പ്രളയക്കെടുതി ഉണ്ടാകുമ്പോള്‍ മന്ത്രി വിദേശത്ത് പോയത് ശരിയായില്ല; മന്ത്രി കെ രാജുവിനെ തള്ളി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍പ്പെട്ടിരിക്കുമ്പോള്‍ വനം മന്ത്രി കെ.രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് കാനം രാജേന്ദ്രന്‍. നടപടി എടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കാനം അറിയിച്ചു. പാര്‍ട്ടി തിരിച്ചുവിളിച്ചതിനെ തുടര്‍ന്ന് മന്ത്രി ഇന്ന് തിരിച്ചെത്തും. മന്ത്രിയുടെ ജര്‍മ്മനി യാത്രയാണ് വിവാദമായത്.

കേരളത്തില്‍ മഴ ശക്തമായപ്പോഴാണ് 16ന് മന്ത്രി ജര്‍മനിയിലേക്ക് പോയത്. മൂന്നു ദിവസത്തെ സമ്മേളനത്തിനു പുറമേ 22നു നടത്തുന്ന ഓണാഘോഷത്തിനും ശേഷം മടങ്ങാനായിരുന്നു പരിപാടി. മുഖ്യമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തെ മടക്കി വിളിക്കുകയായിരുന്നു. സിപിഐ നേതൃത്വവും മന്ത്രിയോടു തിരികെയെത്താന്‍ ആവശ്യപ്പെട്ടു.

Image result for കെ രാജു

കോട്ടയത്ത് സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയതിനുശേഷമായിരുന്നു മന്ത്രിയുടെ യാത്ര. പ്രളയക്കെടുതിയില്‍ തകര്‍ന്നുപോയ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണമാണ് ഇന്ന് കേരളം നേരിടുന്ന വലിയ വെല്ലുവിളിയെന്നും മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കു കരുത്തു പകരാന്‍ മനുഷ്യസ്‌നേഹികളെല്ലാം ഒന്നിക്കേണ്ട സമയമാണിതെന്നും മന്ത്രി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തിയ ശേഷം പ്രസംഗിച്ചിരുന്നു.

നാടുമുഴുവന്‍ കെടുതിയിലും അതിന്റെ രക്ഷാപ്രവര്‍ത്തനത്തിലും മുഴുകുമ്പോള്‍ അതിനു നേതൃത്വം കൊടുക്കേണ്ട മന്ത്രി നാടുചുറ്റാന്‍ പോയത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത കാര്യമായാണു പാര്‍ട്ടി കാണുന്നത്. സാധ്യമായ ശ്രമങ്ങളിലെല്ലാം മുഴുകുന്ന പാര്‍ട്ടിക്കും മന്ത്രിസഭയ്ക്കും ഇതു നാണക്കേടായെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.

ഒരു മാസം മുമ്പാണു വിദേശയാത്രയ്ക്കുള്ള അനുമതി രാജു തേടിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി അനുവാദം നല്‍കി. സംസ്ഥാന കൗണ്‍സില്‍ അംഗമാണു രാജു. എന്നാല്‍ അതിനുശേഷം സ്ഥിതിഗതികള്‍ മാറിയതു മന്ത്രി കണക്കിലെടുത്തില്ല. പുനലൂരിലെ സ്വന്തം മണ്ഡലത്തില്‍ ചില ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച മന്ത്രി കുറച്ചുദിവസം താന്‍ ഇവിടെയുണ്ടാകില്ലെന്ന് അവരെയും അറിയിച്ചിട്ടാണു നാടുവിട്ടത്.

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല രാജുവിനായിരുന്നു. യാത്ര തിരിക്കുന്നതിനു മുമ്പായി സിപിഐ നേതൃത്വത്തെയോ പാര്‍ട്ടി സെന്ററിനെയോ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും പുനരാലോചന വേണമോയെന്നും മന്ത്രി ചോദിച്ചില്ല. ചികിത്സയിലായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിവരമറിഞ്ഞ് എത്രയും വേഗം തിരിച്ചെത്താന്‍ രാജുവിനോട് ആവശ്യപ്പെടുകയായിരുന്നു.

ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായതിനെത്തുടര്‍ന്നു ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി കേരള നേതാക്കളോടു വിവരം തേടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇന്നു ചേരാനിരുന്ന നിര്‍വാഹകസമിതി യോഗം മാറ്റിവച്ചു. നിലവില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ സംസ്ഥാന നിര്‍വാഹക സമിതിയും കൗണ്‍സിലും ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്.