‍ത്തുന്നതും ആത്മാര്‍ഥവുമാണോ അല്ലേ എന്ന് അദ്ദേഹം തീരേ ആലോചിച്ചിട്ടില്ലെന്നു വ്യക്തമായി തെളിയിക്കുന്ന തീരുമാനമായിരുന്നു അത്. തന്റെ മലക്കംമറിച്ചിലിനുള്ള കാരണങ്ങള്‍ അദ്ദേഹം ഒരിക്കലും വിശദമാക്കിയില്ല എന്നതു പ്രസക്തമാണ്. എന്നെ ഒരു കാരണംകാണിക്കല്‍ നോട്ടീസുപോലും നല്കാതെ ധൃതിപിടിച്ച് പുറത്താക്കാന്‍ അദ്ദേഹം തീരുമാനിച്ചു എന്ന വസ്തുത വ്യക്തമായി കാണിച്ചുതരുന്നത് അദ്ദേഹത്തിന്റെ അഹന്തയും അസഹിഷ്ണുതയും അതിന്റെ പാരമ്യത്തിലെത്തിയിരുന്നു എന്നാണ്. അതായത് പാര്‍ട്ടിയില്‍ ഒരാളും തന്റെ കല്പനകളെ ചോദ്യംചെയ്യുന്നത് അദ്ദേഹത്തിനു ചിന്തിക്കാന്‍പോലും കഴിയാതായി എന്ന്.

പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതിനു ശേഷം എന്നെ കണ്ടപ്പോള്‍ കാരാട്ട് അപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളെപ്പറ്റിയുള്ള എന്റെ കുറിപ്പിനെപ്പറ്റി പരാമര്‍ശിക്കുകപോലും ചെയ്തില്ല, പിന്തുണ പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു എന്നുമാത്രം പറഞ്ഞു. അപ്പോഴേക്കും എന്റെ നിലപാടുകള്‍ അദ്ദേഹം അറിഞ്ഞിരുന്നു. പിന്തുണ പിന്‍വലിക്കാനുള്ള നിര്‍ദേശത്തെപ്പറ്റി എന്റെ പ്രതികരണമറിയാനായിരിക്കാം ഒരുപക്ഷേ, അദ്ദേഹം എന്നെ കണ്ടതുപോലും. ആ കൂടിക്കാഴ്ചയില്‍ എന്റെ സ്പീക്കര്‍സ്ഥാനം സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച നടത്തുകപോലും ചെയ്തിട്ടില്ലെന്നു കാരാട്ട് അര്‍ഥശങ്കയ്ക്കിടയില്ലാതെ എന്നോടു പറയുകയുമുണ്ടായി.

2008 ജൂലായ് 8നു പ്രണബ് മുഖര്‍ജി എന്നെ കാണുകയും ഇടതുകക്ഷികള്‍ പിന്തുണ പിന്‍വലിച്ചുകഴിഞ്ഞാല്‍ വിശ്വാസവോട്ട് തേടുന്നതിനു ഗവണ്‍മെന്റ് നടപടികള്‍ കൈക്കൊള്ളണമെന്ന് രാഷ്ട്രപതി ശിപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് എന്നെ അറിയിക്കുകയും ചെയ്തു. അതിന് 2008 ജൂലായ് 21, 22 തീയതികള്‍ ഗവണ്‍മെന്റ് ഒരു പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടിയേക്കാം എന്ന് അദ്ദേഹം അറിയിച്ചു. ഗവണ്‍മെന്റ് നിലനില്ക്കുകയാണെങ്കില്‍ മഴക്കാലസമ്മേളനം 2008 ആഗസ്ത് 11 മുതല്‍ വിളിച്ചുചേര്‍ക്കാമെന്നും.

2008 ജൂലായ് 9ന് ഇടതുകക്ഷികള്‍ രാഷ്ട്രപതിയെ കണ്ടു. പിന്തുണ പിന്‍വലിക്കുന്നതിനെപ്പറ്റി അവരെ അറിയിക്കാനായിരുന്നു ഇത്. ഗവണ്‍മെന്റിനെ പിരിച്ചുവിടുകയോ സഭയില്‍ വിശ്വാസവോട്ടു തേടുവാന്‍ നിര്‍ദേശിക്കുകയോ വേണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. പശ്ചിമബംഗാളില്‍നിന്നുള്ള ചില സഖാക്കളടക്കം, ഡല്‍ഹിയിലുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് നിലവിലുള്ള സാഹചര്യത്തില്‍ ഞാന്‍ സ്പീക്കറായി തുടരുന്നത് ‘ഉചിത’മല്ലെന്ന അഭിപ്രായമാണുള്ളതെന്നും എനിക്ക് എന്റേതായ മാര്‍ഗം തീരുമാനിക്കാമെന്നും അറിയിക്കാന്‍വേണ്ടി അന്നു കാലത്ത് പ്രകാശ് കാരാട്ട് എന്നെ ഫോണില്‍ വിളിച്ചു. അന്നുതന്നെ ഞാന്‍ കാരാട്ടിന് ‘ഉചിത’മല്ലെന്ന് അദ്ദേഹം വിവരിച്ച ചില വിഷയങ്ങളെപ്പറ്റിയുള്ള എന്റെ അഭിപ്രായങ്ങളോടെ ഒരു കുറിപ്പയയ്ക്കുകയും ചില ബദല്‍പ്രവര്‍ത്തനമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, കുറിപ്പ് കിട്ടിയതായി എന്നെ അറിയിക്കുകയുണ്ടായില്ല. എന്റെ അഭിപ്രായങ്ങളെപ്പറ്റി യാതൊരു പ്രതികരണവും ഉണ്ടായതുമില്ല. അവ പരിഗണിക്കപ്പെടേണ്ടതായി അദ്ദേഹം കരുതുന്നില്ലെന്നായിരുന്നു ഈ പെരുമാറ്റം നല്കിയ സൂചന. അതല്ലാതെ കാരാട്ട് ഒരിക്കലും എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചില്ല.

രാഷ്ട്രപതിക്കു സമര്‍പ്പിച്ചിട്ടുള്ള ഗവണ്‍മെന്റിനു പിന്തുണ പിന്‍വലിക്കുന്ന സി.പി.ഐ (എം) അംഗങ്ങളുടെ പട്ടികയില്‍ എന്റെ പേരാണ് ആദ്യം ചേര്‍ത്തിട്ടുള്ളത് എന്ന് അന്നു വൈകുന്നേരം ഞാന്‍ അറിഞ്ഞു. ഞാന്‍ നടുങ്ങിപ്പോയി. ഇന്നുവരെ എനിക്ക് ഈ കത്തിന്റെ ഒരു കോപ്പി കാണിച്ചുതന്നിട്ടില്ലെന്നത് വിചിത്രമാണ്. ഞാന്‍ രാജിവെക്കാനുള്ള സാധ്യതയെപ്പറ്റി മാധ്യമങ്ങള്‍ തീവ്രമായ അഭ്യൂഹങ്ങള്‍ പരത്തി. രാജിവെക്കുന്നത് സ്പീക്കര്‍പദവിയെ സംബന്ധിച്ചിടത്തോളം ആവശ്യമായിരുന്നില്ല. അതിനു ചേരുന്നതുമല്ലായിരുന്നു. ഔപചാരികമായി പിന്തുണ പിന്‍വലിച്ചതിനുശേഷം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വെച്ച് സ്പീക്കര്‍ എന്ന നിലയില്‍ ഭാവിപരിപാടികള്‍ എന്തായിരിക്കണമെന്നു തീരുമാനിക്കേണ്ടത് ഞാനാണെന്നു ജനറല്‍ സെക്രട്ടറിതന്നെയും പരസ്യപ്രസ്താവന നടത്തുകയും ചെയ്തു.

അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍വേണ്ടി 2008 ജൂലായ് 10ന് എന്റെ ആപ്പീസില്‍നിന്ന് ഇങ്ങനെയൊരു പ്രസ്താവന പുറപ്പെടുവിച്ചു:

ആദരണീയനായ ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി തത്സ്ഥാനത്തു തുടരുന്നതു സംബന്ധിച്ച്, പ്രസിദ്ധപ്പെടുത്തുകയും സംപ്രേഷണം നടത്തുകയും ചെയ്ത മാധ്യമറിപ്പോര്‍ട്ടുകളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി.

ചുമതലകള്‍ നിറവേറ്റുന്ന കാര്യത്തില്‍ ബഹുമാന്യനായ സ്പീക്കര്‍ ഒരു രാഷ്ട്രീയകക്ഷിയും പ്രതിനിധാനം ചെയ്യുന്നില്ല. സ്പീക്കര്‍സ്ഥാനം എന്ന ഉന്നതപദവിയിലേക്കുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ എതിരില്ലായിരുന്നു എന്നു മാത്രമല്ല, എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചു എന്നതിനാല്‍ അത് ഏകകണ്ഠംകൂടിയായിരുന്നു. ഏതെങ്കിലും പാര്‍ട്ടി നാമനിര്‍ദേശം ചെയ്ത ആളായിട്ടല്ല അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയോടും അദ്ദേഹം ചായ്‌വ് കാണിച്ചിട്ടുമില്ല. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ സോമനാഥ് ചാറ്റര്‍ജി എല്ലാ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍നിന്നും തത്ത്വദീക്ഷയോടെ സ്വയം മാറിനിന്നു.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിയമനിര്‍മാണസഭയെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകളും അനര്‍ഹമായ വക്രോക്തികളും വഴി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അഭ്യര്‍ഥിക്കുകയാണ്. ബഹുമാനപ്പെട്ട സ്പീക്കര്‍ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമായ എന്തെങ്കിലും തീരുമാനമെടുക്കുകയാണെങ്കില്‍ അതു മാധ്യമങ്ങളെ അറിയിക്കുന്നതായിരിക്കും.

ഇതിനകം പ്രസ്താവിച്ചതുപോലെ, എന്റെ കാര്യത്തില്‍ പാര്‍ട്ടി ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് കാരാട്ട് സുനിര്‍ണീതമായി എന്നോടു നേരത്തേ പറഞ്ഞതാണ്. 2008 ജൂലായ് 9 ലെ പത്രസമ്മേളനത്തില്‍ വ്യക്തമായി പ്രസ്താവിച്ചതിനുപുറമേ 2008 ജൂലായ് 14ന് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു:

ലോകസഭാസ്പീക്കര്‍ സഖാവ് സോമനാഥ് ചാറ്റര്‍ജിയുടെ നിലപാട് സംബന്ധിച്ച് മാധ്യമങ്ങളില്‍ ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. സ്പീക്കര്‍തന്നെയാണ് ഏതു തീരുമാനവും കൈക്കൊള്ളേണ്ടത് എന്ന് ഞാന്‍ നേരത്തേ പ്രസ്താവിച്ചിട്ടുള്ളതാണല്ലോ. 2008 ജൂലൈ 10ന് അദ്ദേഹത്തിന്റെ ആപ്പീസില്‍നിന്നു പുറപ്പെടുവിച്ച ഒരു പ്രസ്താവനവഴി ഇക്കാര്യം സ്പീക്കര്‍ ആവര്‍ത്തിച്ചുറപ്പിച്ചിട്ടുണ്ട്. സ്പീക്കറുടെ പദവിയെ അനാവശ്യമായ ഏതെങ്കിലും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

എന്റെ ഭാവിപ്രവര്‍ത്തനങ്ങളെപ്പററിയും പിന്തുണ പിന്‍വലിക്കുന്ന അംഗങ്ങളുടെ പട്ടികയില്‍ എന്റെ പേര് ഉള്‍പ്പെടുത്തിയതിനെപ്പറ്റിയും മാധ്യമങ്ങളും ഇതര രാഷ്ട്രീയകക്ഷികളും പ്രകടിപ്പിച്ച തീവ്രതാത്പര്യത്തിനുള്ള പ്രതികരണമായി സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി 2008 ജൂലായ് 16ന് താഴെ പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു:

ഇന്ത്യയുടെ രാഷ്ട്രപതിക്കു സമര്‍പ്പിച്ച സി.പി.ഐ.(എം) എം.പിമാരുടെ പട്ടികയില്‍ ലോകസഭാസ്പീക്കറുടെ പേര് ഉള്‍പ്പെടുത്തിയ കാര്യത്തില്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. സി.പി.ഐ(എം) സ്ഥാനാര്‍ഥിയായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത് എന്നതിനാല്‍ സ്പീക്കറുടെ പേര് സി.പി.ഐ.എമ്മിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട് എന്നാണു ഞാന്‍ പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ അദ്ദേഹം ലോകസഭാസ്പീക്കര്‍ ആണ് എന്നു സൂചിപ്പിക്കുന്ന നക്ഷത്രചിഹ്നത്തോടെയാണ് പ്രസ്തുത പേര് ഉള്‍പ്പെടുത്തിയത്. അതാണ് സാധാരണനിലയിലുള്ള പാര്‍ലമെന്ററി സമ്പ്രദായം.

കാരാട്ടുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ 2008 ജൂലായ് 18നു രണ്ടു റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘യു.പി.എ. ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ച ദിവസംതന്നെ ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കേണ്ടത് സ്പീക്കറാണെന്നു ഞാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഉടനീളം ഞാന്‍ ഈ നിലപാടാണ് പുലര്‍ത്തുന്നത്. സ്പീക്കറുടെ ചുമതലയെപ്പറ്റി ഞങ്ങളുടെ പാര്‍ട്ടിയുടെ വീക്ഷണങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്പീക്കര്‍സ്ഥാനത്തിരിക്കുന്നതുകൊണ്ട് ഒരു വ്യക്തിക്ക് അയാളുടെ രാഷ്ട്രീയബന്ധങ്ങള്‍ ഇല്ലാതാവുന്നില്ല. എന്നാല്‍, ആരെങ്കിലുമൊരാള്‍ സ്പീക്കറാവുന്നുണ്ടെങ്കില്‍ അയാള്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പക്ഷപാതപരമായ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കുകയോ ചെയ്യരുത്.’

സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദാന്‍ പറഞ്ഞത്, ‘ഇടതുസഖ്യം ലോകസഭാസ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ പേര് യു.പി.എ. ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കുന്ന പാര്‍ട്ടി എം.പിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതായിരുന്നു’ എന്നാണ്. ‘അദ്ദേഹം തലമുതിര്‍ന്ന നേതാവും പാര്‍ലമെന്റേറിയനുമാണ്. ഈ വിഷയത്തില്‍ അദ്ദേഹംതന്നെ സ്വന്തം നിലയില്‍ തീരുമാനമെടുക്കണം. ചാറ്റര്‍ജിയെ രാജിവിവാദത്തിലേക്കു വലിച്ചിഴച്ചത് അദ്ദേഹം വഹിക്കുന്ന ഉന്നതപദവിയുടെ അന്തസ്സിനു നേര്‍ക്കുള്ള ആക്രമണമാണ്. സ്പീക്കര്‍ തിരഞ്ഞെടുക്കപ്പെട്ടത് സി.പി.എം. ടിക്കറ്റിലാണെന്നു ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍, എല്ലാ കക്ഷികളുടെയും പിന്തുണയോടെയാണ് അദ്ദേഹം ലോകസഭാസ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.’ എന്റെ രാജിയെച്ചൊല്ലിയുള്ള ഊഹക്കളിക്കു കാരണം സി.പി.ഐ.(എം) ആസ്ഥാനമായ എ.കെ.ജി.ഭവനില്‍നിന്നു വാര്‍ത്ത ചോര്‍ന്നുപോയതാണെന്നു മാധ്യമപ്രവര്‍ത്തകര്‍ എന്നോടു പറഞ്ഞു. അതെന്നെ വളരെയധികം വേദനിപ്പിച്ചു.