ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുല്‍ഖറും

തിരുവനന്തപുരം: മോഹന്‍ലാലിന് പുറമെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുല്‍ഖറും. എറണാകുളം കലക്ടര്‍ മുഹമ്മദ് സഫിറുല്ലയ്ക്ക് തുക കൈമാറി. രണ്ട് ദിവസത്തിന് മുന്‍പ് കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ മമ്മൂട്ടി എത്തിയിരുന്നു. എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് മമ്മൂട്ടി പോയത്. പറഞ്ഞപോലെ തന്നെ സഹായം നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. ജയസൂര്യയും ദുരിത ക്യാമ്പിലേക്ക് അരി സംഭാവന ചെയ്തിരുന്നു.

താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നല്‍കുകയുണ്ടായി. ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നുമായിരുന്നു ജഗദീഷ് വ്യക്തമാക്കിയത്.

അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിന് സഹായം ഒഴുകുകയാണ്. അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു. തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാന്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. സിപിഐയുടെ കേരളത്തിലെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും.

mammootty-dulquer-1

നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശമ്പള തുകയായ 90,512 രൂപ സംഭാവന ചെയ്തു.

പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തി. ദുരന്തത്തെ ഒന്നായി നേരിടാമെന്നു മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നു മഞ്ജു വാരിയര്‍ കുറിച്ചു. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന.

കേരളത്തിനായുള്ള പ്രാര്‍ഥനയാണ് അമല പോളിന്റെ ഫെയ്‌സ്ബുക് വോളില്‍. ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്ങല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങളും അഭ്യര്‍ഥനയുമായെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പര്‍: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകള്‍ക്ക് ആദായനികുതി ഒഴിവുണ്ട്.