അഞ്ചാമത് ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ് കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

അറ്റ്‌ലാന്റാ, ജോര്‍ജിയ അറ്റ്‌ലാന്റാ എയര്‍പോര്‍ട്ട് മാരിയട്ട് ഹോട്ടലില്‍ ഒക്‌റ്റോബര്‍ 5, 6, 7 തീയതികളില്‍ നടക്കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബിന്റെ (ഐ. എ. പി. സി.) അഞ്ചാം അന്താരാഷ്ട്രീയ മീഡിയ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍ അറിയിച്ചു. അറ്റ്‌ലാന്റായില്‍ കഴിഞ്ഞ ദിവസം നടന്ന കിക്ക് ഓഫ് മിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യയിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ദേശീയതല നേതാക്കാളും മാദ്ധ്യമരംഗത്തെ പ്രശസ്തവ്യക്തികളും ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുങ,” അദ്ദേഹം പറഞ്ഞു. “മുപ്പതുമുതല്‍ നാല്പതുവരെ ആളുകളെയാണ് ഇന്ത്യയില്‍നിന്നു പ്രതീക്ഷിക്കുന്നത്, ഇതില്‍ 25 പേര്‍ ഇതിനകം ഉറപ്പുതന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.”

കോണ്‍ഫറന്‍സ് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കഅന്‍, ഐ.എ.പി.സി.യുടെ അറ്റ്‌ലാന്റാ ചാപ്റ്റര്‍ അംഗങ്ങളില്‍നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന സമ്പൂര്‍ണ്ണപിന്തുണ അദ്ദേഹം സ്വാഗതംചെയ്തു.

രാഷ്ട്രീയമാദ്ധ്യമരംഗങ്ങളിലെ പ്രഗത്ഭര്‍ നയിക്കുന്ന ശില്പശാലകളും സെമിനാറുകളും കോണ്‍ഫറന്‍സിലെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും. “മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു,” ചെയര്‍മാന്‍ പറഞ്ഞു.

കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി, കമ്മ്യൂണിറ്റി നേതാക്കളേയും മറ്റു പ്രഗത്ഭരേയും ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ബാബു സ്റ്റീഫന്‍ (ഫൈനാന്‍സ്), മിനി നായര്‍ (എന്റര്‍ടൈന്മെന്റ്, ഫുഡ് കമ്മിറ്റികള്‍), സാബു കുര്യന്‍ (മെഡിക്കല്‍), ജോര്‍ജ് കൊട്ടാരത്തില്‍ (കോമ്പറ്റീഷന്‍സ്), മുരളി ജെ. നായര്‍ (പബ്‌ളിസിറ്റി & മീഡിയ), ലൂക്കോസ് തര്യന്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ജോമി ജോര്‍ജ് (റിസപ്ഷന്‍/രജിസ്‌റ്റ്രേഷന്‍, യൂത്ത് കമ്മിറ്റികള്‍), വിനീതാ നായര്‍ (പ്രൊഗ്രാം), രൂപ്‌സി നറുള (വിമന്‍സ്), പ്രസാദ് ഫീലിപ്പോസ് (സ്‌റ്റേജ്), തോമസ് മാത്യൂ ജോയ്‌സ് (സുവനീര്‍), സുനില്‍ ജെ. കൂഴ്മ്പാല (എഡ്യൂക്കേഷനല്‍ അവാര്‍ഡ്) എന്നിവരാണ് കമ്മിറ്റികളുളുടെ ചെയര്‍പേര്‍സണ്‍മാര്‍.

ഇന്‍ഡോ അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായി 2013ല്‍ രൂപീകരിക്കപ്പെട്ട സംഘടനയായ ഐ.എ.പി.സി., കഴിഞ്ഞ നാലുവര്‍ഷങ്ങളായി അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വാര്‍ഷിക മാദ്ധ്യമ കോണ്‍ഫറന്‍സുകള്‍ നടത്തിവരുന്നു. മുന്‍ വര്‍ഷങ്ങളിലെ കോണ്‍ഫറന്‍സുകളില്‍, ഗവണ്മെന്റ്, മാദ്ധ്യമ, സാഹിത്യരംഗങ്ങളില്‍നിന്നുള്ള വിശിഷ്ടവ്യക്തികള്‍ പങ്കെടുത്തിരുന്നു.
അമേരിക്കയിലും കാനഡയിലുമായി ഐ.എ.പി.സി.യ്ക്ക് ഇപ്പോള്‍ 12 ലോക്കല്‍ ചാപ്റ്ററുകളുണ്ട്.

ഫോട്ടോ: ഐ.എ.പി.സി. ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍ കിക്ക് ഓഫ് മീറ്റിങ്ങില്‍ സംസാരിക്കുന്നു.