കൃത്യമായ സൂചനകൾ കിട്ടിയിട്ടും സംസ്ഥാന സർക്കാർ യാതൊരു മുൻകരുതലും എടുത്തില്ല

ശ്യാം ഗോപാൽ
വടശ്ശേരിക്കര, റാന്നി, ആറന്മുള, ചെങ്ങന്നൂർ, അപ്പർ കുട്ടനാട്, കുട്ടനാട്.. പമ്പയൊഴുകുന്ന വഴി ഇതാണ്. ആ നാടിനെ അറിയാവുന്നവർക്ക് അറിയാം, ഇതേ ക്രമത്തിലാണ് പമ്പയിൽ വെള്ളപ്പൊക്കം സംഭവിക്കുന്നതും. മൂന്ന് ദിവസം മുൻപ് റാന്നിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നപ്പോൾ താഴേക്ക് അത് കൊണ്ടുവരാൻ പോവുന്ന വിപത്തിന്റെ വ്യക്തമായ സൂചന ആയിരുന്നു. ആ സൂചന കിട്ടിയപ്പോൾ തന്നെ താഴേക്ക് കുട്ടനാട് വരെ ജനങ്ങളെ ഒഴിപ്പിക്കാൻ ആരംഭിക്കേണ്ടതായിരുന്നു. അത് നടന്നില്ല. ഇന്ന്, മൂന്നര ദിവസങ്ങൾക്ക് ശേഷവും പതിനായിരങ്ങൾ ചെങ്ങന്നൂരിൽ രക്ഷക്കായി കേഴുന്ന അവസ്ഥ ദൗർഭാഗ്യവശാൽ നമ്മുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്ര വലിയ പരാജയം ആയിരുന്നു എന്നതിന്റെ നേർസാക്ഷ്യമാണ്.

ഇപ്പോൾ തത്കാലം അതൊന്നും പറയാനുള്ള സമയം അല്ലാത്തതുകൊണ്ട് സർക്കാരിന്റെ പ്രവർത്തികളിലേക്കോ സജി ചെറിയാൻറെ വാക്കുകളിലേക്കോ ഒന്നും പോവുന്നില്ല.

പക്ഷെ, രണ്ട് ദിവസം മുൻപ് ഞാൻ പറഞ്ഞത് ഒന്നുകൂടി ഓർമിപ്പിക്കുന്നു. ഈ വെള്ളം മുഴുവൻ ഒഴുകിയിറങ്ങുന്നത് കുട്ടനാട്ടിലേക്കാണ്. പമ്പ മാത്രമല്ല കുട്ടനാട്ടിലേക്ക് വരുന്നത്. ചെങ്ങന്നൂർ കഴിഞ്ഞു വീയപുരത്ത് എത്തുമ്പോൾ അച്ചൻകോവിൽ ആറ് പമ്പയോട് ചേർന്ന് ഒന്നായാണ് താഴോട്ട് കുട്ടനാട്ടിലോട്ട് ഒഴുകുന്നത്. ഇന്നിപ്പോൾ പന്തളത്ത് ഉൾപ്പടെ നാശം വിതച്ച് നിറഞ്ഞു കവിഞ്ഞാണ് അച്ചന്കോവിലാറും ഇറങ്ങി വരുന്നത്. പമ്പയ്ക്കും അച്ചന്കോവിലിനും പുറമെ മണിമലയാറും കുട്ടനാട്ടിലേക്കാണ് ഇറങ്ങിവരുന്നത്.

കുട്ടനാട്ടിൽ വെള്ളം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നു. ചമ്പക്കുളത്ത് ഞങ്ങളുടെ വീട്ടിൽ തന്നെ, ഇന്നുവരെ വരെ കണ്ട വലിയ വെള്ളപ്പൊക്കത്തിൽ പോലും കഷ്ടിച്ച് മുറ്റം വരെ വെള്ളം കയറിയിരുന്നുള്ളു. പക്ഷെ, ഇന്നിപ്പോൾ തന്നെ രണ്ട് മുറിക്കുള്ളിൽ വെള്ളം ആയിക്കഴിഞ്ഞിരിക്കുന്നു. ഇനിയും വെള്ളം വന്നുകൊണ്ടേയിരുന്നു. ആവശ്യത്തിലധികം സമയം ഉണ്ടായിരുന്നു കുട്ടനാട്ടിൽ വേണ്ടത്ര മുൻകരുതൽ എടുത്ത് ജനങ്ങളെ ഒഴിപ്പിക്കാൻ. പക്ഷെ, ഇന്നലെ മാത്രമാണ് സംവിധാനങ്ങൾ പതിയെ അനങ്ങിത്തുടങ്ങിയത്. ആയിരക്കണക്കിന് ആളുകളാണ് കുട്ടനാടിന്റെ പല ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നത്. ആകെ ഒരു ബോട്ടാണ് ഇന്ന് ചമ്പക്കുളത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് ഇന്ന് എത്തിയത് എന്നാണ് അവിടെ നിന്ന് സഹായത്തിനായി വിളിച്ചവർ പറഞ്ഞത്.

കൃത്യമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇനിയെങ്കിലും ഏകോപിപ്പിച്ചില്ലെങ്കിൽ അടുത്ത ദുരന്തം കുട്ടനാട്ടിലാണ് സംഭവിക്കാൻ പോവുന്നത്. ദയവായി അതിനു അനുവദിക്കരുത്.