ഈ പ്രതിമ ഉയരുന്നതോടുകൂടി ഇന്ത്യയിലെ ദരിദ്ര കോടികളുടെ ഒരുവിധം അടിസ്ഥാന പ്രശ്നങ്ങൾക്കെങ്ങിലും പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം അല്ലേ…?

ഈ പ്രതിമ ഉയരുന്നതോടുകൂടി ഇന്ത്യയിലെ ദരിദ്ര കോടികളുടെ ഒരുവിധം അടിസ്ഥാന പ്രശ്നങ്ങൾക്കെങ്ങിലും പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം അല്ലേ…?

182 മീറ്റര്‍ ഉയരത്തില്‍, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പെരുമയോടെയാണ് നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപം സാധുബേട് ദ്വീപില്‍ പട്ടേല്‍ സ്മാരകം ഉയരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയാണ് ഐക്യ പ്രതിമ. 2013ല്‍, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തന്നെയാണു തറക്കല്ലിട്ടത്.

ശില്‍പത്തിന്റെ രൂപകല്‍പന നിര്‍വഹിച്ചത് പ്രമുഖ ശില്‍പി റാം വി.സുതര്‍.

33,000 ടണ്‍ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ ‘ഉരുക്കുമനുഷ്യന്റെ’ പ്രതിമ തീര്‍ക്കുന്നത്.

ഇതോടനുബന്ധിച്ചു പട്ടേലിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ലൈറ്റ് – സൗണ്ട് ഷോ, 500 അടി ഉയരത്തില്‍നിന്നു സര്‍ദാര്‍ സരോവര്‍ അണക്കെട്ടു കാണാനുള്ള സൗകര്യം, മ്യൂസിയം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

3000 കോടിയോളം ചെലവിട്ടുള്ളതാണു പ്രതിമ പദ്ധതി…!!

ഇന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ 30 കൊല്ലത്തോളം ജീവിച്ച വെറിയര്‍ എല്‍വിന്‍ ((1902 – 1964) എന്ന ബ്രിട്ടീഷുകാരന്‍ ബോംബയിലെ റോട്ടറി ക്ലബ്ബില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രസംഗമുണ്ട്…

‘ദാരിദ്ര്യം നമുക്ക് ചുറ്റും ഉള്ളതുകൊണ്ട് അതെന്താണെന്ന് നമ്മള്‍ മറന്നു പോകുന്നു.

ഒരു ദിവസം ഒരു ആദിവാസി കുടുംബം കണ്ണീരോടെ എന്റെ അടുത്ത് വന്നു. അവരുടെ കുടില്‍ തീ പിടുത്തത്തില്‍ നശിച്ചു വെണ്ണീരായി.

വീടുണ്ടാകാന്‍ എത്ര പൈസ വേണ്ടി വരുമെന്ന് ഞാന്‍ അവരോടു ചോദിച്ചു. ‘നാല് രൂപ’ അവര്‍ മറുപടി പറഞ്ഞു.

നാല് രൂപ അല്‍ഡസ് ഹക്‌സിയുടെ ‘ബ്രേവ് ന്യൂ വേള്‍ഡ്’ എന്ന നോവലിന്റെ ഒരു കോപ്പിയുടെ വില… !

അതാണ് ദാരിദ്ര്യം..

ബസ്‌തറില്‍ തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്നു ജയില്‍ അധികൃതര്‍ ചോദിച്ചു.

ചപ്പാത്തിയും മീന്‍ കറിയുമെന്നായിരുന്നു മരിയയുടെ മറുപടി.

ജയില്‍ അധികൃതര്‍ കൊടുത്ത ചപ്പാത്തിയും മീന്‍ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി മരിയ തിരിച്ചു കൊടുത്തു.

എന്റെ മകന്‍ ജയിലിനു പുറത്തുണ്ട്. ഇതവന് കൊടുക്കണം. എത്രയും സ്വാദുള്ള ഭക്ഷണം അവന്‍ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല.

അതാണ് ദാരിദ്ര്യം….

കുഞ്ഞുങ്ങള്‍ ഭക്ഷണ കുറവ് മൂലം മരിച്ചു പോകുന്നതാണ് ദാരിദ്ര്യം.

നിങ്ങളുടെ ഭാര്യയും അമ്മയും ജീവിതഭാരം മൂലം പൊടുന്നനെ വാര്‍ദ്ധക്യത്തിന്റെ പിടിയില്‍ അകപ്പെടുന്നതാണ് ദാരിദ്ര്യം.

അഹങ്കാരിയായ ഉദ്യോഗസ്ഥനെതിനെ നിരായുധനായി നില്‍ക്കെണ്ടി വരുന്നതാണ് ദാരിദ്ര്യം.

നീതിയുടെ വാതിലിനു മുന്നില്‍ മണിക്കൂറോളം നില്‍ക്കേണ്ടി വന്ന ശേഷം പ്രവേശനം ലഭിക്കാതെ പോകുന്നതാണ്
ദാരിദ്രം.

ദാരിദ്ര്യം എന്നത് പട്ടിണിയും നിരാശയും ദുഃഖവുമാണ്.

അതില്‍ സുന്ദരമായി ഒന്നുമില്ല…

വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയുടെ പല ഉള്‍നാടന്‍ ഗ്രാമങ്ങളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്.

രാജ്യം മുഴുവന്‍ പ്രതിമ രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ മറക്കാതെ ഓര്‍മ്മിക്കേണ്ടതും, ഉച്ചത്തില്‍ ചോദിക്കേണ്ടതുമായ ചോദ്യമുണ്ട്-

ജനങ്ങള്‍ക്ക് എന്തെങ്കിലും കഴിക്കാനുണ്ടോ എന്ന്?

ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ കണക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരിക്കുന്നു.

വാഷിങ്‌ടൺ കേന്ദ്രമാക്കിയുള്ള ഇന്റർനാഷണൽ ഫുഡ്‌ പോളിസി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ (IFPRAI) തയ്യാറാക്കിയ ആഗോള വിശപ്പുസൂചിക(Global Hunger Index-GHI)യിൽ ഇന്ത്യ 119 വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ 100-ാം സ്ഥാനത്താണ്‌.

ലോകസമ്പദ്‌വ്യവസ്ഥകളിൽ മികച്ചൊരു സ്ഥാനം അവകാശപ്പെടുമ്പോഴും വിശപ്പിന്റെ പിടിയിലമരുന്ന ഇന്ത്യയെ ‘സീരിയസ്‌’ വിഭാഗത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

അഭയാർഥിപ്രശ്നങ്ങളും വംശീയ കലാപങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും നേരിടുന്ന മ്യാൻമാറിനും (77-ാം സ്ഥാനം),

ബംഗ്ളാദേശിനും (88-ാം സ്ഥാനം),

ഇറാക്കിനും (78),

ഉത്തരകൊറിയയ്ക്കും (93),

ശ്രീലങ്കയ്ക്കും (84) പിന്നിലാണ്‌ ഇന്ത്യ.

മാത്രമല്ല, തെക്കൻ ഏഷ്യയുടെ വളരെ മോശം പ്രകടനത്തിനുള്ള പ്രധാനകാരണം ഇന്ത്യയുടെ സ്കോറാണെന്നുകൂടി റിപ്പോർട്ട്‌ പരാമർശിക്കുമ്പോൾ ഇന്ത്യയിലെ ദാരിദ്ര്യം ഉപഭൂഖണ്ഡത്തിനുകൂടി ബാധ്യതയാണെന്ന്‌ മനസ്സിലാകും.

2016-ലെ കണക്കനുസരിച്ച്‌ ലോകത്താകെ ഭാരക്കുറവുള്ള 192 ദശലക്ഷം കുട്ടികളുണ്ടെന്നാണ്‌ കണക്ക്‌. ഇതിൽ 97 ദശലക്ഷം കുട്ടികൾ ഇന്ത്യയിലാണ്‌.

ശിശുമരണനിരക്ക്‌ 2016-ൽ 1000-ന്‌ 34 ആയി കുറഞ്ഞെന്ന്‌ സർക്കാർ അവകാശപ്പെടുമ്പോഴും 2005-നുശേഷം കേവലം ഒരു ദശകത്തിനുള്ളിൽ അഞ്ചുവയസ്സിൽതാഴെയുള്ള ഒരു ദശലക്ഷം കുട്ടികൾ ഇന്ത്യയിൽ മരിച്ചെന്ന്‌ ‘ലാൻസെറ്റ്‌’ ശാസ്ത്രവാരിക റിപ്പോർട്ടുചെയ്യുന്നു.

എഫ്‌.എ.ഒ.യുടെ റിപ്പോർട്ടുപ്രകാരം (The State of Food Security and Nutrition in the World-2017) 2007-ൽ 190.7 ദശലക്ഷം ആളുകളാണ്‌ ഇന്ത്യയിൽ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്നത്‌.

15-നും 49-നും ഇടയിൽ പ്രായമുള്ള 51.4 ശതമാനം സ്ത്രീകളും വിളർച്ചയുടെ പിടിയിലാണ്‌.

അഞ്ചുവയസ്സിൽതാഴെയുള്ള 38.4 ശതമാനം കുട്ടികൾ ഉയരക്കുറവുള്ളവരും 21 ശതമാനം ഭാരക്കുറവ്‌ ഉള്ളവരുമാണെന്ന്‌ റിപ്പോർട്ട്‌ പ്രസ്താവിക്കുന്നു.

കുട്ടികളിലെ ഈ പോഷകാഹാരക്കുറവ്‌ മരണത്തിനുവരെ കാരണമായേക്കാവുന്ന മലേറിയ, ഡയറിയ, ന്യുമോണിയ തുടങ്ങിയ ഭീഷണികൾക്കും ഇടയാക്കുന്നു.

ഞെട്ടിക്കുന്ന ഒരുവസ്തുത, പോഷകാഹാരക്കുറവ്‌ സൃഷ്ടിക്കുന്ന അസുഖങ്ങളാൽ 3000 കുട്ടികൾവീതം പ്രതിദിനം ഇന്ത്യയിൽ മരിക്കുന്നുവെന്നതാണ്‌…. !

2017-ലെ ഓക്സ്‌ഫെഡ്‌ സർവേപ്രകാരം ഇന്ത്യയിലെ 217 ദശലക്ഷം കുട്ടികളിൽ 50 ശതമാനംപേർ ബഹുമുഖദാരിദ്ര്യത്തിന്റെ പിടിയിലാണിന്ന്‌.

ബഹുമുഖ ദാരിദ്ര്യമെന്നാൽ ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ തലങ്ങളിലായി തരംതിരിച്ചിരിക്കുന്ന 10 സൂചകങ്ങളിൽ മൂന്നിലൊരു ഭാഗത്തിന്റെ ദൗർലഭ്യം നേരിടുന്നവർ എന്ന്‌ നിർവചിക്കപ്പെട്ടിരിക്കുന്നു.

ലോകത്തിലെ ആകെയുള്ള ബഹുമുഖ ദരിദ്രക്കുട്ടികളിൽ 31 ശതമാനംപേർ ഇന്ത്യയിലാണെന്ന്‌ (Oxford Poverty and Human Development Initiative-OP HDI) കണക്കാക്കപ്പെട്ടിരിക്കുന്നു.

ഏഷ്യൻ വികസന ബാങ്കിന്റെ (ADB) കണക്കനുസരിച്ച്‌ ഇന്ത്യയിൽ 21.9 ശതമാനംപേർ ദാരിദ്ര്യരേഖയ്ക്ക്‌ താഴെ കഴിയുന്നവരാണ്‌.

തൊട്ടയൽരാജ്യങ്ങളായ ഭൂട്ടാൻ (12%), ശ്രീലങ്ക (6.7%), മാലിദ്വീപ്‌ (15%) എന്നിവരെക്കാൾ ദാരിദ്ര്യനിർമാർജനത്തിൽ നാമേറെ പിന്നിലാണെന്ന്‌ ഈ കണക്കുകളിൽനിന്ന്‌ വ്യക്തം.

ഇന്ത്യയിൽ സംഭവിക്കുന്നത്‌ വൈരുധ്യങ്ങളാണ്‌…

ലോകത്തെ ഭക്ഷ്യ ഉത്‌പാദനത്തിൽ രണ്ടാംസ്ഥാനമുണ്ട്‌ ഇന്ത്യക്ക്‌.

അതേസമയം, ലോകത്തിലെ പോഷകാഹാരമില്ലാത്ത ജനസംഖ്യയിൽ രണ്ടാംസ്ഥാനവും ഇന്ത്യക്കാണ്‌.

രാജ്യത്ത്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ ശേഷിയില്ലാത്തവർ ദശലക്ഷക്കണക്കിന്‌ ഇവിടുണ്ട്‌ എന്നാണിത്‌ സൂചിപ്പിക്കുന്നത്‌.

ഇതിന്റെ അടിസ്ഥാനകാരണം മറ്റൊന്നുമല്ല, ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ പകുതിയിലേറെയും കൈയടക്കി അനുഭവിക്കുന്നത്‌ ജനസംഖ്യയിലെ സമ്പന്നരായ ഒരു ശതമാനംപേരാണ്‌ എന്നതുതന്നെ…

അതിനാൽ തന്നെ ഞങ്ങൾ സമ്പന്നരാണ് ഞങ്ങൾക്ക് സഹായം വേണ്ടാ എന്ന് പറയുന്നത് ആർക്കുവേണ്ടിയാണെന്ന് എഴുതാതെതന്നെ നിങ്ങൾക്ക് വായിക്കാൻ കഴിയും…

നിങ്ങൾ പറയുന്ന സമ്പന്നത തൊണ്ണൂറ്റി അഞ്ചു ശതമാനം ഇന്ത്യക്കാരനും അന്യമായ സമ്പന്നതയാണ്…

നിഷേധിക്കാനാവാത്ത പച്ചയായ യാഥാർഥ്യവും….