സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ പരാജയം; പുനരധിവാസത്തിന് ഏല്ലാവരും ഒരുമിച്ചു നില്‍ക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതോറിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് മുഖ്യമന്ത്രി ആയിരുന്നു പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കേണ്ടിയിരുന്നെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രളയമുണ്ടായപ്പോള്‍ സൈന്യത്തെ വിളിക്കണമായിരുന്നെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സൈനിക കമാന്‍ഡറെ ഭരണം ഏല്‍പിക്കണമെന്നല്ല താന്‍ പറ!ഞ്ഞത്. ദുരന്തനിവാരണ അതോറിറ്റിയുടെ നിയമങ്ങള്‍ അനുസരിച്ച് അവരാണ് സൈന്യത്തേയോ അര്‍ദ്ധസൈനിക വിഭാഗത്തെയോ വിളിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് സഹായവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കുകയാണ് വേണ്ടത്. അവരത് ചെയ്യാതെ പോയതു കൊണ്ടാണ് ഇത്രയും പ്രശ്‌നങ്ങളുണ്ടായത്. ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ നെഞ്ചത്തടിച്ച് നിലവിളിച്ചത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയം കളിച്ചതു പോലെ രാഷ്ട്രീയം കളിക്കാന്‍ താനില്ല. പറയാനാണെങ്കില്‍ ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. എന്നാലിപ്പോള്‍ അതിനുള്ള സമയമല്ല. പ്രളയത്തെ നേരിട്ടതുപോലെ പുനരധിവാസത്തിനും ഏല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. വീടുകളിലേക്ക് മടങ്ങി പോകുന്നവര്‍ക്ക് സര്‍ക്കാര്‍ 25,000 രൂപയെങ്കിലും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎന്‍, റെഡ് ക്രോസ് തുടങ്ങിയ ഏജന്‍സികളുടേയും അന്താരാഷ്ട്ര ഏജന്‍സികളുടേയും സഹായം തേടണമെന്നും ചെന്നിത്തല പറഞ്ഞു.

വീടുകളിലേക്ക് പോകുന്നവര്‍ക്ക് അത്യാവശ്യത്തിനു വേണ്ട സഹായം നല്‍കാന്‍ എല്ലാവരും തയാറാകണം. ബാനറുകളും പോസ്റ്ററുകളും ഉപയോഗിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കരുത്. രാഷ്ട്രീയം മറന്ന് ഏല്ലാവരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്കും സഹായം നല്‍കണം. കുട്ടനാട് പോലുള്ള സ്ഥലങ്ങളില്‍ കന്നുകാലികള്‍ക്കുള്ള തീറ്റ ഇല്ലാത്ത സ്ഥിതിയാണ്. ഇതിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.