അച്ഛന്‍ നല്‍കിയ ഒരേക്കര്‍ ഭൂമി ദുരിതാശ്വാസ നിധിക്ക് കൈമാറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി; മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്വന്തം ഭൂമി വിട്ടുനല്‍കി ഡല്‍ഹി മലയാളി

പയ്യന്നൂര്‍: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ പൊരുതുകയാണ് കേരളം. ഉള്ളതെല്ലാം നഷ്ടപ്പെട്ട് ഒരു ജനതയൊന്നാതെ ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന കാഴ്ചകളാണ് ചുറ്റിലും. ഈ സാഹചര്യത്തില്‍ സ്വന്തം സ്ഥലം നല്‍കാന്‍ തയാറായിരിക്കുകയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സ്വാഹയും അടൂരിലെ കുരുവിള സാമുവേല്‍ എന്ന വ്യക്തിയും. അച്ഛന്‍ തനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് സ്വാഹയുടെ തീരുമാനം. കുരുവിളയാകട്ടെ, പ്രളയത്തില്‍ മരണപ്പെട്ടവരെ, തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജാതിമത ഭേതമന്യേ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുവദിച്ചിരിക്കുകയാണ്.

‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ച് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം ഞങ്ങള്‍ സംഭാവന നല്‍കുന്നു.’ എന്നാണ് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ സ്വാഹ കുറിച്ചത്. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയുടെയും മക്കളാണ് സ്വാഹയും അനിയന്‍ ബ്രഹ്മയും. തന്റെ മക്കളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണയുമായി അച്ഛന്‍ ശങ്കരനുമുണ്ട്.

പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ മാത്തിലിനടുത്ത് പാരമ്പര്യമായി കിട്ടിയ ഒരേക്കര്‍ സ്ഥലത്തിന് മാര്‍ക്കറ്റില്‍ ഇപ്പോള്‍ 50 ലക്ഷം രൂപ വില വരും. ഇത്രയും പേര്‍ കഷ്ടപ്പെടുമ്പോള്‍ ഞങ്ങളും എന്തെങ്കിലും ചെയ്യണ്ടേ എന്നാണ് സ്വാഹയും ബ്രഹ്മയും ചോദിക്കുന്നത്. കേരളം മുഴുവന്‍ തങ്ങളുടെ ഈ സംഭാവനയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും അഭിനന്ദന പ്രവാഹങ്ങള്‍ ഉയരുമ്പോഴും ഒരു വലിയ കാര്യം ചെയ്ത ഭാവമൊന്നും ഈ കുട്ടികളിലില്ല. മക്കള്‍ക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ നടക്കട്ടെ എന്നാണ് അച്ഛന്‍ ശങ്കരന്റെ നിലപാട്.

ഒമ്പതാം ക്ലാസ് വരെ പഴയ സംസ്‌കൃതം വിദ്വാനായ അച്ഛനാണ് സ്വാഹയെയും ബ്രഹ്മയെയും പഠിപ്പിച്ചത്. പിന്നീട് ഷേണായ് സ്മാരക സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ സ്വാഹ പഠിക്കാനും മിടുക്കിയാണെന്നാണ് അധ്യാപകരുടെ പക്ഷം. സ്വാഹയും ബ്രഹ്മയും ചേര്‍ന്നെഴുതിയ കത്ത് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അതേസമയം ഈ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കുമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ഉരുള്‍ പൊട്ടലിലും മറ്റും വീടും സ്ഥലവും നഷ്ടപ്പെട്ടവട്ടവരെ ഇങ്ങോട്ട് പുനരധിവാസം നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

കോടതി വ്യവഹാരം മൂലം ഈ സ്ഥലത്തിന് 1993 മുതല്‍ നികുതി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ എത്രയും പെട്ടെന്ന് ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നികുതി സ്വീകരിക്കാനും ഈ സ്ഥലം ഏറ്റെടുക്കാനുമുള്ള നടപടികള്‍ ഏറ്റെടുത്തതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു.

അതേസമയം, സ്ഥലത്ത് വെള്ളം കയറില്ലെന്നും കയറിച്ചെല്ലാന്‍ അനുയോജ്യമായ വഴിയുമുണ്ടന്നും കുരുവിള സാമുവല്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ സൗകര്യമില്ലെങ്കില്‍ തന്റെ ഭൂമി ഉപയോഗിക്കാമെന്നും സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കാന്‍ നിയമപരമായ അനുമതികള്‍ ആവശ്യമുണ്ടെങ്കില്‍ അടൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ സമീപിക്കണമെന്നും കുരുവിള സാമുവല്‍ പറയുന്നു.

നിരവധി ആളുകള്‍ ഇദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് ലൈവ് ഷെയര്‍ ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി കുരുവിള സാമുവലിനെ പ്രകീര്‍ത്തിച്ച് നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഡല്‍ഹിയില്‍ താമസിക്കുന്ന ഇദ്ദേഹം ഒരു സുവിശേഷ പ്രവര്‍ത്തകന്‍ കൂടിയാണ്.