സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്‍; ആസൂത്രണമില്ലായ്മ സൃഷ്ടിച്ച മഹാദുരന്തമെന്ന് ചരിത്രം വിധിയെഴുതും

തിരുവനന്തപുരം: കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ബാക്കിപത്രമാണ് പ്രളയമെന്ന് വി.ഡി സതീശന്‍. വേലിയേറ്റ സമയത്താണ് ഡാമുകള്‍ തുറന്നുവിട്ടത്. ഡാം മാനേജ്‌മെന്റിന്റെ എബിസിഡി അറിയാത്തവരെ ഉത്തരവാദിത്തം ഏല്‍പ്പിച്ചുവെന്ന് വി.ഡി സതീശന്‍  പറഞ്ഞു. ആസൂത്രണമില്ലായ്മ സൃഷ്ടിച്ച മഹാദുരന്തമെന്ന് ചരിത്രം വിധിയെഴുതും.  ആദ്യദിവസം രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സംവിധാനം അനങ്ങിയില്ല. വെള്ളമിറങ്ങിയ ശേഷമാണ് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. സേനാവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.ഡാം തുറന്നതല്ല പ്രളയത്തിന് കാരണം എന്ന നിലപാട് മുല്ലപ്പെരിയാര്‍ കേസില്‍ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

”ഡാം മാനേജ്‌മെന്റ് പരാജയമാണ്. മഴ പെയ്യുമ്പോള്‍ എല്ലാ ഡാമുകളും ഒരുമിച്ചു തുറന്നുവിട്ട് പ്രളയം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? വേലിയേറ്റ സമയത്ത് അണക്കെട്ടു തുറന്നു. വേലിയേറ്റ സമയത്താണ് പുറത്തുവിട്ട വെള്ളം കടലിലെത്തിയത്. വേലിയിറക്ക സമയത്ത് വെള്ളം തുറന്നുവിടണമെന്ന പ്രാഥമിക പാഠം പോലും മറന്നു. ഡാമില്‍നിന്ന് നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാമായിരുന്നു.” വി.ഡി സതീശന്‍ പറഞ്ഞു.

”ഇതു മനുഷ്യനിര്‍മിത ദുരന്തമാണ്. പ്രകൃതി ദുരന്തമല്ല, കുറ്റകരമായ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ദുരന്തമാണ് ഇത്. നവകേരള നിര്‍മിതിക്കു പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ഒരുമിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കേണ്ടെ”ന്ന് വി.ഡി സതീശന്‍ പറഞ്ഞു.

ഒരു ശതമാനം ദുരിതബാധിതര്‍ക്ക് പോലും ഭക്ഷ്യകിറ്റുകള്‍ കിട്ടിയില്ല. 10,000 രൂപ ധനസഹായം എല്ലാവര്‍ക്കും കിട്ടുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. എംഎം മണിയുടെ പരിഹാസ ചേഷ്ടയെയും വി.ഡി സതീശന്‍ വിമര്‍ശിച്ചു.

അതേസമയം, പ്രളയമുണ്ടാക്കിയ നഷ്ടം കേളത്തിന്റെ വാർഷിക പദ്ധതി തുകയേക്കാൾ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയില്‍ പറഞ്ഞു. കാലവർഷം നേരിടാനുള്ള നടപടികൾ മേയ് മാസംതന്നെ തുടങ്ങിയിരുന്നു. എന്നാൽ പ്രവചിച്ചതിലും മൂന്നിരട്ടിയിലധികം മഴ പെയ്തതാണു പ്രളയമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മഴയിലും പ്രളയത്തിലും ഇതുവരെ മരിച്ചത് 483 പേർ. 14 പേരെ കാണാതായി; 140 പേർ ചികിത്സയിലുണ്ട്. 59,296 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നു. 57,000 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും പൊതുജനങ്ങൾക്കൊപ്പം അണിനിരക്കുന്നുണ്ട്.പകർച്ചവ്യാധികൾ തടയാൻ ആരോഗ്യമേഖലയിലുള്ളവരും രംഗത്തുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു