ഐ.എം.എ ഓണാഘോഷം റദ്ദു ചെയ്തു; പകരം ദുരിതാശ്വാസം

ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്‍ കേരളത്തിലെ നമ്മുടെ സഹോദരീ സഹോദരന്മാരുടെ കണ്ണീരൊപ്പുവാന്‍ ഓണാഘോഷങ്ങള്‍ റദ്ദു ചെയ്തു. പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം കൂടിയാണ് സെപ്റ്റംബര്‍ രണ്ടിനു നടത്തുവാന്‍ തീരുമാനിച്ചിരുന്ന ഓണാഘോഷങ്ങള്‍ ഉപക്ഷിക്കാന്‍ തീരുമാനിച്ചത്

തുടര്‍ന്നു നടന്ന ചര്‍ച്ചകളില്‍ ഐ.എം.എയുടെ നേതൃത്വത്തില്‍ നമ്മുടെ മാതൃസംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഒരു കൈത്താങ്ങ് ആകുവാന്‍ ഫേസ്ബുക്ക് പേജിലൂടെ സഹായം അഭ്യര്‍ത്ഥിക്കുവാനും, ഓണത്തിന്റെ ചെലവുകൂടി അതില്‍ നിക്ഷേപിച്ച് കിട്ടുന്ന സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ ട്രഷറര്‍ ജോയി പീറ്ററേയും, സെക്രട്ടറി വന്ദനാ മാളിയേക്കലിനേയും യോഗം ചുമതലപ്പെടുത്തി.

ആദ്യഗഡുവായി ഐ.എം.എയുടെ മുന്‍ പ്രസിഡന്റ് ജയ്ബു കുളങ്ങരയില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി.

1991 മുതല്‍ ചിക്കാഗോയുടെ സാംസ്കാരിക നവോത്ഥാനത്തിന് തുടക്കംകുറിച്ച സംഘടനയാണ് ഇല്ലിനോയി മലയാളി അസോസിയേഷന്‍. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മുന്നില്‍ എല്ലായ്‌പ്പോഴും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് സംഘടനകള്‍ക്ക് വഴികാട്ടിയാകുവാന്‍ ഐ.എം.എ എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി, കേരളത്തിലെ ആക്ഷേപ ഹാസ്യസാഹിത്യ വിമര്‍ശകന്‍ ചെമ്മനം ചാക്കോ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

Picture2