പ്രളയം കൂടുതല്‍ ബാധിച്ച മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്ക് അവസരം നല്‍കാതെ സിപിഐഎം

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ എംഎല്‍എമാര്‍ക്ക് അവസരം നല്‍കാതെ സിപിഐഎം. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനെയും റാന്നി എംഎല്‍എ രാജു എബ്രഹാമിനെയുമാണ് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത്. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചവരായിരുന്നു ഇരുവരും.

അതേസമയം സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം തുടരുകയാണ്. അന്തരിച്ച മുന്‍പ്രധാനമന്ത്രി എബി വാജ്പേയ്, ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, മുന്‍തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി, മുന്‍മന്ത്രി ചെർക്കളം അബ്ദുള്ള, ടി കെ അറമുഖം എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടായിരുന്നു  പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചത്.

സേനാവിഭാഗങ്ങളേയും മത്സ്യത്തൊഴിലാളികളേയും പൊതുജനങ്ങളേയും അണിനിരത്തിയുള്ള ജനകീയരക്ഷാപ്രവര്‍ത്തനമാണ് പ്രളയത്തിനിടെ ഉണ്ടായതെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുജന പങ്കാളിത്തതോടെയുള്ള ഈ രക്ഷാപ്രവര്‍ത്തനം മൂലമാണ് മരണസംഖ്യ കാര്യമായി കുറഞ്ഞതെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു ബിഗ്സല്യൂട്ട് നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയദുരന്തം ഭയാനകമായിരുന്നുവെന്നും വെള്ളപൊക്കത്തിലും ഉരുൾപൊട്ടലിലും മരിച്ചവർക്കും സന്നദ്ധ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായവർക്കും ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും സ്പീക്കര്‍ പി,ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ കേരളത്തിന്‍റെ സൈന്യമാണ്. ദുരന്തപ്രതിരോധത്തിലും കേരളം ലോകത്തെ വിസ്മയിപ്പിച്ച മാതൃക സൃഷ്ടിച്ചെന്നും കേരളത്തിന്‍റെ കുറവുകൾ പരിഹരിക്കാനുള്ള പാഠമായി ദുരന്തത്തെ കാണണമെന്നും അദ്ദേഹം പറഞ്ഞു.