ചെങ്ങന്നൂരിലും ആലുവയിലും തിരുവനന്തപുരത്തും കനത്ത മഴ; രക്ഷാപ്രവര്‍ത്തനത്തിന് മഴയും കുത്തൊഴുക്കും തടസമാകുന്നു

കൊച്ചി: ചെങ്ങന്നൂരിലും ആലുവയിലും തിരുവനന്തപുരത്തും കനത്ത മഴ. ചെങ്ങന്നൂരില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. പാണ്ടനാട് കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് തടസമായി ചെങ്ങന്നൂരിലും തിരുവല്ലയില്‍ മഴ തുടരുകയാണ്. കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

ഒഴുക്ക് കാരണം ബോട്ടുകള്‍ക്ക് ചെങ്ങന്നൂരില്‍ അടുക്കാനാവുന്നില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 300 ബോട്ടുകള്‍ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

ചെങ്ങന്നൂരില്‍ ഏറ്റവും അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നു എന്ന് എംഎല്‍എ സജി ചെറിയാന്‍ ഇന്നലെ അറിയിച്ചിരുന്നു. പതിനായിരക്കണക്കിന് പേര് മരണാസന്നരാണെന്ന് എം എല്‍ എ മാധ്യമങ്ങളോട് പറഞ്ഞു. അര ലക്ഷത്തോളം പേര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നു. എയര്‍ ലിഫ്റ്റിങ് അല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. അടിയന്തരമായി സൈന്യം വരണമെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു.