പ്രളയക്കെടുതിയിലും തട്ടിപ്പ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറില്‍ കൃത്രിമം കാണിച്ച് പണം തട്ടാന്‍ ശ്രമം; തിരുച്ചിറപ്പിള്ളി സ്വദേശിക്കെതിരെ കേസ്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായുള്ള സഹായം നല്‍കുന്നതിനായി ഒരുക്കിയ അക്കൗണ്ട് നമ്പറിലും കൃത്രിമം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറിന് പകരം സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ്. തിരുച്ചിറപ്പിള്ളി സ്വദേശി വിജയ കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. തമിഴ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടുത്തിയ സന്ദേശം പ്രചരിപ്പിച്ചാണ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചത്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ തിരുവനന്തപുരം ഐ ജി മനോജ് എബ്രഹാം പ്രസ്തുത അക്കൗണ്ട് മരവിപ്പിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്രാഞ്ചിലാണ് അക്കൗണ്ട് തുറന്നിരുന്നത്. 20025290179 എന്ന അക്കൗണ്ട് നമ്പര്‍ നല്‍കിയായിരുന്നു തട്ടിപ്പ്. അടുത്തിടെയാണ് അക്കൗണ്ട് തുടങ്ങിയതെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. തമിഴിലാണ് പ്രതി സന്ദേശം പ്രചരിപ്പിച്ചത്. എന്നാല്‍, ഇയാള്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം താഴ്ന്നിട്ടും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. 5000 പേരോളമാണ് ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്‍മണി മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നത്. പമ്പാതീരത്ത് 3000 പേരാണ് രക്ഷ തേടിയത്. കുടുങ്ങിക്കിടക്കുന്നവര്‍ വീടുവിട്ടു വരാന്‍ തയാറാകണമെന്ന് സര്‍ക്കാരും വ്യോമസേനയും അറിയിച്ചു. തിരുവല്ലയിലും ആറന്മുളയിലും നെല്ലിയാമ്പതിയിലും സ്ഥിതി അതീവഗുരുതരമാണ്, ഭക്ഷണവും വെള്ളവുമില്ലാതെ നാലാംദിവസമാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ് ഇവിടെ. വളരെയധികം പേര്‍ കുടുങ്ങിക്കിടക്കുന്ന പാണ്ടനാട്, കല്ലിശേരി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എന്‍.ഡി.ആര്‍.എഫ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്.

കുട്ടനാടും അപ്പര്‍ കുട്ടനാടും വീണ്ടും ദുരിതക്കയത്തില്‍, എണ്‍പത് ശതമാനത്തിലേറെപ്പേരെയും ഒഴിപ്പിച്ചു. തൃശൂരില്‍ കരുവന്നൂര്‍ പുഴ ഗതിമാറിയൊഴുകുന്നു. ആറാട്ടുപുഴയിലെ 600 വീടുകള്‍ വെള്ളത്തിനടിയില്‍. പറവൂര്‍ കുത്തിയതോടില്‍ പള്ളിക്കെട്ടിടം തകര്‍ന്ന് ആറുപേര്‍ മരിച്ചു.

എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ ഭാഗികമായും എംസി റോഡില്‍ പൂര്‍ണമായും ഗതാഗതം പുനസ്ഥാപിച്ചു, കെഎസ്ആര്‍ടിസി കുതിരാന്‍വഴിയും ഭാഗികമായി സര്‍വീസ് തുടങ്ങി, കോട്ടയംവഴി ട്രെയിന്‍ ഓടിത്തുടങ്ങി, വേണാടും വഞ്ചിനാടും സര്‍വീസ് നടത്തുന്നു. പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

എറണാകുളം പറവൂര്‍, കടുങ്ങല്ലൂര്‍ മേഖകളിലും ചെങ്ങന്നൂരിലുമാണ് കൂടുതല്‍ ദുരിതം. ചെങ്ങന്നൂര്‍ മേഖലയില്‍ ഇനി അയ്യായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റവന്യൂ വകുപ്പിന്റെ കണക്ക്. ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്‍മണി മേഖലകളിലായാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്. ചെങ്ങന്നൂരിലെ പ്രളയക്കെടുതിയില്‍നിന്നു ഇന്നലെ രക്ഷപ്പെടുത്തിയ 149 പേരെ തിരുവനന്തപുരത്ത് എത്തിച്ചു.

ജലനിരപ്പ് കുറഞ്ഞതിനാല്‍ വലിയ ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. കുടുങ്ങിക്കിടക്കുന്നവര്‍ വീടുവിട്ട് വരാന്‍ തയ്യാറാകണമെന്ന് സര്‍ക്കാരും വ്യോമസേനയും അഭ്യര്‍ഥിച്ചു. ചെങ്ങന്നൂരിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വേണുഗോപാലിനെ നിയോഗിച്ചു. കുട്ടനാട്ടില്‍ നിന്ന് 97% പേരെയും ഒഴിപ്പിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. തൃശൂരിലെ ആറാട്ടുപുഴയില്‍ ബണ്ട് റോഡ് തകര്‍ന്ന് കരുവന്നൂര്‍ പുഴ ഗതിമാറി ഒഴുകുന്നു. ഈ വെള്ളം തൃശൂരിലെ കോള്‍പ്പാടങ്ങളില്‍ ജലനിരപ്പുയര്‍ത്തി. നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലായി.