പ്രളയക്കെടുതിയില്‍ പിടഞ്ഞ് കേരളം; നഷ്ടമായത് 172 ഓളം ജീവനുകള്‍

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 17 ദിവസത്തിനിടെ മരിച്ചത് 172 പേരാണ്. മഴക്കെടുതിയില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ആയിരക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്.52,856 കുടുംബങ്ങളിലായി 2,23,000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

അതേസമയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രണ്ടു ജില്ലകളിലും അതീവജാഗ്രതാനിര്‍ദേശം നാളെ വരെ നീട്ടി.

തൃശൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കു മാത്രമേ സാധ്യതയുള്ളൂ. മറ്റന്നാള്‍ മുതല്‍ എല്ലാ ജില്ലകളിലും മഴ ദുര്‍ബലമാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍

സൈന്യം ഇതുവരെ രക്ഷപ്പെടുത്തിയത് 15000 പേരെ

Image result for rain navi kochi

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് സൈന്യം ഇതുവരെ രക്ഷപ്പെടുത്തിയത് 15000 പേരെ. ‘ഓപ്പറേഷന്‍ സഹ്യോഗ്’ വഴിയാണ് ഇതുവരെ 15000 പേരെ രക്ഷപ്പെടുത്തിയത്. ഓഗസ്റ്റ് 9 മുതല്‍ ഇന്നുവരെയുള്ള കണക്കാണിത്. എയര്‍ലിഫ്റ്റിംഗിലൂടെ ഇന്നു മാത്രം 132 പേരെ രക്ഷപ്പെടുത്തിയെന്ന് വ്യോമസേന വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘങ്ങളെ വിവിധ ഭാഗങ്ങളിലായി വിന്യസിചിട്ടുണ്ട്. രണ്ടു സംഘങ്ങളെ ചെങ്ങന്നൂരിലും ഓരോ സംഘത്തെ വീതം രാമങ്കരി, മുട്ടാര്‍, പുളിങ്കുന്ന് ഭാഗങ്ങളിലേക്കുമാണ് നിയോഗിച്ചിട്ടുള്ളത്. കര, നാവിക, വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സംയുക്ത സംഘമാണ് സര്‍വ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനുള്ളത്.

അതേസമയം, സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളുടെ സംരക്ഷണത്തിനായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മൊബൈല്‍ ബന്ധം തകരാറിലായ സ്ഥലങ്ങളില്‍ ആവശ്യമുള്ള ബോട്ടുകള്‍ക്കൊപ്പം പൊലീസിന്റെ വയര്‍ലെസ് സെറ്റും അതു കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യവസ്തുക്കള്‍ പൊലീസ് മുഖേന കൈമാറാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരം സാധനങ്ങള്‍ പായ്ക്ക് ചെയ്ത് പൊലീസ് സ്‌റ്റേഷനിലോ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലോ ഏല്‍പ്പിക്കാം. എല്ലാ ജില്ലകളിലും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കുട്ടനാട്ടിലും ചെങ്ങന്നൂരിലും കൂട്ടപ്പലായനം

Image result for kochi airport rain

ആലപ്പുഴ: സമാനതകളില്ലാത്ത പ്രളയ ദുരന്തത്തില്‍ പകച്ചു നില്‍ക്കുകയാണ് ആലപ്പുഴ ജില്ല. മഴവെള്ളത്തിനൊപ്പം മലവെള്ളവും കൂടിയെത്തിയതോടെ കൈയില്‍ കിട്ടിയവയെടുത്ത് പലായനം ചെയ്യുകയാണ് പലയിടങ്ങളിലും ജനങ്ങള്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സേനയെയടക്കം ഏകോപിപ്പിച്ച് സജീവമായി നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യത്തിനു പലയിടങ്ങളിലും പര്യാപ്തമാകാത്ത സ്ഥിതിയാണ്.

ജില്ലയില്‍ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലാണ് പ്രളയ ദുരന്തമേറെയും. പമ്പാ നദിയിലെ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് അഞ്ചുകിലോമീറ്ററോളം നദി പരന്നൊഴുകിയതോടെയാണ് ചെങ്ങന്നൂരില്‍ വെള്ളപ്പൊക്കമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം മുതല്‍ സ്ഥിതി രൂക്ഷമാകുകയായിരുന്നു. വീടുകളുടെ ഒന്നാംനില വരെ വെള്ളമുയര്‍ന്നതോടെ കര പറ്റാനുള്ള നെട്ടോട്ടത്തിലായി ജനം.ജലനിരപ്പുയര്‍ന്നതോടെ കെട്ടിടങ്ങളിലും മറ്റും കുടുങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സഹായഭ്യര്‍ഥിച്ച് നടത്തി.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രാത്രി തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പിന്നീട് കേന്ദ്ര സേനയുടെയടക്കം സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. വിവിധ തീരപ്രദേശങ്ങളില്‍ നിന്നും മത്സ്യബന്ധന വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതോടെയാണ് കെട്ടിടങ്ങളിലടക്കം കുടുങ്ങിയവരെ രക്ഷപെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായത്.

ജലനിരപ്പ് ക്രമാതീതമായി ഉയരുമെന്നുറപ്പായതോടെ ജില്ലാ ഭരണകൂടം കുട്ടനാട്ടിലെ ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു. ആദ്യം കൈനകരിയിലെ ജനങ്ങളെ ഒഴിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് കൂടുതല്‍ പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുകയായിരുന്നു. ആലപ്പുഴ നഗരത്തിലെ ഭൂരിഭാഗം സ്‌കൂളുകളും ക്യാന്പുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. കുട്ടനാട്ടിലെ ഉള്‍ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിരവധി ഹൗസ് ബോട്ടുകള്‍ ഉള്‍പ്പടെയുള്ള ജലയാനങ്ങളാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

ചെങ്ങന്നൂരില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ചെങ്ങന്നൂരിലും കുട്ടനാട്ടിലും രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ച് സംഘങ്ങള്‍ കൂടി എത്തി. കുട്ടനാട്ടിലെ ജലനിരപ്പ് കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തോട്ടപ്പള്ളി സ്പില്‍വേയുടെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തുകയും ചെയ്തു.

ക്യാമ്പുകളില്‍ കഴിയുന്നത് രണ്ട് ലക്ഷത്തോളം പേര്‍

സംസ്ഥാനം പ്രളയക്കെടുതിയില്‍ ദുരിതാനുഭവിക്കുകയാണ്. നിലവില്‍ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1568 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 52856 കുടുംബങ്ങളിലുള്ളവര്‍ ക്യാമ്ബുകളില്‍ കഴിയുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രളയക്കെടുതിയെ കുറിച്ച് വീണ്ടും സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. പല സ്ഥലങ്ങളിലും മഴ ശക്തിയായി തുടരുകയാണെന്നും അതുകൊണ്ട് ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒമ്പത് മണിക്ക് തിരുവനന്തപുരത്തെത്തും

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒമ്പത് മണിക്ക് തിരുവനന്തപുരത്തെത്തും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലായിരിക്കും വിശ്രമിക്കുക. രാത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷം ശനിയാഴ്ച രാവിലെ മുതല്‍ വിവിധ പ്രദേശങ്ങളിലെ പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഹെലികോപ്ടറിലായിരിക്കും സന്ദര്‍ശനം നടത്തുക.

കേരളം ചോദിക്കുന്നതെന്തും തരുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുതോണിയില്‍ 37 മാധ്യമ പ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു

തൊടുപുഴ: കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 37 മലയാളി മാധ്യമ പ്രവര്‍ത്തകര്‍ ഇടുക്കി ചെറുതോണിയില്‍ കുടുങ്ങിക്കിടക്കുന്നു. മണ്ണിടിച്ചിലും കനത്തമഴയും കാരണം റോഡ് മാര്‍ഗം ഇവരെ പുറത്തെത്തിക്കുവാന്‍ സാധ്യമല്ല. മലയോര മേഖലയിലെ റോഡ് മുഴുവന്‍ തകര്‍ന്ന നിലയിലാണ്. മൂന്നാര്‍, ചെറുതോണി ഭാഗം പൂര്‍ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു.

വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായത് കാരണം ഇവിടെയുള്ളവരുമായി ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ്. ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വെള്ളം വര്‍ധിക്കുകയാണെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ വീണ്ടും ഇവിടെ തന്നെ തുടരേണ്ട സ്ഥിതി വരുന്നതാണ്.

തിരുവനന്തപുരത്ത് റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

വ്യാപകമായി കനത്ത മഴയ്ക്കുള്ള സാഹചര്യം മാറി അന്തരീക്ഷം തെളിഞ്ഞതിനെത്തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കാസര്‍കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലൊഴികെ മറ്റെല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് തുടരും.

അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു

തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളില്‍ തിമിര്‍ത്ത് പെയ്ത മഴയ്ക്ക് താത്കാലിക ശമനമുണ്ടായതോടെ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2401.02 അടിയാണ്. മുല്ലപ്പെരിയാറില്‍ 140.80 അടിയും ഇടമലയാറില്‍ 168.66 അടിയും ജലനിരപ്പുണ്ട്. ഈ അണക്കെട്ടുകളില്‍ നിന്നും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവിലും കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. റാന്നി പട്ടണത്തില്‍ നിന്നും വെള്ളമിറങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങള്‍ കൂടി കേരളത്തിലെത്തി. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സജ്ജീകരണങ്ങളുമായാണ് സംഘമെത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സംഘം ആകാശമാര്‍ഗം ഭക്ഷണപ്പാക്കറ്റുകള്‍ എത്തിക്കുന്നുണ്ട്. കേരളത്തിലെ പ്രളയ ദുരിതം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തുന്നുണ്ട്. രാത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം രാത്രി തിരുവനന്തപുരത്ത് തന്നെ തങ്ങും. അടുത്ത ദിവസം പ്രളയ ബാധിത പ്രദേശങ്ങളില്‍ അദ്ദേഹം വ്യോമനിരീക്ഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

അതിനിടെ തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ താഴ്ത്തിത്തുടങ്ങിയതോടെ പമ്ബാ നദിയിലെ ജലനിരപ്പ് കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സ്പില്‍വേയുടെ 38 ഷട്ടറുകളും തുറന്നതോടെ പ്രളയ ജലം വന്‍തോതില്‍ കടലിലേക്ക് ഒഴുകിപ്പോയെന്നാണ് വിവരം. ഇത് പത്തനംതിട്ടയിലെ വിവിധയിടങ്ങളിലെ വെള്ളക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും.

വെള്ളം ഇറങ്ങിയാലും കൊച്ചി വിമാനത്താവളം തുറക്കാന്‍ വൈകിയേക്കും

Image result for kochi airport rain

ശക്തമായ മഴയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വെള്ളം ഇറങ്ങിയാലും തുറക്കാന്‍ വൈകിയേക്കുമെന്ന് സൂചന. 26ന് ഉച്ചയ്ക്കു രണ്ടു വരെ വിമാനത്താവളം അടച്ചിടുമെന്നാണ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നത്. വെള്ളമിറങ്ങാന്‍ വൈകുകയും മഴ തുടരുകയും ചെയ്താല്‍ വിമാനത്താവളം തുറക്കുന്നതു കൂടുതല്‍ നീളാനാണു സാധ്യത. വെള്ളമിറങ്ങിയാലും സുരക്ഷാ പരിശോധനകള്‍ നടത്തി വിമാനത്താവളം പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ ഒരാഴ്ചയെടുക്കുമെന്നാണ് സൂചന.

റണ്‍വേയില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് 26ന് ഉച്ചയ്ക്ക് രണ്ട് മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നതായി സിയാല്‍ അറിയിച്ചത്. റണ്‍വേയ്ക്ക് പുറമെ ടാക്‌സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയിട്ടുണ്ട്.

കനത്ത മഴ തുടരുന്നതിനാലും പരിസരപ്രദേശം വെള്ളത്തില്‍ മുങ്ങിയതിനാലും റണ്‍വേയിലെ വെള്ളം പുറത്തേക്ക് പമ്ബ് ചെയ്ത് കളയാന്‍ പറ്റാത്തതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഇടയാക്കിയത്.

നാവികസേന രക്ഷപ്പെടുത്തിയ യുവതിക്ക് സുഖപ്രസവം

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ഗര്‍ഭിണിയായ യുവതിയെ രക്ഷപ്പെടുത്തി സുഖപ്രസവം.ആലുവയില്‍ നാവികസേനയുടെ ഓപ്പറേഷന്‍ മദദിന്റെ ഭാഗമായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. ഡോക്ടറെ താഴേക്കിറക്കിയ ശേഷം യുവതിയെ പരിശോധിച്ചാണു ഹെലികോപ്റ്ററിലേക്കു കയറ്റിയത്. യുവതിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടായതിനെത്തുടര്‍ന്നാണു ഡോക്ടറെ എത്തിച്ചത്. എന്നാല്‍ തികഞ്ഞ മനഃസംയമനത്തോടെ സജിത ജബീല്‍ എന്ന ഇരുപത്തിയഞ്ചുകാരി നേവിയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിച്ചു. നിറവയറുമായി ഹെലികോപ്ടറിലേക്ക് ഉയരുന്ന സജിതയുടെ വിഡിയോയും നാവികസേന പുറത്തുവിട്ടു.നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍ക്കപ്പുറം വൈകാതെ ആശുപത്രിയിലെത്തിയ സജിത ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇരുവരുടെയും ചിത്രങ്ങളും നാവിക സേന ട്വിറ്ററില്‍ പങ്കുവച്ചു. ക്യാപ്റ്റന്‍ വിജയ് വര്‍മയായിരുന്നു ഈ ഓപറേഷന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ്.

ഇന്ധന ക്ഷാമമില്ലെന്ന് പെട്രോളിയം കമ്പനികള്‍

സംസ്ഥാനം കാലവര്‍ഷ പ്രളയത്തില്‍ അകപ്പെട്ടിരിക്കുന്ന ഈ അവസ്ഥയില്‍ ഇന്ധന ക്ഷാമമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. പ്രളയത്തില്‍ നിരവധി പെട്രോള്‍ പമ്പുകള്‍ വെള്ളത്തിനടിയിലായെങ്കിലും ഇന്ധന ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ക്രമീകരണങ്ങളുമായി പെട്രോളിയം കമ്പനികള്‍. കൊച്ചി ഇരുമ്പനം പ്ലാന്റില്‍ നിന്നും സാധാരണ നിലയിലുള്ള ഇന്ധന വിതരണം ഇപ്പോഴും നടക്കുന്നതിനാല്‍ ഇന്ധന ക്ഷാമത്തിന് വരും ദിവസങ്ങളിലും യാതൊരു സാധ്യതയുമില്ലെന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസര്‍ പറഞ്ഞു.

കനത്ത മഴയില്‍ വിവിധ പെട്രോളിയം കമ്പനികളുടെ വെള്ളം കയറിയ പമ്പുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇന്ധനം നിറയ്ക്കാന്‍ കഴിയാത്തത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലായി വിവിധ പെട്രോളിയം കമ്പനികളുടേതായി 150 ഓളം പമ്പുകളാണ് വെള്ളപ്പൊക്കത്തില്‍ കേടുപാട് സംഭവിച്ചത്.തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിലേക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ എത്തിക്കുന്നത് കൊച്ചി ഇരുമ്പനത്തെ പ്ലാന്റില്‍ നിന്നുമാണ്. ഇന്നും ഇരുമ്പനത്തു നിന്നും തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ കേരളത്തിലേക്ക് സാധാരണ നിലയിലുള്ള ലോഡുകള്‍ എത്തിയതായി ഐഒസി തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ ഇന്ധനക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പരന്നതോടെ തിരുവനന്തപുരത്ത് ഉള്‍പ്പെടെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ വീടുകളില്‍ തിരികെയെത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Related image

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീട് ഉപേക്ഷിച്ചു സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ തിരികെയെത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും കഴുകി വൃത്തിയാക്കണം. ബ്ലീച്ചിങ് പൗഡര്‍ കലക്കിയ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. പരിസരം വൃത്തിയാക്കുന്നതിനു കുമ്മായം, നീറ്റുകക്ക എന്നിവ ഉപയോഗിക്കാം. കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ മലിനമായ കിണറുകള്‍, ടാങ്കുകള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവ അണുവിമുക്തമാക്കിയ ശേഷം ഉപയോഗിക്കാന്‍ തുടങ്ങാവൂ. വ്യക്തിഗത സുരക്ഷാ ഉപാധികള്‍ സ്വീകരിക്കണം. എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് കഴിക്കണം. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന വീടുകള്‍, അംഗണ്‍വാടികള്‍, സ്‌കൂളുകള്‍, റേഷന്‍ കടകള്‍, മറ്റു ഭക്ഷ്യ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ. അടഞ്ഞു കിടക്കുന്ന മുറികളില്‍ വായു മലിനീകരണം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉപയോഗിക്കും മുമ്പ് ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാര യോഗ്യമാക്കണം.

ഇലക്ട്രീഷ്യനെക്കൊണ്ടു പരിശോധിപ്പിച്ച ശേഷമേ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാവൂ. പനിയോ മറ്റു രോഗ ലക്ഷണമോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം. വെള്ളക്കെട്ടുള്ള മേഖലകളില്‍ കൊതുകു പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വിഷപ്പാമ്ബുകളുടെ സാന്നിധ്യമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ മുന്‍കരുതലെടുക്കേണ്ടതും കടിയേറ്റാല്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതുമാണ്.

ബ്ലീച്ചിങ് പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍ എന്നിവയുടെ ഉപയോഗക്രമത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും ആശ പ്രവര്‍ത്തകരുടേയും ഉപദേശം സ്വീകരിക്കണം. കൊതുക്, കൂത്താടി എന്നിവയുടെ വ്യാപനം ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരെ അറിയിക്കണം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയ്ക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ അതു മുടങ്ങാതെ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

സര്‍ക്കാരിനുണ്ടായ വീഴ്ച്ച പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിട്ടുള്ള വീഴ്ച അടിയന്തരമായി പരിഹരിക്കണണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പതിനായിരക്കണക്കിന് ആളുകളാണ് ഇപ്പോഴും സഹായത്തിനായി നിലവിളിച്ച് വെള്ളം മുങ്ങിയ കെട്ടിടങ്ങളുടെ മുകളിലിരിക്കുന്നത്. ഒറ്റപ്പെട്ട മേഖലകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. അവര്‍ക്ക് സഹായമെത്തിക്കാനാവുന്നില്ല. ഭക്ഷണവും ശുദ്ധജലവും മരുന്നും കിട്ടാതെ ജനങ്ങള്‍ അവശരായി. വൈദ്യുതി ഇല്ലാത്തതിനാല്‍ മൊബൈലുകള്‍ ഓഫായതോടെ ഒറ്റപ്പെട്ട് പോയവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനാവുന്നില്ല. വൃദ്ധരും കുട്ടികളും അടക്കമുള്ള ജനങ്ങള്‍ നരകയാതന അനുഭവിക്കുകയാണ്.

ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എല്ലായിടത്തും ഭക്ഷ്യ വസ്തുക്കളോ ശുദ്ധജലമോ മരുന്നോ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മലബാറിലും അപ്പര്‍ കുട്ടനാട്, കുട്ടനാട് മേഖലകളിലും സന്ദര്‍ശിച്ചപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനങ്ങള്‍ കഷ്ടപ്പെടുന്നതാണ് തനിക്ക് കാണാന്‍ കഴിയുന്നത്. സന്നദ്ധ സംഘടനകള്‍ ചെയ്യുന്ന സഹായങ്ങള്‍ മാത്രമാണ് ക്യാമ്പുകളില്‍ കാണുന്നത്. സര്‍ക്കാരിന്റെ സഹായം കാര്യമായി എത്തുന്നില്ല. കുടിക്കാനുള്ള ശുദ്ധജലത്തിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രങ്ങളുടെയും ക്ഷാമമുണ്ട്. ക്യാമ്ബുകളില്‍ അടിയന്തരമായി കുടിവെള്ളവും ഭക്ഷണവും വൈദ്യസഹായവും എത്തിക്കണം. വെള്ളമിറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിലും സ്ഥിതി ദയനീയമാണ്. വൈദ്യുതി ബന്ധം എപ്പോള്‍ പുനസ്ഥാപിക്കുമെന്ന് അറിയില്ല. കുടിവെള്ള വിതരണവും ഇല്ല. പ്രളയമുണ്ടായ സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആര്യോഗ്യ രക്ഷാപ്രവര്‍ത്തകരെ അടിയന്തരമായി നിയോഗിക്കണം.

കേരളത്തിന്റെ ഇപ്പോഴത്തെ അപകടകരമായ അവസ്ഥ കണക്കിലെടുത്ത് ഇത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന കൂടുതല്‍ സേനയെയും വിദ്ഗ്ധരെയും എത്തിക്കണം. വിരമിച്ച സൈനികരുടെ സഹായം സര്‍ക്കാര്‍ തേടണം. കൊല്‍ക്കത്തയില്‍ എയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദ്ഗധ സംഘത്തിന്റെ സേവനവും പ്രയോജനപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ആത്മധൈര്യം കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കണം: ശ്രീ ശ്രീ രവിശങ്കര്‍

ബംഗളൂരു: പ്രളയ ദുരിതമനുവഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ ആത്മധൈര്യം കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. സത്യം, വിശ്വാസം തുടങ്ങിയവ കൈവെടിയാതെ ആത്മധൈര്യത്തോടെ പ്രശ്‌നങ്ങളെ നേരിടാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ മഹാപ്രളയത്തില്‍നിന്നും എല്ലാവരും രക്ഷപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നതായും ആര്‍ട്ട് ഒഫ് ലിവിംഗ് വോളന്റിയര്‍മാര്‍ ഒന്നടങ്കം സേവാപ്രവര്‍ത്തനത്തില്‍ സജീവ സാന്നിദ്ധ്യമുറപ്പാക്കണം. കൂടുതല്‍ സേവ ചെയ്യുക,? എല്ലാം ശരിയാകും ആരും വിഷമിക്കേണ്ടെന്നും രവിശങ്കര്‍ പറഞ്ഞു.

എല്ലാവരും ആത്മാര്‍ഥമായി സഹകരിക്കുന്നത് സന്തോഷകരം: കടകംപള്ളി സുരേന്ദ്രന്‍

പ്രളയ ബാധിത മേഖലകളിലെ ജനങ്ങളെ സഹായിക്കാന്‍ എല്ലാവരും സഹായ ഹസ്തങ്ങള്‍ നീട്ടുന്നുണ്ടെന്നും ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ച് എല്ലാവരും ആത്മാര്‍ഥമായി സഹകരിക്കുന്നത് സന്തോഷകരമാണെന്നും സഹകരണം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് അവശ്യ സാധനങ്ങള്‍ അയക്കുന്നതിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ 64 ദുരിതാശ്വാസ ക്യാമ്പുകളിലായി നാലായിരത്തിലേറെ പേര്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളും എത്തിച്ചുകഴിഞ്ഞു. ദക്ഷിണ വ്യോമസേന നല്‍കിയ സഹായം വിലമതിക്കാനാവാത്തതാണ്. അതിനു സംസ്ഥാന സര്‍ക്കാരിനു വേണ്ടി നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

ഞായറാഴ്ചയോടെ മഴ കുറഞ്ഞേക്കും

സംസ്ഥാനത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴയുടെ കാഠിന്യം ഞായറാഴ്ചയോടെ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലും പശ്ചിമ ബംഗാളിന്റേയും തീരപ്രദേശങ്ങളിലും ഒഡീഷയുടെ മുകളിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദം, കിഴക്കന്‍ വിദര്‍ഭയിലേക്കും പരിസരങ്ങളിലേക്കും നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ കേരളത്തിലെ മഴയുടെ ശക്തി കുറഞ്ഞേക്കും.

കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ സംരക്ഷിക്കാനുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട് കിടക്കുന്നവരെ ഇന്ന് തന്നെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും മഴയ്ക്ക് നേരിയ ശമനമുള്ളത് പ്രതീക്ഷയ്ക്ക് ഇട നല്‍കുന്നുണ്ട്. ജനങ്ങളും സാധ്യമായ എല്ലാ സഹായങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ചെയ്യുന്നുണ്ട്.