ആലപ്പാടിന്റെ മക്കൾ

സിബി ബോണി
ആലപ്പാടെന്ന കൊച്ചു ഗ്രാമത്തെ ഓർമ്മയുണ്ടോ..പതിനാല് വർഷങ്ങൾക്ക് മുൻപ് സുനാമിയെന്ന പേരിൽ ആർത്തലച്ചെത്തിയ ഭീമൻ തിരമാലകൾ ഞങ്ങളുടെ നാട്ടിലെ 142 വിലപ്പെട്ട ജീവനും കൊണ്ട് പിൻ വാങ്ങിയപ്പോൾ, തെങ്ങിൻ തലയ്ക്കൊപ്പം പൊങ്ങിയ വെളളത്തിൽ നിന്ന് ജീവൻ മാത്രം തിരികെ കിട്ടിയവർ ഉപജീവന മാർഗ്ഗവും വസ്തുവകകളും നഷ്ടപ്പെട്ട് ഇനിയെന്ത് എന്ന് അന്ധാളിച്ചിരുന്നിടത്ത് നിന്ന് ഞങ്ങളെ കൈ പിടിച്ച് നടത്തിയത് താങ്ങായത് കേരളമെമ്പാടുമുള്ള ലോകമെമ്പാടുമുള്ള നിങ്ങളോരോരുത്തരുടേയും കരുതലാണ് സ്നേഹമാണ്…

നിങ്ങൾ മറന്നാലും… മറക്കില്ല ഞങ്ങൾ…. അത് മറന്നാൽ നേരിന്റ ,നെറിയുടെ, കടലിന്റെ മക്കളല്ല ഞങ്ങൾ.. ഭക്ഷണമായും പുതപ്പായും വീടായും എല്ലാം നിങ്ങൾ ഞങ്ങളെ കരുതലോടെ കാത്തു.. ഇപ്പോൾ അതിന് പ്രത്യുപകാരം ചെയ്യാനായൊരു അവസരമെത്തിയിരിക്കുന്നു …കേരളം നേരിട്ടു കൊണ്ടിരിക്കുന്ന ഈ മഹാപ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ ആവും വിധം സഹായിക്കാൻ കാറ്റിനോടും കടലിനോടും പടവെട്ടുന്ന ചങ്കുറപ്പുള്ള ചുണക്കുട്ടികൾ ഉണ്ടിവിടെ…

കൈ മുതലായുള്ളത് ഏത് അപ്രതീക്ഷിത കാലാവസ്ഥയേയും മന: ധൈര്യത്തോടെ നേരിടാൻ കഴിയുമെന്ന വിശ്വാസവും കടലിൽ നീന്തിയ പരിചയവും ആണ്..ഇവർ സർക്കാർ സംവിധാനത്തോട് ചേർന്ന് നിന്ന് പ്രവർത്തിക്കും… ഇത്രയും ഭാരമേറിയ ബോട്ടുകൾ ലോറിയിൽ കയറ്റാൻ സഹായിക്കാൻ വിവിധ പ്രായത്തിലുള്ളവരുടെ കൈ മെയ് മറന്ന സഹായമുണ്ട്… ഒരിക്കൽ നിങ്ങളുടെ സഹായത്തിന്റെ മഹത്വമറിഞ്ഞതുകൊണ്ട്, നന്ദിയുള്ളവരായതുകൊണ്ട് അതേ പോലെ ഈ ദുരന്തത്തിൽപ്പെട്ട സഹജീവികളുടെ വേദന കാണാതിരിക്കാൻ ഞങ്ങൾക്കാവില്ല…

പറഞ്ഞു വരുമ്പോൾ ശക്തമായ ഒരു തിരയ്ക്കിപ്പുറത്ത് യാതൊരു സുരക്ഷിതത്വവുമില്ലാതെ വളരെ ചുരുങ്ങിയ ഭൂപ്രദേശത്ത് ജീവിക്കുന്നവരാണ് ഞങ്ങൾ പക്ഷേ സമാനതകളില്ലാത്ത ഈ ദുരിതക്കയത്തിൽപ്പെട്ട ആലംബഹീനരായവർക്ക് ഒരു കൈ സഹായം നൽകാനായാൽ ഞങ്ങൾക്കത് ചാരിതാർത്ഥ്യത്തിന്റെ നിമിഷമായിരിക്കും…

കടലിന്റെ മക്കൾ ഞങ്ങൾ വെള്ളം കണ്ടാൽ പേടിയ്ക്കാത്തവർ ,ആലപ്പാടൻ മാർ വെള്ള പ്പൊക്ക ദുരന്തബാധിത മേഖലയിലേക്ക് മത്സ്യ ബന്ധന യാനങ്ങളുമായ് അതിനാൽ രക്ഷാപ്രവർത്തനത്തിന് പുറപ്പെടുന്നു… ഇതിൽ പങ്കെടുക്കുന്ന മുഴുവൻ സഹോദരങ്ങളും സുരക്ഷിതരായി സമചിത്തതയോടെ അവിടുത്തെ സാഹചര്യം മനസിലാക്കി സർക്കാർ നിർദ്ദേശങ്ങളനുസരിച്ച് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമല്ലോ… വിജയമുണ്ടാകട്ടെ… ആലപ്പാടിന്റെ, സുമനസുകളുടെ നന്മ മരങ്ങളുടെ ജനപ്രതിനിധിയായതിൽ അഭിമാനത്തോടെ….