ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം നാളെയും തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍ സ്ഥിതി ഗുരുതരമായി തുടരുന്ന ചെങ്ങന്നൂരില്‍ നാളെയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മഴക്കെടുതിയില്‍ തകരാറിലായ ആശയവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഉടന്‍ സാങ്കേതിക സഹായം തേടുമെന്നും ബെഹ്‌റ വ്യക്തമാക്കി. ചെങ്ങന്നൂര്‍ മേഖല സന്ദര്‍ശിച്ചതിന് ശേഷമാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രളയക്കെടുതിയെ തുടര്‍ന്ന് ചെങ്ങന്നൂരിലെ പല എടിഎമ്മുകളും കാലിയായ അവസ്ഥയിലാണ്. ചെങ്ങന്നൂര്‍ താലൂക്കിന്റെ പരിധിയിലെ എടിഎംമ്മുകളില്‍ പണമില്ലാതെ ആയത് അടിയന്തിരാവശ്യങ്ങള്‍ക്ക് പണമെടുക്കാന്‍ വരുന്ന രക്ഷാ പ്രവര്‍ത്തകരെയും നാട്ടുകാരെയും ഒരു പോലെ വലയ്ക്കുകയാണ്.

അതേസമയം ചെങ്ങന്നൂരിലേക്ക് കൂടുതല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയുടെ 21അംഗ ഡൈവിംഗ് ടിം എത്തി. ഒപ്പം ആര്‍മിയുടെ 15അംഗ കമാന്‍ഡോ സംഘംവും ചെങ്ങന്നൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബംഗലൂരുവില്‍ നിന്ന് പുറപ്പെട്ട സംഘത്തില്‍ ഡോക്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രളയക്കെടുതിയില്‍പ്പെട്ട് നിരവധിപ്പേര്‍ ഇപ്പോഴും ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ട് കിടക്കുന്നുണ്ട്. പാണ്ടനാട് പഞ്ചായത്തിലെ 4 വാര്‍ഡുകള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. രക്ഷാപ്രവര്‍ത്തക സംഘത്തിന് ഇവിടെ എത്താനാകുന്നില്ല. പമ്പാ നദി മുറിച്ചുകടക്കേണ്ടിവരും എന്നതാണ് പ്രധാന വെല്ലുവിളി. അതിനാല്‍, ചെങ്ങന്നൂരില്‍ രണ്ട് ദിവസം കൂടി രക്ഷാപ്രവര്‍ത്തനം വേണ്ടി വന്നേക്കും എന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. രക്ഷാദൗത്യത്തിന് കൂടുതല്‍ ചെറുവള്ളങ്ങള്‍  ഇറക്കാനും പദ്ധതിയുണ്ട്.

അതേസമയം, ഷോളയാര്‍ ഡാമില്‍ കുടുങ്ങിക്കിടക്കുന്ന 3 കെഎസ്ഇബി ഉദ്യോഗസ്ഥരെ ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി.