പുതിയ വീട് നിര്‍മ്മിച്ച് താമസം മാറിയിട്ട് ഒരു മാസം മാത്രം; കനത്ത മഴയില്‍ ഭൂമി വിണ്ടുകീറി ആദ്യ നില മണ്ണിനടിയിലായതിന്റെ ഞെട്ടലില്‍ വീട്ടുകാര്‍

ഇടുക്കി: പുതിയ വീട് നിര്‍മ്മിച്ച് താമസം മാറിയിട്ട് ഒരു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. പേമാരിയും പ്രളയവും വന്നതോടെ താമസിച്ചുകൊതി തീര്‍ന്നിട്ടില്ലാത്ത വീടിന്റെ ഒന്നാം നില മണ്ണിനടിയിലായതിന്റെ വേദനയിലാണ് മാവടി പള്ളിപ്പടി തേനമാക്കല്‍ അപ്പച്ചനും കുടുംബവും. ഭൂമി വിണ്ടുകീറിയാണ് ആദ്യത്തെ നില പൂര്‍ണമായും മണ്ണിനടിയിലായത്.

എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നറിയണമെങ്കില്‍ സ്ഥലത്ത് പഠനം നടത്തണം. ഈ പ്രദേശത്തെ മണ്ണ് ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്നാണ് വീട് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

അപകടം മുന്‍കൂട്ടി കണ്ട് വീട്ടുകാര്‍ നാല് ദിവസം മുമ്പ് ഈ വീട്ടില്‍ നിന്ന് മാറിത്താമസിച്ചിരുന്നു. പറ്റുന്നിടത്തോളം വീട്ടുപകരണങ്ങളും മാറ്റിയിരുന്നു.

വീടിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ വിണ്ടുകീറിയ നിലയിലാണ്. രണ്ടര കിലോമീറ്ററിലധികം പ്രദേശമാണ് ഭൂമി പിളര്‍ന്ന് മാറിയിരിക്കുന്നത്. ഇതിനടുത്തുള്ള മാവടി കുഴികൊമ്പ് ഭാഗത്ത് രണ്ടാള്‍ താഴ്ചയില്‍ ഭൂമി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. പല പ്രദേശങ്ങളിലെയും മണ്‍ഭിത്തികള്‍ തകര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്.