കനത്ത മഴയ്ക്ക് ശമനം; ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

തിരുവനന്തപുരം: ദിവസങ്ങളായി കേരളത്തെ ഭീതിയിലാഴ്ത്തിയ പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പലര്‍ക്കും സ്വന്തം വീടും ഉറ്റവരേയും നഷ്ടപ്പെട്ടു. മഴയുടെ ശക്തി കുറഞ്ഞതോടെ ചില മേഖലകളില്‍ മാത്രം ആളുകള്‍ ക്യാംപില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങി തുടങ്ങി. മഴ ഏറെ നാശം വിതച്ച പെരിയാറിലും പത്തനംതിട്ടയിലും ജലനിരപ്പ് കുറഞ്ഞു. ഇതോടെ റോഡ്, റെയില്‍ ഗതാഗതവും പലയിടത്തും ഭാഗികമായി പുന:സ്ഥാപിച്ചു. എന്നാല്‍, മറുവശത്ത് ചെങ്ങന്നൂര്‍ ഇപ്പോഴും ദുരിതത്തിലാണ്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ് ഇവിടെ. വളരെയധികം പേര്‍ കുടുങ്ങിക്കിടക്കുന്ന പാണ്ടനാട്, കല്ലിശേരി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എന്‍.ഡി.ആര്‍.എഫ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്.

ഇന്ന് നാല് പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 361 ആയി. ജലനിരപ്പ് പല സ്ഥലങ്ങളിലും കുറഞ്ഞതിനാല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് എത്തിച്ചേരാനാകാത്തതാണ് ഇപ്പോള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. മണ്‍തിട്ടയിലും മതിലിലും ബോട്ടുകള്‍ ഇടിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. ഈ സാഹചര്യത്തില്‍ എയര്‍ ലിഫ്റ്റിംഗ് നടത്തുന്നതിനൊപ്പം നേവിയുടെ ചെറുവഞ്ചികള്‍ കൂടി രക്ഷപ്രവര്‍ത്തനത്തിനായി ഉപയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, പത്തനംതിട്ടയില്‍ ജലം ഇറങ്ങിത്തുടങ്ങിയതോടെ വ്യോമസേനയുടെ ഹെലികോപ്ടര്‍ എത്തിയിട്ടും കയറാന്‍ ആളുകള്‍ മടികാണിക്കുന്നുണ്ട്. വീടിന്റെ രണ്ടാം നിലയിലും ടെറസിലുമായാണ് ഇവര്‍ കഴിയുന്നത്. ഭക്ഷണവും കുടിവെള്ളവും നല്‍കിയാല്‍ മതിയെന്നാണ് ഇങ്ങനെയുള്ളവര്‍ പറയുന്നതെന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ പറഞ്ഞു. ഇന്ന് വൈകിട്ടോടെ ചെങ്ങന്നൂരിലെ എല്ലാവരെയും സുരക്ഷിതരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്.

വീടുകളിലേക്ക് മടങ്ങിയെത്തിയവര്‍ വീട് വാസയോഗ്യമാക്കാനുള്ള ശ്രമത്തിലാണ്. വീട്ടുസാധനങ്ങളെല്ലാം നശിച്ചു. ഇവയെല്ലാം നീക്കി വീട് താമസയോഗ്യമാക്കുന്നത് ശ്രമകരമായ ജോലിയാണ്. മാത്രമല്ല വീടിനുള്ളില്‍ ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുകയാണ്. വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ പലയിടങ്ങളിലായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പ്രദേശത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ചെങ്ങന്നൂരിലേക്ക് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചു. വെള്ളപ്പൊക്കം രൂക്ഷമായ പാണ്ടനാട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം അന്തിമ ഘട്ടത്തിലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൂടുതല്‍ കേന്ദ്രസേനകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. നിരവധി പേരെ ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാപുകളിലെത്തിച്ചിട്ടുണ്ട്.

ചെങ്ങന്നൂരില്‍ സ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. വിവിധ ക്യാപുകളിലേക്കാവശ്യമായ മരുന്നുകളും ജീവനക്കാരേയുമെല്ലാം ഏകോപിപ്പിക്കുന്നത് ഈ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്. ഒരുരോഗിക്ക് പോലും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കടുത്ത അസുഖമാണെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം മെഡിക്കല്‍ സംഘം ഒരുക്കണമെന്നും മന്ത്രി വ്യക്തമാക്കി. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചെങ്ങന്നൂരിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് കൂടുതല്‍ ജീവനക്കാരെ ചെങ്ങന്നൂരില്‍ വിന്യാസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അനാവശ്യ കാരണങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി.

എസ്.എച്ച്.എസ്.ആര്‍.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനുവിന് ചെങ്ങന്നൂരിലെ സ്‌പെഷ്യല്‍ ഓഫീസറുടെ ചുമതല നല്‍കി. ആരോഗ്യ കേരളം തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണിന് സ്ഥലത്തെ മറ്റ് കാര്യങ്ങളുടെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വസന്ത ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. തിരുവനന്തപുരം ജില്ലയില്‍ നിന്നടക്കം സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് 108 ആംബുലന്‍സുകള്‍ ചെങ്ങന്നൂരില്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യം വന്നാല്‍ കൂടുതല്‍ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് എത്തിക്കുന്നതാണ്. സ്വകാര്യ ആംബുലന്‍സുകള്‍ വാടകയ്ക്ക് എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ മെഡിക്കല്‍ ക്യാംപുകളിലും 24 മണിക്കൂറും വൈദ്യ സഹായം ലഭ്യമാക്കാന്‍ ഒരു മെഡിക്കല്‍ ടീം രൂപികരിച്ചതായും മന്ത്രി അറിയിച്ചു.

ദുരിതബാധിത മേഖലയില്‍ ഒരു കാരണവും കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിടരുതെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ഒരുമിച്ച് ചികിത്സയ്‌ക്കെത്താന്‍ സാധ്യതയുള്ളതുകൊണ്ട് ഡോക്ടര്‍മാരുടെ അഭാവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഡോക്ടര്‍മാരുടെ സംഘടനകളും സഹായിക്കാനായി മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാ മെഡിക്കല്‍ കോളെജുകളിലേയും ഡോക്ടര്‍മാരെ വിവിധ ക്യാംപുകളിലേക്കയച്ചിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളെജിലെ സംഘം ചാലക്കുടി ഭാഗത്തേയ്ക്ക് പോയിട്ടുണ്ട്. ഇവരെയെല്ലാം ആരോഗ്യ വകുപ്പ് ഏകോപിപ്പിച്ചായിരിക്കും വിവിധ ക്യാംപുകളിലേയ്ക്ക് അയക്കുന്നത്.

തിരുവന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്നും 30 പേരടങ്ങുന്ന സംഘം ചെങ്ങന്നൂരിലും 18 പേരടങ്ങുന്ന സംഘം പത്തനംതിട്ടയിലുമായി എത്തിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ ആലപ്പുഴ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരും ബിലീവിയേഴ്‌സ് മെഡിക്കല്‍ കോളെജിലെ 20 അംഗ മെഡിക്കല്‍ സംഘവും എത്തിയിട്ടുണ്ട്. മരുന്നിന് ഒരു ക്ഷാമവുമില്ലെന്നും ആവശ്യത്തിന് സ്വരൂപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവിധതരം പകര്‍ച്ചവ്യാധിയുള്ളവരെ മറ്റുള്ളവരിലേക്ക് വ്യാപിക്കാതെ മറ്റു കേന്ദ്രങ്ങളില്‍ ചികിത്സിക്കുന്നതാണ്. മൃഗങ്ങള്‍ ചത്ത് ജീര്‍ണിച്ച് ഒഴുകുന്ന വെള്ളത്തില്‍ കൂടി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും മന്ത്രി അറിയിച്ചു.

ഐ.എം.എയുടെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഞായറാഴ്ച ചെങ്ങന്നൂരില്‍

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ചെങ്ങന്നൂരില്‍ മെഡിക്കല്‍ സേവനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എന്‍ സുള്‍ഫി, ഡോ. മാര്‍ത്താണ്ഡന്‍പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധരായ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായാണ് സംഘം ക്യാമ്പ് നടത്തുന്നത് ഇവരുടെ അവശ്യ സേവനത്തിന് ഐഎംഎയുടെ ചെങ്ങന്നൂര്‍ ഹെല്‍പ്പ് ലെന്‍ നമ്പരില്‍ ബന്ധപ്പെടാം. നമ്പര്‍ 07025660000

തിരുവന്‍വണ്ടൂരില്‍ കുടുങ്ങിക്കിടന്ന ഗര്‍ഭിണിയെ രക്ഷപ്പെടുത്തി

ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മേഖലയില്‍ കുടുങ്ങിക്കിടന്ന ഗര്‍ഭിണിയെ രക്ഷപ്പെടുത്തി. തിരുവന്‍വണ്ടൂര്‍ സ്വദേശി ജോളിയേയും പിതാവിനേയുമാണ് നാവികസേന രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസം ഭക്ഷണമില്ലാതെ വലഞ്ഞെന്ന് ജോളി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ചെങ്ങന്നൂരില്‍ പലയിടങ്ങളിലും വീടുകളില്‍നിന്ന് ആളുകള്‍ വരാന്‍ കൂട്ടാക്കുന്നില്ലെന്ന് നാവികസേന പരാതിപ്പെട്ടു.

എറണാകുളം ജില്ലയ്ക്ക് പുറമെ ആലപ്പുഴയിലും മദ്യനിരോധനം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലും മദ്യനിരോധനം പ്രാബല്യത്തില്‍. നേരത്തെ എറണാകുളം ജില്ലയിലും മദ്യം നിരോധിച്ചിരുന്നു. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുകയും, പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്തുകയും ചെയ്യുന്നതിനാല്‍, 22/08/2018 വരെ ഉടന്‍ പ്രാബല്യത്തില്‍ ആലപ്പുഴ ജില്ലയില്‍ അബ്കാരി ആക്ട് 54 വകുപ്പ് പ്രകാരം മദ്യ നിരോധനം ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടു.

അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതായും റോഡുകള്‍ ഉപരോധിച്ച് പണപ്പിരിവ് നടത്തുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇനിയും ഇത്തരം നടപടികള്‍ ഉണ്ടായാല്‍ ദുരന്തനിവാരണ വകുപ്പ് പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു. സ്വമേധയാ സഹായം ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ അടുത്തുള്ള കളക്ഷന്‍ സെന്ററിലാണ് ഇവ ഏല്‍പ്പിക്കേണ്ടത്.

നാല് ബോട്ടുടമകളെ മന്ത്രി ജി.സുധാകരന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്തു

നാല് ബോട്ടുടമകളെ മന്ത്രി ജി.സുധാകരന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്തു. രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ലേക്ക്‌സ് ആന്‍ഡ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെയാണ് ഇതിനകം അറസ്റ്റു ചെയ്തത്. തേജസ് ഉടമ സിബിയെക്കൂടി ഉടന്‍ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. ബോട്ട് ഡ്രൈവര്‍മാരില്‍ പലരും അനധികൃതമായി ലൈസന്‍സ് വാങ്ങിയതാണെന്ന പരാതി അടിയന്തരമായി പരിശോധിക്കാന്‍ പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ടുഡ്രൈവര്‍മാരുടെ ലൈസന്‍സ് അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു. ബോട്ടുകളുടെ ഗതാഗതവുമായി ബന്ധപ്പെട്ട് ജില്ലയിലെ അധികാരിയായ പോര്‍ട്ട് സര്‍വയര്‍, ഉത്തരവാദിത്തം ശരിയായി നിര്‍വഹിച്ചില്ലെന്ന് മന്ത്രി വിലയിരുത്തി. പോര്‍ട്ട് ഓഫിസറെ വിളിച്ചുവരുത്തിയ മന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചു. ഇത് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ