അപകടത്തില്‍ മരിച്ച മാതാവിന്റെ കാറില്‍ ജലപാനമില്ലാതെ നാല് നാള്‍ കഴിഞ്ഞ രണ്ട് പിഞ്ച് കുട്ടികള്‍ രക്ഷപ്പെട്ടു

പി.പി. ചെറിയാന്‍

അര്‍ക്കന്‍സാസ്: സൗത്ത് അര്‍ക്കന്‍സാസില്‍ അപകടത്തില്‍ പെട്ട കാറില്‍ നിന്നും തെറിച്ചുവീണ് കൊല്ലപ്പെട്ട മാതാവിന് സമീപം കാറില്‍ നാല് നാള്‍ കഴിഞ്ഞ മൂന്നും ഒന്നും വയസ്സ് പ്രായമുള്ള രണ്ട് ആണ്‍ കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ആഗസ്റ്റ് 21 ചൊവ്വാഴ്ച ഔച്ചിറ്റ കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഡിറ്റക്റ്റീവ് ലഫ്. നാഥന്‍ ഗ്രീന്‍ലെ നടത്തിയ പത്ര സമ്മേളനത്തിലാണ് അത്ഭുത രക്ഷപ്പെടലിന്റെ കഥ വിവരിച്ചത്.

ആഗസ്റ്റ് 20 തിങ്കളാഴ്ച വഴിയോരത്തില്‍ അലഞ്ഞു നടന്നിരുന്ന മൂന്ന് വയസ്സുകാരനെ കുറിച്ച് വിവരം ലഭിച്ച ഷെറിഫ് ഈ കുട്ടിയുടെ ബന്ധപ്പെട്ടവരെ കണ്ടെത്തുന്നതിന് സോഷ്യല്‍ മീഡിയ വഴിയും, മാധ്യമങ്ങളിലൂടെ ശ്രമിച്ചുവെങ്കിലും ആരേയും കണ്ടെത്താനായില്ല. തുടര്‍ന്ന് കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് സമീപം നടത്തിയ അന്വേഷണത്തില്‍ റോഡില്‍ നിന്നും വളരെ താഴെയായിരുന്ന അപകടത്തില്‍പ്പെട്ട കാര്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇറങ്ങിനോക്കിയപ്പോള്‍ കാറില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ മാതാവിന്റെ മൃതശരീരം കണ്ടെത്തി. അതേ സമയം കാറിനകത്ത് സീറ്റ് ബെല്‍റ്റിട്ട നിലയിലായിരുന്നു ഒരു വയസ്സുള്ള കുട്ടി. ഈ കാറിനകത്ത് ആഹാരമോ, ജലമോ ഇല്ലാതെ എങ്ങനെ കഴിഞ്ഞുവെന്നത് അത്ഭുതമാണെന്ന് ഷെറിഫ് പറഞ്ഞു. ശരീരത്തില്‍ ജലാംശം നഷ്ടപ്പെട്ട കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളും സുഖമായിരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിച്ച വിവരം.

ഇത്രയും കാലത്തെ സേവനത്തിനിടയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായതായി ഓര്‍മ്മയില്ലെന്നാണ് ഷെറിഫ് പറയുന്നത്. ഈ അത്ഭുതകരമായ രക്ഷപ്പെടല്‍ ദൈവിക ഇടപെടലായി മാത്രമാണ് ഞാന്‍ വിശ്വസിക്കുന്നത് ഷെറിഫ് പറഞ്ഞു.

ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ അപകടത്തില്‍ മരിച്ച സ്ത്രീ ഗര്‍ഭിണിയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. മരിച്ച സ്ത്രീയുടെ പിതാവും ഇത് ശരിവെച്ചു.